ചേര്‍ത്തലയില്‍ യുവതിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി; സഹോദരീഭര്‍ത്താവിനെ പോലീസ് അറസ്റ്റു ചെയ്തു

ആലപ്പുഴ ജില്ലയിലെ ചേർത്തലയില്‍ യുവതിയെ കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയ സഹോദരീഭര്‍ത്താവിനെ പോലീസ് അറസ്റ്റു ചെയ്തു. കടക്കരപ്പള്ളിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കടക്കരപ്പള്ളി തളിശേരിത്തറ ഉല്ലാസിന്റെയും സുവർണയുടെയും ഇളയമകൾ നഴ്സ് ഹരികൃഷ്ണയാണ് (25) കൊല്ലപ്പെട്ടത്. ഹരികൃഷ്ണയുടെ മൂത്ത സഹോദരി നീതുവിന്റെ ഭർത്താവ് കടക്കരപ്പള്ളി പുത്തൻകാട്ടുങ്കൽ രതീഷിനെയാണ് അറസ്റ്റു ചെയ്തത്. രതീഷ് കുറ്റം സമ്മതിച്ചതായി പോലീസ് പറയുന്നു.

മറ്റൊരു വ്യക്തിയുമായുള്ള ഹരികൃഷ്ണയുടെ അടുപ്പത്തെക്കുറിച്ച് ചോദ്യം ചെയ്തപ്പോഴാണ് തർക്കമുണ്ടായതെന്നും, അതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും രതീഷ് മൊഴി നല്‍കി. വീട്ടിനകത്ത് കട്ടിലിൽ ഇരുന്നപ്പോഴാണ് തർക്കമുണ്ടായത്. മര്‍ദിച്ചപ്പോള്‍ ബോധരഹിതയായ നിലത്ത് തലയടിച്ചു വീണ ഹരികൃഷ്ണയെ, കഴുത്തുഞെരിച്ചും വായ മൂടി ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം മൃതദേഹം അടുത്ത മുറിയിലേക്ക് മാറ്റിയിട്ടു.

കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ രതീഷിനെ ശനിയാഴ്ച രാത്രി 7 മണിയോടെ ചേര്‍ത്തല ചെങ്ങണ്ടയ്ക്കടുത്തുള്ള ബന്ധുവിന്റെ വീട്ടിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ താൽക്കാലിക നഴ്സാണ് ഹരികൃഷ്ണ. വെള്ളിയാഴ്ച വൈകിട്ട് 6.45നു ജോലി കഴിഞ്ഞു ചേർത്തലയിലെത്തിയ ഹരികൃഷ്ണയെ രതീഷ് തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.

പതിവായി എത്തുന്ന സമയം കഴിഞ്ഞിട്ടും കാണാതായതോടെ ഹരികൃഷ്ണയെ വീട്ടുകാർ ഫോണിൽ വിളിച്ചിരുന്നു. വീട്ടിലേക്കുള്ള യാത്രയിലാണെന്ന് ഹരികൃഷ്ണ പറഞ്ഞെങ്കിലും പിന്നീട് ഫോൺ എടുത്തില്ല. വൈകിയെത്തുന്ന ദിവസങ്ങളിൽ ഹരികൃഷ്ണയെ തങ്കിക്കവലയിൽനിന്നു സ്കൂട്ടറിൽ വീട്ടിലെത്തിക്കാറുള്ള രതീഷിനെയും ഫോണിൽ കിട്ടാതായപ്പോൾ വീട്ടുകാർ രതീഷിന്റെ വീട്ടിലെത്തി അന്വേഷിക്കുകയായിരുന്നു.

സംഭവ സമയത്ത് നീതു വീട്ടിൽ ഉണ്ടായിരുന്നില്ല. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ നീതു വെള്ളിയാഴ്ച രാത്രി ഡ്യൂട്ടിയിലായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷം മാത്രമേ മരണവിവരങ്ങള്‍ സ്ഥിരീകരിക്കാൻ കഴിയൂവെന്ന് പോലീസ് പറഞ്ഞു.

Print Friendly, PDF & Email

Leave a Comment