ആര്‍ക്കെല്ലാം വാക്സിന്‍ നല്‍കണമെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്ന് ഇടതുപക്ഷ സംഘടനകള്‍

തിരുവനന്തപുരം: കോവിഡ് വാക്സിൻ വിതരണം സംസ്ഥാനത്ത് ഇടതുപക്ഷ സംഘടനകൾ അട്ടിമറിക്കുകയാണെന്ന ആരോപണം വ്യാപകമാകുന്നു. വാക്സിനുകൾ വിതരണം ചെയ്യുന്നതിലെ ബാക്ക്ഡോർ ക്രമക്കേടുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കേന്ദ്രീകരിച്ചിട്ടുണ്ടെന്നാണ് ആരോപണം. സ്പോട്ട് രജിസ്ട്രേഷന്റെ മറവിൽ തദ്ദേശ സ്വയംഭരണ പ്രതിനിധികൾ താൽപ്പര്യമുള്ളവർക്ക് മുൻഗണന നൽകുന്നുവെന്ന് പരാതിയിൽ ആരോപിക്കുന്നു.

വാക്‌സിൻ ബുക്കിംഗിൽ പ്രായമായവരെയും സാങ്കേതിക പരിജ്ഞാനം ഇല്ലാത്തവരെയും പിന്നിലാക്കിയിട്ടില്ലെന്ന് ഉറപ്പുവരുത്താനാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്‌പോട്ട് രജിസ്ട്രേഷൻ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ചില തദ്ദേശ സ്ഥാപനങ്ങളും വാർഡ് പ്രതിനിധികളും അവർക്കു താൽപര്യമുള്ളവർക്കു മാത്രം വാക്സിൻ ൽകുന്നതിനാൽ പലയിടത്തും പദ്ധതി അട്ടിമറിക്കപ്പെടുകയാണ് എന്നാണ് ആക്ഷേപം.

പലയിടങ്ങളിലും വാക്സിൻ ലഭ്യത മുൻകൂട്ടി അറിഞ്ഞു വേണ്ടപ്പെട്ടവർക്കു വിവരം നൽകുന്നതായാണ് പരാതി. പഞ്ചായത്ത് ഭരിക്കുന്ന പാർട്ടിക്കോ വാർഡ് അംഗത്തിനോ താൽപര്യമുള്ളവരെയാണു സ്പോട്ട് റജിസ്ട്രേഷനായി എത്തിക്കുന്നത്. പ്രായമായവരും മറ്റ് അസുഖങ്ങളുള്ളവരും കാത്തു നിന്നാലും സ്പോട്ട് രജിസ്ട്രേഷനിൽ വാക്സിൻ ലഭിക്കുന്നില്ല. രണ്ടാം ഡോസ് വാക്സിൻ എടുക്കാനുള്ള സമയപരിധി കഴിഞ്ഞ പത്തു ലക്ഷത്തോളം പേർ സംസ്ഥാനത്തു കാത്തു നിൽക്കുമ്പോഴാണ് ഇവരെയൊക്കെ മറികടന്നു കൊണ്ടുള്ള ഇടത് നേതാക്കളുടെ പിൻവാതിൽ വാക്സിൻ വിതരണം.

ചില പ്രദേശങ്ങളിൽ കൂട്ടത്തോടെ വാക്സിൻ ബുക്ക് ചെയ്യാൻ ഹെൽപ് ഡെസ്ക്കുകളും ആരംഭിച്ചിട്ടുണ്ട്. വാക്സിൻ സ്ലോട്ടുകളെക്കുറിച്ചുള്ള വിവരം നേരത്തേ ചോർത്തി നൽകി ഇവർ കൂട്ടത്തോടെ ബുക്ക് ചെയ്യുന്നതോടെ ഓൺലൈനിലും വാക്സിൻ കിട്ടാനില്ലാത്ത അവസ്ഥയാണ്. അറിയിപ്പു വന്നു നിമിഷങ്ങൾക്കുള്ളിൽ അപേക്ഷിച്ചാലും ബുക്കിങ് പൂർണമായതായാണു വെബ്സൈറ്റിൽ കാണിക്കുന്നത്.

ഇടത് ജനപ്രതിനിധികളുടെ വാക്സിൻ അട്ടിമറി തടയാൻ ശ്രമിക്കുന്ന ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്ന സംഭവങ്ങളും സംസ്ഥാനത്ത് വ്യാപകമാണ്. കഴിഞ്ഞ ദിവസം ആലപ്പുഴയിൽ ഡോക്ടറെ ഇടത് പക്ഷ പഞ്ചായത്ത് പ്രസിഡന്റും സംഘവും കൂട്ടം ചേർന്ന് മർദ്ദിച്ചിരുന്നു. ‘ആർക്ക് വാക്സിൻ കൊടുക്കണമെന്ന് ഞാൻ തീരുമാനിക്കും‘ എന്ന് അട്ടഹസിച്ചായിരുന്നു മർദ്ദനമെന്ന് ഡോക്ടർ വെളിപ്പെടുത്തിയിരുന്നു.

ഗ്രാമീണ മേഖലകളിൽ പാർട്ടിക്കാർക്കും ഇഷ്ടക്കാർക്കും വാക്സിൻ ലഭ്യമാക്കുന്നതിന് വേണ്ടി ഇടത് യുവജന സംഘടനാ പ്രവർത്തകർ കൂട്ടത്തോടെ ആധാർ വിവരങ്ങൾ ശേഖരിക്കുന്ന സംഭവങ്ങളും വ്യാപകമാണ്.

Print Friendly, PDF & Email

Leave a Comment