യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇന്ത്യയിലെത്തി

ന്യൂഡല്‍ഹി: യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ചൊവ്വാഴ്ച രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി ഇന്ത്യയിലെത്തി. ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുക, അഫ്ഗാനിസ്ഥാനിലെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ചുള്ള ചർച്ചകൾ, ക്വാഡ് സംവിധാനത്തിന് കീഴിൽ ഇന്തോ-പസഫിക് മേഖലയിൽ സഹകരണം വിപുലീകരിക്കുക തുടങ്ങിയ വിഷയങ്ങൾ ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി അദ്ദേഹം ചർച്ച ചെയ്യും.

ബുധനാഴ്ച വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കറുമായി ചർച്ചകൾ നടത്തുകയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിനെ കാണുകയും ചെയ്യും. ദ്വിരാഷ്ട്ര പര്യടനത്തിന്റെ ഭാഗമായി കുവൈറ്റിലേക്ക് പുറപ്പെടുന്നതിനു മുമ്പ് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിക്കും. വാഷിംഗ്ടണില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്രയാകുന്നതിനു മുമ്പ്, ഇന്തോ-പസഫിക്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ സഹകരണം കൂടുതൽ വ്യാപിപ്പിക്കുന്നതിന് യുഎസ് പങ്കാളികളുമായി ചർച്ച ചെയ്യാൻ താൻ ആഗ്രഹിക്കുന്നുവെന്ന് ബ്ലിങ്കൻ പറഞ്ഞു.

യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായി ചുമതലയേറ്റ ശേഷം ബ്ലിങ്കന്റെ ആദ്യ ഇന്ത്യൻ സന്ദർശനമാണിത്. ജനുവരിയിൽ ബൈഡന്‍ അധികാരത്തില്‍ വന്നതിനുശേഷം അദ്ദേഹത്തിന്റെ ഭരണകൂടത്തിലെ മൂന്നാമത്തെ ഉദ്യോഗസ്ഥന്റെ സന്ദർശനമാണിത്.

അദ്ദേഹത്തിന് മുമ്പ് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ മാർച്ചിൽ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള യുഎസ് പ്രത്യേക പ്രതിനിധി ജോൺ കെറിയും ഏപ്രിലിൽ ഇന്ത്യ സന്ദർശിച്ചു.

അഫ്ഗാനിസ്ഥാനിലെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ചും ക്വാഡ് സംവിധാനത്തിന് കീഴിൽ ഇന്തോ-പസഫിക് മേഖലയിലെ സഹകരണം വിപുലീകരിക്കുന്നതിനെക്കുറിച്ചും ചർച്ച നടക്കുമെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറിയുടെ ഇന്ത്യാ സന്ദർശനത്തിന്റെ അജണ്ടയെക്കുറിച്ച് അറിവുള്ള വൃത്തങ്ങള്‍ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment