ഹരിയാനയിൽ നിന്ന് ബീഹാറിലേക്ക് പോകുകയായിരുന്ന ബസ്സിന് പുറകില്‍ ട്രക്ക് ഇടിച്ചു; 18 പേർ മരിച്ചു; 19 പേര്‍ക്ക് പരിക്കേറ്റു

ഉത്തർപ്രദേശിലെ ബരാബങ്കിയിൽ ഉണ്ടായ വാഹനാപകടത്തിൽ 18 പേർ ദാരുണമായി കൊല്ലപ്പെട്ടു. ജില്ലയിലെ റാംസ്നെഹിഗട്ട് പോലീസ് സ്റ്റേഷൻ പ്രദേശത്തെ ലഖ്‌നൗ-അയോദ്ധ്യ ദേശീയപാതയിലാണ് സംഭവം. പിന്നിൽ നിന്ന് അതിവേഗത്തില്‍ വന്ന ട്രക്ക് ബസ്സിന്റെ പുറകില്‍ ഇടിക്കുകയായിരുന്നു. അപകടത്തിൽ 18 പേർ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ എല്ലാവരെയും ലഖ്‌നൗ ട്രോമ സെന്ററിലേക്ക് മാറ്റി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് അപകടം. അപകടത്തില്‍ പെട്ട ബസ് ഹരിയാനയിൽ നിന്ന് ബീഹാറിലേക്ക് പോവുകയായിരുന്നുവെന്ന് പറയപ്പെടുന്നു.

ബസിൽ ധാരാളം യാത്രക്കാരുണ്ടായിരുന്നു. ഇവരെല്ലാം ഹരിയാനയിലെ പൽവാളിൽ നിന്നും ബിഹാറിലേക്ക് പോകുന്നവരായിരുന്നു. ആക്സിൽ തകരാറിലായതിനെ തുടർന്ന് ബസ് രാം സനേഹി ഘട്ട് പൊലീസ് സ്റ്റേഷന് സമീപം നിർത്തുകയായിരുന്നു. ഇതിലേക്ക് വേഗതയിൽ വന്ന ഒരു ട്രക്ക് പെട്ടെന്ന് ഇടിച്ചു കയറുകയായിരുന്നു. 18 പേരും തത്ക്ഷണം മരിച്ചതായി പൊലീസ് പറഞ്ഞു.

ഉടൻ സംഭവ സ്ഥലത്തെത്തിയ പൊലീസ് ബസിനടിയിൽ കുടുങ്ങി കിടക്കുകയായിരുന്നവരെ രക്ഷപ്പെടുത്തി. കൊല്ലപ്പെട്ടവർ ദാർഭംഗ, സീതാമർഹി എന്നിവിടങ്ങളിൽ നിന്നും ഉള്ളവരായിരുന്നു. പരിക്കേറ്റവരെ ലഖ്നൗവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Print Friendly, PDF & Email

Leave a Comment