കർഷകരുടെ മരണത്തെക്കുറിച്ച് സർക്കാരിന്റെ കൈയില്‍ വിവരങ്ങളില്ല; അതൊരു പ്രശ്നമായി എടുത്തിട്ടില്ലെന്ന് കേന്ദ്രം

ജലന്ധര്‍ | കര്‍ഷക സമരത്തിനിടെ മരണപ്പെട്ട കർഷകരുടെ എണ്ണം കേന്ദ്രത്തിന്റെ കൈയിലില്ലെന്ന് കൃഷി മന്ത്രി നരേന്ദ്ര തോമർ വ്യക്തമാക്കിയതിനെ തുടർന്ന് കൃത്യമായ കണക്കുകള്‍ പുറത്തുവിട്ട് പഞ്ചാബ് സർക്കാർ. ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്ന സമരത്തില്‍ 220 കർഷകരും കാർഷിക തൊഴിലാളികളും മരണപ്പെട്ടതായും 10.86 കോടി രൂപ അവരുടെ കുടുംബങ്ങൾക്ക് നൽകിയതായും പഞ്ചാബ് സർക്കാർ അറിയിച്ചു.

സർക്കാർ രേഖകൾ പ്രകാരം ജൂലൈ 20 വരെ 203 പേർ മാൽവയിൽ നിന്നും 11 പേർ മജ്‌ഹയിൽ നിന്നും ആറ് പേർ ദവോബയിൽ നിന്നുമാണ്. ഈ കാലയളവിൽ 400 കർഷകർ മരിച്ചതായി സം‌യുക്ത കിസാൻ മോർച്ച പറഞ്ഞു. എന്നാൽ കൂടുതൽ വിവരങ്ങൾ സൂക്ഷ്മപരിശോധനയിലാണെന്ന് പഞ്ചാബ് സർക്കാർ അറിയിച്ചു.

സംഘ്രൂര്‍ ജില്ലയിലാണണ് കൂടുതല്‍ മരണങ്ങള്‍. ഇവിടെ 43 മരണങ്ങള്‍ സംഭവിക്കുകയും കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപാ വീതം ആകെ 2.13 കോടി രൂപ നല്കിയതായും സര്‍ക്കാര്‍ രേഖകളില്‍ പറയുന്നു. രണ്ട് ഡസനിലേറെ മരണങ്ങളെക്കുറിച്ച്‌ വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. മരിച്ച കര്‍ഷകരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്കുമെന്നും അതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞുവെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് വ്യക്തമാക്കിയിരുന്നു.

മിക്ക മരണങ്ങളും 18 നും 85 നും ഇടയിൽ പ്രായമുള്ളവരാണ്. എന്നാൽ, കൂടുതല്‍ മരണങ്ങളും 40 നും 60 നും ഇടയിൽ പ്രായമുള്ളവരാണ്. കർഷകരുടെ സംഘടനകളും ഇതുവരെ 500 ൽ അധികം ആളുകൾ മരിച്ചുവെന്നും അതിൽ 85 ശതമാനവും പഞ്ചാബിൽ നിന്നുള്ളവരാണെന്നും അഭിപ്രായപ്പെട്ടു. പഞ്ചാബിലെ പ്രാദേശിക കലാപത്തിൽ കൊല്ലപ്പെട്ടവരും പട്ടികയിൽ ഉൾപ്പെടുന്നു. പഞ്ചാബ് സർക്കാർ മാത്രമാണ് ഇത്തരം വിവരങ്ങൾ ശേഖരിച്ചിട്ടുള്ളത്.

Print Friendly, PDF & Email

Leave a Comment