ബസവരാജ് ബൊമ്മൈ കര്‍ണ്ണാടക മുഖ്യമന്ത്രിയായി ചുമതലയേറ്റു

കർണാടക മുഖ്യമന്ത്രിയായ ശേഷം തനിക്ക് വലിയ ഉത്തരവാദിത്വമാണ് നല്‍കിയിരിക്കുന്നതെന്ന് പുതിയ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. പാവപ്പെട്ടവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ബി എസ് യെദ്യൂരപ്പയുടെ രാജിക്ക് ശേഷം മുഖ്യമന്ത്രിയുടെ കസേരയ്ക്കുള്ള മത്സരത്തില്‍ മുൻ‌പന്തിയിൽ നിന്ന വ്യക്തിയാണ് ബസവരാജ് ബൊമ്മൈ. സംസ്ഥാനത്തിന്റെ ആധിപത്യം ബസവരാജ് ബൊമ്മൈയ്ക്ക് കൈമാറിയതിലൂടെ, ഭാരതീയ ജനതാ പാർട്ടി (ബിജെപി) ഒരേ സമയം യെദ്യൂരപ്പയ്ക്കും ലിംഗായത്ത് സമുദായത്തിനും വേണ്ടി പ്രവര്‍ത്തിക്കുകയാണെന്ന് തെളിയിച്ചു.

78 പിന്നിട്ട യെദിയൂരപ്പയെ മുന്‍നിർത്തി അടുത്ത തിരഞ്ഞെടുപ്പ് നേരിടാനാകില്ലെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. പുതിയ നേതാവിനെ ഉയർത്തിക്കാണിക്കണം. നിർണായക ശക്തിയായ ലിംഗായത്ത്, വൊക്കലിംഗ സമുദായങ്ങളെ ഒപ്പം നിർത്തണം.

2019 ജൂലൈയിൽ കോൺഗ്രസ് – ജെഡിഎസ് സഖ്യസർക്കാർ താഴെ വീണതോടെ, അധികാരമേറ്റ യെദിയൂരപ്പ, രണ്ട് വർഷമായി അധികാരത്തിൽ തുടരുന്നു. എംഎൽഎയായ ബസനഗൗഡ പാട്ടീൽ യത്നാൽ, ടൂറിസം മന്ത്രി സി പി യോഗേശ്വർ, എംഎൽസി എ എച്ച് വിശ്വനാഥ് എന്നിവർ തന്നെ പരസ്യമായി നേരിട്ട് യെദിയൂരപ്പയ്ക്ക് എതിരെ പ്രസ്താവനകൾ നടത്തിയിരുന്നു. പാർട്ടി അച്ചടക്ക നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും നേതാക്കൾ പരസ്യമായി എതിർപ്പുയർത്തുന്നത് തുടർന്നു. യെദിയൂരപ്പയല്ല, ബി വൈ വിജയേന്ദ്രയാണ് പാർട്ടിയും സർക്കാരും നിഴൽ നേതാവിനെപ്പോലെ നടത്തുന്നതെന്നും യത്നാൽ അടക്കമുള്ളവർ ആരോപിച്ചിരുന്നു.

ബസവരാജ് ബൊമ്മൈ, യെദ്യൂരപ്പ സർക്കാരിൽ ആഭ്യന്തരമന്ത്രിയായിരുന്നു. അദ്ദേഹത്തെ യെദ്യൂരപ്പയുമായി വളരെ അടുത്തയാളായി കണക്കാക്കുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബസവരാജ് ബൊമ്മൈയിയുടെ പേര് യെദ്യൂരപ്പ തന്നെയാണ് നിർദ്ദേശിച്ചതെന്നും പറയപ്പെടുന്നു.

നിരവധി പാർട്ടി എം‌എൽ‌എമാരും അദ്ദേഹത്തിന് പിന്തുണ നൽകിയിരുന്നു. ബിജെപിയുടെ നയങ്ങൾ നന്നായി മനസിലാക്കുന്ന വ്യക്തിയും പാർട്ടി തീരുമാനങ്ങള്‍ക്കനുസൃതമായി നില്‍ക്കുന്ന വ്യക്തിയാണ് ബൊമ്മൈ എന്ന് പരക്കെ അറിയപ്പെടുന്നു.

കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി, ദേശീയ ജനറല്‍ സെക്രട്ടറി സി ടി രവി, ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ, ഖനി മന്ത്രി മുരുകേഷ് നിരാനി എന്നിവരായിരുന്നു മുഖ്യമന്ത്രി പദവിയില്‍ സജീവ പരിഗണനയിലുണ്ടായിരുന്നത്. യുപി മോഡല്‍ കര്‍ണാടകത്തിലും പരീക്ഷിക്കണമെന്നായിരുന്നു പാർട്ടിക്കകത്തെ സംസാരം.

 

 

Print Friendly, PDF & Email

Leave a Comment