കേരളത്തിലെ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളെ മുഖ്യമന്ത്രിക്ക് പരീക്ഷണ വസ്തുക്കളുടെ വില മാത്രമാണ്: ജുഹൈന ആഖിൽ

കേരളത്തിലുടനീളം എഞ്ചിനീയറിംഗ് കോളേജുകൾ കോവിഡ് വ്യാപന കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കെ ഇവയൊന്നും കണ്ടില്ലെന്നു നടിച്ച് “ഇവിടെയെല്ലാം വിജയകരമാണെന്നു” വീമ്പു പറയുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തികച്ചും അപഹാസ്യമാണ്.

ഈ മഹാമാരികാലത്തും “സങ്കുചിത രാഷ്ട്രീയതാല്പര്യങ്ങൾ” മാത്രം മുൻനിർത്തി നാടിനെ തകർക്കുന്ന പ്രവൃത്തികൾ ചെയ്തുകൂട്ടുന്നത് ഏത് സർക്കാറും സംഘടനയുമാണെന്നു വളരെ വ്യക്തമായി ബോധ്യമുള്ളവരാണ് കേരളത്തിലെ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ.

കോളേജുകളിലെയും ഹോസ്റ്റലുകളിലെയും കോവിഡ് വ്യാപനത്തിൽ സ്വാഭാവിക പ്രതിഷേധമുയർത്തിയ വിദ്യാർഥികൾക്കു നേരെയുണ്ടായ കേരളാ പോലീസിന്റെ നരനായാട്ടിനു നേരെ കണ്ണടച്ച്പിടിക്കുകയും തിരുവനന്തപുരം സി.ഇ.ടി.യിലെ ഒറ്റപ്പെട്ട സംഭവത്തെക്കുറിച്ച് മാത്രം പ്രതികരിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിക്ക് അൻപതോളം കോളേജുകളിലായി മുന്നൂറോളം വിദ്യാർത്ഥികൾ ഇതിനോടകം കോവിഡ് ബാധിതരായതും, വ്യാപനം തടയാൻ ഓൺലൈൻ പരീക്ഷ നടത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ പ്രതിഷേധമുയർത്തിയതും വിദ്യാർത്ഥി സംഘടനകളും ജനപ്രതിനിധികളും നിർദേശിച്ചതും കണ്ടില്ലെന്നു നടിക്കുകയാണോ?

ആറുമണി പ്രസംഗത്തിലും സോഷ്യൽ മീഡിയയിലും ഉത്തരവുകൾ പുറപ്പെടുവിക്കുന്ന മന്ത്രി മുഖ്യന് കോവിഡ് വ്യാപനത്തിന്റെ മൂർദ്ധന്യാവസ്ഥയിലും കേരളത്തിലെ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളെ വെറും പരീക്ഷണ വസ്തുക്കളുടെ വില മാത്രമാണുള്ളതെന്നു കാലം തെളിയിച്ചു കൊണ്ടിരിക്കുന്നു.

(കേരള സാങ്കേതിക സർവ്വകലാശാലയിലെ വിദ്യാർത്ഥികളുടെ കൂട്ടായ്‌മയായ കെ.ടി.യു കൗൺസിൽ ഫ്രറ്റേണിറ്റിയുടെ ഉപാധ്യക്ഷയാണ് ജുഹൈന ആഖില്‍)

Print Friendly, PDF & Email

Leave a Comment