“എനിക്ക് ടിക്കറ്റ് വേണ്ട” (ലേഖനം)

‘നമ്മുടെ ജീവിതം ഇന്ന് കൂടുതൽ സമയവും വിനിയോഗിക്കുന്നത് മറ്റുള്ളവരെ പ്രീതിപ്പെടുത്തനാണ്. അവിടെ തുടങ്ങുന്നു പരാജയം. ആരിലുമല്ല, നിന്നിൽ സ്വയം വിശ്വാസമർപ്പിക്കുക. അതാണ് നിന്റെ ജീവിതം സുഖകരമാക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാർഗ്ഗം.

ഒരു കഥയുണ്ട്‌.. അതിങ്ങനെ..

ഒരു ബസ്സ് കണ്ടക്ടര്‍ ടിക്കറ്റ് കൊടുക്കുകയാണ്. അദ്ദേഹം പിന്‍സീറ്റിലിരിക്കുന്ന തടിയന്റെ സമീപം ചെന്നു. യാത്ര എങ്ങോട്ടെന്നു തിരക്കി?

ഗൗരവത്തില്‍ അയാള്‍ പറ‍ഞ്ഞു “എനിക്ക് ടിക്കറ്റ് വേണ്ട…”

കണ്ടക്റ്റര്‍ തിരിച്ചു പോയി. കാര്യമെന്തെന്ന് ചോദിക്കാന്‍ ഉള്ളിലൊരു ഭയം. അയാൾ എന്ത് വിചാരിക്കും. ആ ആജാനുവാഹുവായ മനുഷ്യൻ കൈവീശി ഒന്നു തന്നാല്‍ എന്റെ പണി കഴിഞ്ഞതു തന്നെ. അയാള്‍ക്ക് ടിക്കറ്റ് കൊടുക്കാതെ തന്റെ ജാള്യതയും ഒളിപ്പിച്ച് കണ്ടക്ടര്‍ മറ്റ് യാത്രികര്‍ക്ക് ടിക്കറ്റ് കൊടുക്കാന്‍ തുടങ്ങി….!

പിറ്റേ ദിവസവും ആ മനുഷ്യൻ അതേ ബസ്സില്‍ കയറി. കണ്ടക്ടര്‍ അടുത്തു അടുത്തു വന്നപ്പോഴേയ്ക്കും അയാള്‍ പറഞ്ഞു, “എനിക്ക് ടിക്കറ്റ് വേണ്ട…”

പലദിവസവും ഇത് ആവര്‍ത്തിക്കപ്പെട്ടു. ദിവസങ്ങള്‍ ചെന്നപ്പോള്‍ കണ്ടക്ടറുടെ ഭയം കോപമായി മാറി. ആ തടിയനെ ഒരു പാഠ‍ം പഠിപ്പിക്കണം… അയാളെ നേരിടാനായി കണ്ടക്ടര്‍ മനകരുത്ത് വളര്‍ത്തി , ശരീരശക്തിയും വർദ്ധിപ്പിച്ചു.

അങ്ങനെ മാനസികവും ശാരീരികവുമായി ഏതാണ്ട് ഒരുങ്ങി കഴിഞ്ഞപ്പോള്‍ കണ്ടക്ടര്‍ തടിയനെ നേരിടാന്‍ ഉറച്ചു.

അന്നും ആ മനുഷ്യൻ വണ്ടിയില്‍ കയറി.

കണ്ടക്ടര്‍ അയാളുടെ സമീപം ചെന്നു. “എനിക്ക് ടിക്കറ്റ് വേണ്ട” അയാളുടെ ശൗര്യമുള്ള ശബ്ദം.

“എന്തു കൊണ്ട് വേണ്ട…?” കണ്ടക്ടര്‍ സഗൗരവം ചോദിച്ചു….?

“എന്റെ കൈയില്‍ ബസ് പാസുണ്ട്…” ആ മനുഷ്യൻ പറഞ്ഞു.

“എന്തുകൊണ്ട് ഇക്കാര്യം ഇന്നലെയൊന്നും പറഞ്ഞില്ല….” കണ്ടക്ടർ ചോദിച്ചു.

താങ്കൾ “ഇന്നലവരെ ഒന്നും എന്നോട്‌ ചോദിച്ചില്ല.”

ഇല്ലാത്ത ശത്രുവിനെ ഭയന്ന്, അതിനെ നേരിടാന്‍ പോരടിക്കാന്‍ മനഃശക്തി ചോര്‍ത്തുന്നവരാണ് നമ്മില്‍ പലരും. കാര്യമറിഞ്ഞിട്ട് വാളൂരിയാല്‍ പോരേ…

പലപ്പോഴും നമ്മുടെ യുദ്ധം ഇത്‌ പോലുള്ള നിഴലുകളോടാണ്. ശരിയായ ഒരു ശത്രു ഇല്ലെങ്കിൽ പോലും മനസ്സിൽ അങ്ങനെ ഒന്ന് ഉണ്ടാക്കി ആ ശത്രുവിന്‌ എതിരെ നമ്മുടെ മനസ്സുകളെ തന്നെ കലാപ ഭൂമിയാക്കുകയാണ്‌ നമ്മിൽ പലരും ചെയ്യുന്നത്. നാം എന്തിനാണ്‌ നിഴലുകളോട്‌ യുദ്ധം ചെയ്യുന്നത്‌….?

ഇതുപോലെ തന്നെ ഇന്ന് നമ്മുടെ സമൂഹത്തിൽ മറ്റ് ചിലരുണ്ട്. മനസിന് ശക്തിയില്ലാത്തവർ. അവർ എപ്പോഴും എല്ലാത്തിനോടും പ്രതികരിച്ചുകൊണ്ടിരിക്കും. രണ്ട് വാക്ക് തിരിച്ചു പറഞ്ഞില്ലെങ്കിൽ അവർക്ക് സ്വസ്ഥതയില്ല. കാണുന്നതിനോടും കേൾക്കുന്നതിനോടും എപ്പോഴും പ്രതികരിച്ചുകൊണ്ടിരുന്നാൽ നമ്മുടെയും മറ്റുള്ളവരുടെയും ജീവിതം ദുരിതപൂർണമാകും.

പല കുടുംബങ്ങളും സമൂഹങ്ങളും നരകതുല്യമായിത്തീരുന്നത് ഇത്തരം സ്വഭാവമുള്ള വ്യക്തികൾ ഉള്ളതുകൊണ്ടാണ്. എത്ര നന്നാക്കിയാലും പിന്നെയും ആളുകളിൽ കുറവുണ്ടാകും. എത്ര ശരിയാക്കിയാലും പിന്നെയും സമൂഹത്തിൽ ശരികേടുകളുണ്ടാകും.

അതിനാൽ ക്ഷമാപൂർവം പലതിനെയും സ്വീകരിക്കാൻ നാം പഠിക്കേണ്ടതുണ്ട്.

എല്ലാം ശരിയാക്കാനും എല്ലാവരെയും മര്യാദ പഠിപ്പിക്കാനും പോകുമ്പോൾ ഓർക്കുക നാം നമ്മുടെ ജീവിതം തന്നെയാണ് നശിപ്പിച്ചുകൊണ്ടിരിക്കുന്നത്.

നന്ദി

മിന്റാ സോണി (കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റ് & ട്രെയിനർ), മൊബൈൽ നമ്പർ 9188446305.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News