കള്ള നോട്ട് കേസില്‍ പിടിയിലായവര്‍ക്ക് ഇതര സംസ്ഥാനത്തും ബന്ധമുണ്ടെന്ന് പോലീസ്; ഇന്നലെ പിടിച്ചെടുത്തത് ഏഴു ലക്ഷത്തോളം രൂപ

എറണാകുളം: കള്ള നോട്ട് കേസില്‍ പിറവത്തുനിന്ന് പോലീസ് പിടിയിലായവര്‍ക്ക് ഇതര സംസ്ഥാനത്തും സമാന രീതിയില്‍ ബന്ധമുള്ളതായി സൂചനയെന്ന് പോലീസ്. പിറവത്തു നിന്ന് ഇന്നലെ പിടിച്ചെടുത്തത് ഏഴു ലക്ഷത്തോളം രൂപയുടെ കള്ള നോട്ടുകളാണെന്നും, പിടിയിലായവരില്‍ സുനില്‍ കുമാര്‍ എന്ന വ്യക്തി ബംഗളൂരുവിലും കള്ളനോട്ട് അടിച്ചതായി പൊലീസ് പറയുന്നു. പിറവത്ത് അച്ചടിച്ച നോട്ടുകള്‍ കേരളത്തിന് പുറത്തേക്ക് കടത്തിയതായും സൂചനയുണ്ട്.

നേരത്തെ 15 ലക്ഷം രൂപയുടെ നോട്ടുകള്‍ അച്ചടിച്ചുവെന്നാണ് സുനില്‍ കുമാര്‍ പറഞ്ഞത്. എന്നാല്‍ യഥാര്‍ത്ഥ തുക ഇതിലുമധികമായിരിക്കുമെന്ന് പോലീസ് പറയുന്നു. കള്ളനോട്ട് അച്ചടിക്കാനുള്ള പേപ്പറുകള്‍ കൊണ്ടുവന്നത് ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നാണ്. കൂടുതല്‍ പേര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടാവുമെന്നാണ് പൊലീസ് അനുമാനം

ഈ കേസിലെ മുഖ്യ സൂത്രധാരന്‍ മധുസൂദനന്‍ കഴിഞ്ഞ ദിവസം പോലീസ് പിടിയിലായിരുന്നു. ഒളിവില്‍ പോയ ഇയാളെ അങ്കമാലിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. കള്ളനോട്ട് സംഘത്തിന് വേണ്ടി വീട് വാടകയ്ക്ക് എടുത്തത് മധുസൂദനനായിരുന്നു. ഇവര്‍ ഉപയോഗിച്ചിരുന്ന രണ്ട് കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.

പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്നലെ രാവിലെ അഞ്ച് മണി മുതല്‍ തുടങ്ങിയ പരിശോധനക്കൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുഖ്യപ്രതിക്കൊപ്പം മറ്റ് പ്രതികളായ വണ്ടിപെരിയാര്‍ സ്വദേശി ആനന്ദ്, നെടുക്കണ്ടം സ്വദേശി സുനില്‍, കോട്ടയം സ്വദേശി ഫൈസല്‍, തൃശൂര്‍ സ്വദേശി ജിബി എന്നിവരുടെ അറസ്റ്റും പൊലീസ് രേഖപ്പെടുത്തി. പൊലീസ് പരിശോധനയില്‍ ഏഴ് ലക്ഷത്തിലധികം രൂപയും നോട്ട് അച്ചടിക്കാന്‍ ഉപയോഗിച്ച യന്ത്രവും പൊലീസ് പിടിച്ചെടുത്തു.

Print Friendly, PDF & Email

Leave a Comment