നിഷ രാമചന്ദ്രനെ സി എ പി എ സിയുടെ എക്‌സിക്യൂട്ടിവ് ഡയറക്ടറായി നിയമിച്ചു

വാഷിംഗ്ടണ്‍: കണ്‍ഗ്രഷനല്‍ ഏഷ്യന്‍ പസഫിക്ക് അമേരിക്കന്‍ കോക്കസ് എക്‌സിക്യൂട്ടിവ് ഡയറക്ടറായി ഇന്ത്യന്‍ അമേരിക്കന്‍ വംശജ നിഷാ രാമചന്ദ്രനെ നിയമിച്ചു. ജൂലൈ 21 നാണ് ഇതു സംബന്ധിച്ചു പ്രഖ്യാപനം ഉണ്ടായത്. ഈ പോസ്റ്റിലേക്ക് നിയമിക്കപ്പെടുന്ന ആദ്യ വനിതാ സൗത്ത് ഏഷ്യന്‍ അമേരിക്കനാണ് നിഷാ രാമചന്ദ്രന്‍.

1994 മേയ് 16ന് മുന്‍ യുഎസ് കോണ്‍ഗ്രസ്മാന്‍ നോര്‍മന്‍ മിനിറ്റ സ്ഥാപിച്ചതാണ്, യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഈ കോക്കസ്. പാര്‍ട്ടിക്കതീതമായി സ്ഥാപിക്കപ്പെട്ടതാണെങ്കിലും ഇതിലെ അംഗങ്ങള്‍ എല്ലാവരും ഡമോക്രാറ്റിക് പാര്‍ട്ടിയില്‍പെട്ടവരാണ്. മുന്‍ കാലങ്ങളില്‍ ചുരുക്കം റിപ്പബ്ലിക്കന്‍ അംഗങ്ങളും ഇതില്‍ ഉള്‍പ്പെട്ടിരുന്നു.

ഈസ്റ്റ് ഏഷ്യന്‍, സൗത്ത് ഈസ്റ്റ് ഏഷ്യന്‍, കോണ്‍ഗ്രസ് അംഗങ്ങളാണ് ഈ കോക്കസിലുള്ളത്. ഏഷ്യന്‍ അമേരിക്കന്‍ ചരിത്രം, അവരുടെ സംഭാവനകള്‍ തുടങ്ങിയവയെക്കുറിച്ചു ബോധവല്‍ക്കരണം നടത്തുക എന്നതാണ് പ്രധാന ലക്ഷ്യം. അതിനാവശ്യമായ നിയമനിര്‍മാണം നടത്തുക എന്നതും ഇവരുടെ ലക്ഷ്യമാണ്.

നാഷനല്‍ കൗണ്‍സില്‍ ഓഫ് ഏഷ്യന്‍ ഫസഫിക്ക് അമേരിക്കന്‍സിലുള്ള മൂന്നു വര്‍ഷ പ്രവര്‍ത്തനപരിചയവും, നിരവധി ഏഷ്യന്‍ അമേരിക്കന്‍ ഗ്രൂപ്പികളുമായുള്ള അടുത്ത ബന്ധവും നിഷയെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുന്നതിനു കാരണമായി. ദേശീസ് ഓഫ് പ്രോഗ്രസ് കൊ ഫൗണ്ടര്‍ ഡയറക്ടര്‍ കൂടിയാണ് നിഷ. ജോര്‍ജ് വാഷിങ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പബ്ലിക് പോളിസിയില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. നിഷയുടെ നിയമനത്തെ ഏഷ്യന്‍ അമേരിക്കന്‍ സമൂഹം സ്വാഗതം ചെയ്തു.

 

Print Friendly, PDF & Email

Leave a Comment