തെലങ്കാനയിലെ പതിമൂന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച രാമപ്പ ക്ഷേത്രം യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍

ഐക്യരാഷ്ട്ര വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക സംഘടന (യുനെസ്കോ) ഞായറാഴ്ച പതിമൂന്നാം നൂറ്റാണ്ടില്‍ തെലങ്കാനയിലെ പാലമ്പേട്ടയില്‍ നിര്‍മ്മിച്ച രാമപ്പ ക്ഷേത്രത്തെ ‘ലോക പൈതൃക പട്ടികയില്‍’ ഉള്‍പ്പെടുത്തി. ലോക പൈതൃക സമിതിയുടെ വെർച്വൽ മീറ്റിംഗിനിടെയാണ് ഈ പ്രഖ്യാപനമുണ്ടായത്.

പ്രഖ്യാപനത്തെ നോർവേ എതിർത്തെങ്കിലും, ക്ഷേത്രത്തെ ലോക പൈതൃക കേന്ദ്രമായി അംഗീകരിക്കാനുള്ള ശ്രമത്തെ റഷ്യ നയിച്ചു. 17 രാജ്യങ്ങളുടെ സമവായം ഈ നീക്കത്തെ പിന്തുണച്ചു.

ലോക പൈതൃക സമിതിയിൽ നിലവിൽ ഓസ്‌ട്രേലിയ, ബഹ്‌റൈൻ, ബോസ്നിയ, ഹെർസഗോവിന, ബ്രസീൽ, ചൈന, ഈജിപ്ത്, എത്യോപ്യ, ഗ്വാട്ടിമാല, ഹംഗറി, കിർഗിസ്ഥാൻ, മാലി, നൈജീരിയ, നോർവേ, ഒമാൻ, റഷ്യൻ ഫെഡറേഷൻ, സെന്റ് കിറ്റ്സ്, നെവിസ്, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, സ്പെയിൻ, തായ്ലൻഡ്, ഉഗാണ്ട എന്നീ രാജ്യങ്ങളാണുള്ളത്.

കേന്ദ്ര സാംസ്കാരിക ടൂറിസം മന്ത്രി ജി കിഷൻ റെഡ്ഡി ഞായറാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. രാമപ്പ ക്ഷേത്രത്തിന് ലോക പൈതൃക പട്ടികയിൽ ഇടം ലഭിച്ചതിൽ അതിയായ ആഹ്ലാദമുണ്ടെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

തെലങ്കാനയിലെ ജനങ്ങൾക്കും രാജ്യത്തെ എല്ലാവർക്കും ആശംസകൾ അറിയിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. മഹത്തായ കാകതീയ സാമ്രാജ്യത്തിന്റെ കരകൗശല വൈദഗ്ധ്യത്തിന്റെയും ശിൽപ്പകലയുടെയും മഹനീയ ഉദാഹരണമാണ് ക്ഷേത്രമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ക്ഷേത്രം ഏവരും കാണേണ്ടത് തന്നെയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

2019ലെ യുനെസ്കോ ലോക പൈതൃക പട്ടികയിലേക്കുള്ള ഇന്ത്യയുടെ ഒരേയൊരു നാമനിർദ്ദേശമായിരുന്നു രാമപ്പ ക്ഷേത്രം. ഭൂകമ്പത്തെ ചെറുക്കുന്ന സാങ്കേതിക വിദ്യയിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത് എന്നാണ് പറയപ്പെടുന്നത്.

രാമപ്പ ക്ഷേത്രം എന്നും അറിയപ്പെടുന്ന രാമലിംഗേശ്വര ക്ഷേത്രത്തിന് മുഖ്യ ശില്പിയായ രാമപ്പയുടെ പേരാണ് നല്‍കിയിരിക്കുന്നത്. ശിൽ‌പിയുടെ പേരിലുള്ള ലോകത്തിലെ ചുരുക്കം ചില ക്ഷേത്രങ്ങളിൽ ഒന്നാണിത്.

തെലങ്കാന ടൂറിസത്തിന്റെ അഭിപ്രായത്തിൽ, “മധ്യകാല ഡെക്കാൻ ക്ഷേത്രം എ ഡി 1213 മുതലുള്ളതാണ്. കാകതിയ ഭരണാധികാരി കാകതി ഗണപതി ദേവയുടെ നേതൃത്വത്തിലാണ് ഇത് നിർമ്മിച്ചത്. അതുക്കുരു പ്രവിശ്യയിലെ റാണകുഡിലുള്ള ചീഫ് കമാൻഡർ രുദ്ര സമനിയുടെ മേല്‍നോട്ടത്തിലാണ്‍ ക്ഷേത്രം നിർമ്മിച്ചത്.”

തെലങ്കാനയിലെ മുളുഗു (പഴയ വാറങ്കൽ) ജില്ലയിലെ വെങ്കടപൂർ മണ്ഡലത്തിലെ പാലമ്പേട്ട് ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ക്ഷേത്രത്തിന്റെ ചുവരുകൾ, തൂണുകൾ, മേൽത്തട്ട് എന്നിവയിലെ വാസ്തുവിദ്യയും വിശാലമായ കൊത്തുപണികളും മാറ്റിനിർത്തിയാൽ, ഈ ക്ഷേത്രത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത ഇഷ്ടികകൾ ഉപയോഗിച്ചാണ് നിർമ്മിച്ചത് എന്നതാണ്.

 

 

Print Friendly, PDF & Email

Leave a Comment