ബൈക്കുകളില്‍ മത്സരയോട്ടം നടത്തി ഭീകരാന്തരീഷം സൃഷ്ടിച്ച യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തു

തിരുവനന്തപുരം: നടുറോഡില്‍ ബൈക്കുകളോടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കളെ കാല്‍നടക്കാരായ സ്ത്രീകളുടെ അവസരോചിതമായ ഇടപെടല്‍ മൂലം പോലീസ് അറസ്റ്റു ചെയ്തു. തിരുവനന്തപുരം കോവളം-മുക്കോല-കല്ലുവെട്ടാന്‍കുഴി ബൈപ്പാസിലാണ് സംഭവം. അഞ്ചംഗ സംഘമാണ് റോഡില്‍ ബൈക്ക് മത്സരയോട്ടം നടത്തി പിടിയിലായത്. ബാലരാമപുരം സ്വദേശികളായ മനീഷ് (20), തൗഫീക്ക് (20), പൂവാര്‍ സ്വദേശി അഫ്സല്‍ അലി (18), അമരവിള സ്വദേശി സൂര്യ (22) കാരയ്ക്കാ മണ്ഡപം സ്വദേശി ഷെഹിന്‍ (19) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

ഞായറാഴ്ച വൈകീട്ട് ആറു മണിയോടെ കല്ലുവെട്ടാന്‍കുഴി ബൈപ്പാസിലൂടെ നടക്കുകയായിരുന്നു സ്ത്രീകള്‍. യുവാക്കള്‍ ബൈക്കുകളില്‍ ഇവരുടെ സമീപത്തെത്തി ഉച്ചത്തില്‍ ശബ്ദം ഉണ്ടാക്കിക്കൊണ്ടായിരുന്നു മത്സരയോട്ടം നടത്തിയത്. ഇതോടെ പരിഭ്രാന്തരായ സ്ത്രീകള്‍ അടുത്ത റോഡിലേക്ക് ഓടിക്കയറി. അതിതിനു ശേഷം ഇവര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

യുവാക്കളുടെ അപകടകരമായ മത്സരയോട്ടത്തെക്കുറിച്ച് അറിഞ്ഞ് ഉടന്‍ വിഴിഞ്ഞം പൊലീസ് സ്ഥലത്തെത്തി. ബൈക്ക് റേസിങ്ങ് സംഘത്തെ തടഞ്ഞുനിര്‍ത്തി് പൊലീസ് ഇവരെ പിടികൂടി്. സംഭവത്തെ തുടര്‍ന്ന് ബൈക്കുകള്‍ പിടികൂടുകയും യുവാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവര്‍ ബൈക്ക് റേസിങ്ങിന് ഉപയോഗിച്ചിരുന്ന മൂന്ന് ആഡംബര ബൈക്കുകള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ഈ യുവാക്കളില്‍ ഒരാള്‍ക്ക് ബൈക്കോടിക്കാനുള്ള ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്നും ഒരു ബൈക്കിന് നമ്പര്‍ പ്ലേറ്റ് പോലും ഉണ്ടായിരുന്നില്ലെന്നുമാണ് പുറത്തു വന്ന റിപ്പോര്‍ട്ട്്. ഒന്നര വര്‍ഷം മുമ്പ് ഇതേ റോഡില്‍ ബൈക്ക് റേസിങ്ങ് സംഘത്തിന്റെ ബൈക്കിടിച്ച് രണ്ടുപേര്‍ മരിച്ചിരുന്നു. ബൈക്കോട്ട മത്സരത്തിനിടയിലുണ്ടായ മറ്റൊരു അപകടത്തില്‍ നിയന്ത്രണം വിട്ട ബൈക്ക് ബൈപ്പാസിലെ ഓടയില്‍ വീണ് യുവാവിന് ജീവന്‍ നഷ്ടമാകുകയും ചെയ്തിരുന്നു. അവധി ദിവസങ്ങളില്‍ ഈ റോഡുകളില്‍ എത്തുന്ന ഇത്തരത്തിലുള്ള ബൈക്കോട്ട സംഘങ്ങള്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത് പതിവ് കാഴ്ചയാണെന്നാണ്് നാട്ടുകാര്‍ പറയുന്നത്. ഇത്തരം ബൈക്കോട്ട മത്സരങ്ങള്‍ നിരവധി അപകടങ്ങള്‍ക്കാണ് വഴിയൊരുക്കുന്നത്.

Print Friendly, PDF & Email

Leave a Comment