കാർഗിൽ വിജയ് ദിവസ് 2021: വീണുപോയ നായകന്മാരെ ബഹുമാനിച്ച് ഇന്ത്യ; ലഡാക്കിൽ 559 വിളക്കുകൾ കത്തിച്ചു

കാർഗിൽ യുദ്ധത്തിൽ പാക്കിസ്താനെതിരായ ഇന്ത്യയുടെ മഹത്തായ വിജയത്തെ രാജ്യം അനുസ്മരിക്കുന്നു. 22 വർഷം മുമ്പ് കാർഗിലിൽ ഇന്ത്യൻ ധീരരായ സൈനികർ രാജ്യത്തിന്റെ യശസ്സുയര്‍ത്തി ത്രിവർണ്ണ പതാക പാറിച്ചു. പാക്കിസ്താന്‍ സൈന്യം കൈവശപ്പെടുത്തിയ എല്ലാ പ്രദേശങ്ങളും ഇന്ത്യ തിരിച്ചുപിടിച്ചു. ആ മഹത്തായ വിജയത്തിന്റെ സ്മരണയ്ക്കായി രാജ്യം കാർഗിൽ വിജയദിനം ആഘോഷിക്കുകയാണ്.

ഇന്ത്യൻ ആർമി പട്രോളിംഗ് അംഗം ക്യാപ്റ്റൻ സൗരഭ് കാലിയയെ കാണാതായതോടെയാണ് 1999 മെയ് മാസത്തിൽ യുദ്ധം ആരംഭിച്ചത്. മെയ് 25 ന് ഇന്ത്യൻ സൈന്യം ഒരു പരിശോധന നടത്തി, പാകിസ്താൻ സൈനികരും തീവ്രവാദികളും 16,000 മുതൽ 18,000 അടി വരെ മലകളിലെ പ്രധാന പ്രദേശങ്ങളിൽ നുഴഞ്ഞുകയറിയതായി റിപ്പോർട്ട് ചെയ്തു. തുടർന്ന് കരസേനയും വ്യോമസേനയും സംയുക്തമായി ആക്രമണം ആരംഭിച്ചു. മേയ് 26-ന് വ്യോമസേനയുടെ മിഗ് 27 വിമാനം തകർന്നു. രക്ഷപ്പെട്ട പൈലറ്റ് ലെഫ്റ്റനന്റ് കേണൽ നചികേത പാക്കിസ്താന്റെ പിടിയിലായി. നിയന്ത്രണ രേഖയിൽ രക്ഷാപ്രവർത്തനത്തിലായിരുന്ന മിഗ് 21 പാക്കിസ്താന്‍ വെടിവെച്ചിട്ടു. സ്ക്വാഡ്രൻ ലീഡർ അജയ് അഹൂജ വീരമൃത്യു വരിച്ചു.

ജൂൺ 3-ന് ലെഫ്റ്റനന്റ് കേണൽ നചികേതയെ പാകിസ്ഥാൻ ഇന്ത്യക്ക് കൈമാറി. ജൂൺ 6-ന് കാർഗിലിലും ദ്രാസിലും ഇന്ത്യൻ കരസേന നടത്തിയ ശക്തമായ ആക്രമണത്തിൽ പാകിസ്ഥാന് അടിപതറി. ജൂൺ 10-ന് ആറു സൈനികരുടെ വികൃതമാക്കിയ മൃതദേഹങ്ങൾ ഇന്ത്യക്ക് കൈമാറിക്കൊണ്ട് പാകിസ്ഥാൻ അവരുടെ വിനാശകാരിയായ സംസ്കാരം വെളിപ്പെടുത്തി.

ഇതിൽ വർദ്ധിത രോഷം പൂണ്ട ഇന്ത്യൻ സൈന്യം നടത്തിയ സംഹാര താണ്ഡവത്തിനൊടുവിൽ ജൂൺ 13ന് തോളോലിംഗ് കൊടുമുടി വിട്ട് പാക് സേന പിന്തിരിഞ്ഞോടി. അവിടെയും പാകിസ്ഥാനെ നിലം തൊടാൻ അനുവദിക്കാതെ മുന്നേറിയ ഇന്ത്യ ജൂലൈ 4ന് ടൈഗർ ഹിൽസും പിടിച്ചെടുത്തു. ഇതോടെ നിൽക്കക്കള്ളിയില്ലാതായ പാക് പട കാർഗിലിൽ നിന്ന് പിൻമാറ്റം ആരംഭിച്ചു. ബതാലിക്കിലെ മലനിരകൾ തിരിച്ചുപിടിച്ച ഇന്ത്യ ജൂലായ് 16നുള്ളിൽ സ്ഥലം കാലിയാക്കിക്കൊള്ളണമെന്ന് പാകിസ്ഥാന് അന്ത്യശാസനം നൽകി.

പറഞ്ഞതിലും നേരത്തെ പാകിസ്ഥാൻ തോൽവി സമ്മതിച്ച് പിന്മാറ്റം പൂർത്തിയാക്കിയതോടെ ജൂലൈ 14ന് ‘ഓപ്പറേഷൻ വിജയ്‘ വിജയകരമായി പൂർത്തീകരിച്ചതായി പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയ് പ്രഖ്യാപിച്ചു.

മിഗ് 27, മിഗ് 21, എം ഐ 17, മിറാഷ് 2000, ജാഗ്വർ, മിഗ് 25, എന്നിവയായിരുന്നു ഇന്ത്യൻ വ്യോമസേനയുടെ മിന്നൽപ്പിണരുകൾ. 155 എം.എം. എഫ്.എച്ച്. 77-ബി ബൊഫോഴ്‌സ് തോക്കുകൾ, 105 എം.എം. ഫീൽഡ് ഗൺ, 160 എം.എം. മോർട്ടോർ, 122 എം.എം. മോർട്ടോർ, ബി.എം. 21 ഗ്രാഡ് മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചർ എന്നിവയായിരുന്നു ഇന്ത്യൻ കരസേനയുടെ കരുത്ത്.

മൊത്തം 2.5 ലക്ഷം ഷെല്ലുകളും ബോംബുകളും റോക്കറ്റുകളും ഇന്ത്യ യുദ്ധത്തിൽ ഉപയോഗിച്ചു. എല്ലാ ദിവസവും 300 തോക്കുകളും പീരങ്കികളും ലോഞ്ചറുകളും ശത്രുവിന്റെ നെഞ്ചിലേക്ക് വെടിയുതിർത്തു. 527 മഹാന്മാരായ വീര നായകന്മാർ രാജ്യത്തിനായി രക്തസാക്ഷിത്വം വരിച്ചു. പാക്കിസ്താന്‍ ഭാഗത്ത് പ്രവചനാതീതമായ നാശനഷ്ടമാണ് ഇന്ത്യ നടത്തിയത്.

Print Friendly, PDF & Email

Leave a Comment