ഉഭയസമ്മതപ്രകാരം വേർപിരിയാൻ അഭിഭാഷകൻ മുഖേന മുകേഷിന് നോട്ടീസ് അയച്ചെന്ന് മേതില്‍ ദേവിക

ഉഭയസമ്മത പ്രകാരമാണ് മുകേഷുമായുള്ള വിവാഹമോചനമെന്ന് മേതില്‍ ദേവിക. അഭ്യൂഹങ്ങൾ ശരിയല്ലെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. വേർപിരിയാൻ അഭിഭാഷകൻ മുഖേന നോട്ടീസ് അയച്ചതായും അവർ സ്ഥിരീകരിച്ചു. അതുമായി ബന്ധപ്പെട്ട് വക്കീൽ നോട്ടീസ് മാത്രമാണ് അയച്ചിരിക്കുന്നതെന്നും നടപടികൾ ഇനിയുമുണ്ടെന്ന് ദേവിക അറിയിച്ചു.

തെരഞ്ഞെടുപ്പ് കഴിയാൻ വേണ്ടി കാത്ത് നിൽക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ വിവാഹമോചനത്തിനുള്ള അപേക്ഷ സമർപ്പിച്ചു’. ദേവിക പറഞ്ഞു.

തീരുമാനം വ്യക്തിപരമാണെന്നും ഗാർഹിക പീഡനമെന്ന പരാതിയില്ലെന്നും മേതിൽ ദേവിക പറഞ്ഞു. ബന്ധം വേർപിരിഞ്ഞാലും സുഹൃത്തുക്കളായി മുന്നോട്ട് പോകുമെന്ന് മേതിൽ ദേവിക പറഞ്ഞു.

സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ മുകേഷുമായി വിവാഹം ബന്ധം അവസാനിപ്പിക്കുവാൻ താൻ തീരുമാനം എടുത്തിരുന്നു എന്ന് ദേവിക പറഞ്ഞു. ഫലം വന്നതിന് ശേഷമാണ് എറണാകുളത്തെ ഒരു വക്കീലിനെ സമീപിച്ച് ഡിവോഴ്സിനായിട്ടുള്ള നടപടികൾ സ്വീകരിച്ചതെന്ന് നർത്തകി മാധ്യമങ്ങളോടായി പറഞ്ഞു. തനിക്ക് മുകേഷിന് മേൽ ചെളി വാരി ഇടാൻ താൽപര്യമില്ലയെന്നും ദേവിക വ്യക്തമാക്കി.

പങ്കാളിയുമായി തുട‍ര്‍ന്ന് ജീവിക്കാനുള്ള വിശ്വാസം നഷ്ടമായി എന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. അതിനെ എങ്ങനെയൊക്കെ വ്യാഖ്യാനിച്ചെടുക്കും എന്നറിയില്ല. സൗഹാ‍ര്‍ദപരമായി പിരിയാനാണ് ശ്രമിക്കുന്നത്. അതിനാല്‍ തന്നെ വ്യക്തിപരമായി അധിക്ഷേപിക്കാനുള്ള യാതൊരു താത്പര്യവും തനിക്കില്ല. ഞങ്ങള്‍ക്കിടയില്‍ അഭിപ്രായ ഭിന്നതകളുണ്ട്. ‍ഞങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങളുണ്ട് എന്നതിനര്‍ഥം അദ്ദേഹം മോശക്കാരനായ ഒരു മനുഷ്യനാണ് എന്നല്ലയെന്നും അവര്‍ പറഞ്ഞു.

മുകേഷിനെതിരെ താന്‍ പരസ്യമായി യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. മുകേഷിനെതിരെ ഒരു മോശം പ്രസ്താവനയും ഉണ്ടായിട്ടില്ല. ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ തന്റെ പേരില്‍ പ്രചരിക്കുന്ന പല കാര്യങ്ങളും തെറ്റാണ്. വളരെ വ്യക്തിപരമായ കാര്യമാണ് വിവാഹമോചനം. 40 വ‍ര്‍ഷത്തിലേറെയായി അഭിനയരം​ഗത്തുള്ള മുകേഷേട്ടനെ ഒരു തരത്തിലും അപമാനിക്കാന്‍ താന്‍ ആ​ഗ്രഹിക്കുന്നില്ല. ഒരു കുടുംബത്തിനകത്ത് നടക്കുന്ന കാര്യങ്ങള്‍ ആണിതൊക്കെ ദേവിക പറഞ്ഞു.

വളരെ ആലോചിച്ച്‌ മാത്രം കാര്യങ്ങള്‍ തീരുമാനിക്കുന്നയാളാണ് ഞാന്‍. ഈ ഒരു കാര്യവും ഒരുപാട് ആലോചിച്ചെടുത്ത തീരുമാനമാണ്. ഒരു വിവാഹബന്ധം വേര്‍പ്പെടുത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വളരെ വേദനിപ്പിക്കുന്ന കാര്യമാണിതൊക്കെ. വിവാഹമോചനത്തിലേക്ക് നയിച്ച കാര്യങ്ങളൊന്നും ചര്‍ചയാവാന്‍ ഇടവരരുത് എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അദ്ദേഹം ഒരു നല്ല ഭര്‍ത്താവായിരുന്നു എന്നു ഞാന്‍ പറയുന്നില്ല. വളരെ പക്വമതിയായ മനുഷ്യനായിരുന്നില്ല അദ്ദേഹം. ദേഷ്യം വന്നാല്‍ സ്വയം നിയന്ത്രണം നഷ്ടമാകുന്ന അവസ്ഥയുണ്ടായിരുന്നു.

രണ്ട് കൂട്ടര്‍ക്കും ബുദ്ധിമുട്ടില്ലാത്ത തരത്തില്‍ നടപടികള്‍ പൂര്‍ത്തിയാവണം എന്നാണ് ആഗ്രഹിക്കുന്നത്. ഈ വക്കീല്‍ നോട്ടീസ് പോലും അതിനുള്ള ഒരു കളമൊരുക്കലാണ്. മുകേഷേട്ടനെ വിവരിക്കാന്‍ എനിക്ക് അറിയില്ല. ഇപ്പോള്‍ പ്രചരിക്കുന്ന പോലെ വലിയൊരു വില്ലനൊന്നുമല്ല അദ്ദേഹം. ഇക്കാര്യത്തില്‍ എന്ത് നിലപാട് അദ്ദേഹമെടുക്കും എന്നറിഞ്ഞൂടാ. വിവാഹമോചനം കഴിഞ്ഞാലും ഒരു സുഹൃത്തായി തുടരാനാവണം എന്നാണ് ആഗ്രഹം. അതെങ്കിലും സാധിക്കട്ടെയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

Print Friendly, PDF & Email

Leave a Comment