കാട്ടാനകളെ പ്രകോപിപ്പിച്ചതിന് കിട്ടിയ തിരിച്ചടി (വീഡിയോ)

ദിസ്പുർ: കാട്ടാനകളെ പ്രകോപിച്ചതിന് ആനയുടെ പ്രതികാരം ഒരാളുടെ ജീവന്‍ കവര്‍ന്നു. റോഡ് മുറിച്ചുകടന്നുകൊണ്ടിരുന്ന ആനക്കൂട്ടത്തെയാണ് ജനങ്ങള്‍ പ്രകോപിപ്പിച്ചത്. അപ്പർ അസമിലെ നുമാഡിഗഡിലെ തേയില എസ്റ്റേറ്റിനു സമീപം ദേശീയപാത 39ൽ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം നടന്നത്.

ആനകള്‍ ശാന്തമായി റോഡു മുറിച്ചു കടക്കുകയായിരുന്നു. ഈ സമയത്താണ് കാണികളായ ജനക്കൂട്ടം ആനകളെ പ്രകോപിപ്പിച്ചത്. പാസ്കൽ മുണ്ട എന്നയാളെയാണ് ആന ചവിട്ടിക്കൊന്നത്. ആനക്കൂട്ടത്തെ ശല്യപ്പെടുത്തിയതോടെ ആനകളിൽ ഒന്ന് റോഡിൽ നിൽക്കുകയായിരുന്ന നാട്ടുകാർക്ക് നേരെ തിരിയുകയായിരുന്നു.

ആന തിരിയുന്നതു കണ്ട് ജനങ്ങള്‍ ചിതറിയോടിയെങ്കിലും പാസ്കൽ മുണ്ട നിലത്തു വീണു. ഇയാളെ ചവിട്ടിയരച്ചതിനു ശേഷം ആന മറ്റു ആനകളോടൊപ്പം ചേർന്നു. പാസ്കല്‍ മുണ്ടയെ നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഐഎഫ്എസ് ഉദ്യോഗസ്ഥൻ പർവീൺ കേശ്വാൻ പങ്കുവച്ച സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആകുകയാണ്. പർപ്പിൾ നിറമുള്ള ടീഷർട്ട് ധരിച്ച ഒരാൾ കൈയിലുള്ള മഞ്ഞ ബാഗ് വീശി ആനകളെ പ്രകോപിപ്പിക്കുന്നത് വീഡിയോയിൽ വ്യക്തമായി കാണാം.

Print Friendly, PDF & Email

Leave a Comment