മുൻ യുഎസ് വാണിജ്യ സെക്രട്ടറി റോസ് തുടങ്ങിയവർക്കെതിരെ ചൈന ഉപരോധം ഏർപ്പെടുത്തി

വാഷിംഗ്ടണ്‍: ഹോങ്കോങ്ങിലെ ചൈനീസ് ഉദ്യോഗസ്ഥർക്ക് സമീപകാലത്ത് അമേരിക്ക ഏർപ്പെടുത്തിയ ഉപരോധത്തെത്തുടർന്ന് യുഎസ് ആസ്ഥാനമായുള്ള സ്ഥാപനങ്ങളെയും മുൻ വാണിജ്യ സെക്രട്ടറി വിൽബർ റോസ് ഉൾപ്പെടെയുള്ള വ്യക്തികള്‍ക്കെതിരെയും ചൈന പ്രതികാര ഉപരോധം ഏർപ്പെടുത്തി.

ലോകത്തെ മുൻനിര സാമ്പത്തിക ഭീമന്മാർ തമ്മിലുള്ള സംഘർഷങ്ങൾ രൂക്ഷമായിരിക്കെ യുഎസ് ഡെപ്യൂട്ടി സെക്രട്ടറി വെൻ‌ഡി ഷെർമാന്റെ ചൈന സന്ദർശനത്തിന് തൊട്ടുമുൻപാണ് വാഷിംഗ്ടണിനെതിരായ ബീജിംഗ് ശിക്ഷാനടപടി സ്വീകരിച്ചത്.

ഹോങ്കോങ്ങിന് ‘കെട്ടിച്ചമച്ച’ ബിസിനസ് ഉപദേശം നല്‍കിയതും, ഹോങ്കോങ്ങിന്റെ വാണിജ്യ അന്തരീക്ഷത്തെ അടിസ്ഥാനരഹിതമായി ചൂഷണം ചെയ്തതും, ഹോങ്കോങ്ങിൽ ചൈനീസ് ഉദ്യോഗസ്ഥർക്ക് നിയമവിരുദ്ധമായി ഉപരോധം ഏര്‍പ്പെടുത്തിയതുമാണ് ‘പകരത്തിനു പകരമായി’ ചൈന ഈ ഉപരോധം ഏര്‍പ്പെടുത്തിയതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു.

“അമേരിക്കയുടെ നടപടി അന്താരാഷ്ട്ര നിയമത്തെയും അന്താരാഷ്ട്ര ബന്ധങ്ങളുടെ അടിസ്ഥാന തത്വങ്ങളെയും ഗുരുതരമായി ലംഘിച്ചു, ചൈനയുടെ ആഭ്യന്തര കാര്യങ്ങളിൽ ഗുരുതരമായി ഇടപെട്ടു,” മന്ത്രാലയം വെള്ളിയാഴ്ച പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

റോസിനു പുറമേ യുഎസ്-ചൈന സാമ്പത്തിക, സുരക്ഷാ അവലോകന കമ്മീഷൻ ചെയർമാൻ കരോലിൻ ബാർത്തലോമിവ്, മുൻ കോൺഗ്രസ്-എക്സിക്യൂട്ടീവ് കമ്മീഷൻ ഓൺ ചൈന സ്റ്റാഫ് ഡയറക്ടർ ജോനഥൻ സ്റ്റിവേഴ്‌സ്, നാഷണൽ ഡെമോക്രാറ്റിക് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഡോയൂൺ കിം, ഇന്റർനാഷണൽ റിപ്പബ്ലിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് അസോസിയേറ്റ് ഡയറക്ടർ ആദം കിംഗ്, ഹ്യൂമൻ റൈറ്റ്സ് വാച്ച് ചൈന ഡയറക്ടർ സോഫി റിച്ചാർഡ്സൺ, ഹോങ്കോംഗ് ഡെമോക്രസി കൗൺസിൽ എന്നിവരും ഉള്‍പ്പെടുന്നു.

“ഹോങ്കോംഗ് കാര്യങ്ങൾ ചൈനയുടെ ആഭ്യന്തര കാര്യങ്ങളാണ്. ഹോങ്കോംഗ് കാര്യങ്ങളിൽ ഇടപെടാൻ ബാഹ്യശക്തികൾ നടത്തുന്ന ഏതൊരു ശ്രമവും നിയമവിരുദ്ധമാണ്,” പ്രസ്താവനയില്‍ ഊന്നിപ്പറഞ്ഞു.

പ്രതികാര നടപടിയോട് പ്രതികരികരിച്ച വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകി വെള്ളിയാഴ്ച നടത്തിയ പതിവ് പത്രസമ്മേളനത്തിൽ ചൈനീസ് ഉപരോധത്തിൽ വാഷിംഗ്ടണിന് എതിര്‍പ്പുകളൊന്നുമില്ലെന്ന് വാദിച്ചു. കഴിഞ്ഞയാഴ്ച വാഷിംഗ്ടൺ ഹോങ്കോങ്ങിന് ബിസിനസ്സ് ഉപദേശം നല്‍കുകയും കൂടുതൽ ചൈനക്കാർക്ക് ഉപരോധം ഏർപ്പെടുത്തുകയും ചെയ്തതിന് ശേഷമാണ് ചൈനയുടെ ഈ നടപടി. മുൻ ബ്രിട്ടീഷ് കോളനിയിലെ ജനാധിപത്യത്തിനെതിരായ ബീജിംഗിന്റെ അടിച്ചമർത്തലാണിതെന്ന് ജെന്‍ സാകി പറഞ്ഞു.

Print Friendly, PDF & Email

Leave a Comment