ടോക്കിയോ ഒളിമ്പിക്സ്: അമ്പെയ്ത്തില്‍ ഇന്ത്യയുടെ അതാനു ദാസ് ദക്ഷിണ കൊറിയയുടെ ജിങ്യക്ക് ഓയെ പരാജയപ്പെടുത്തി മുന്നേറുന്നു

ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ അതാനു ദാസ് വിജയക്കുതിപ്പില്‍. 1/16 എലിമിനേഷന്‍ റൗണ്ടിലെ ഇഞ്ചോടിച്ച് പോരാട്ടത്തില്‍ ദക്ഷിണ കൊറിയയുടെ ജിങ്ങ്യക്ക് ഓയെ പരാജയപ്പെടുത്തിയാണ് അതാനു ദാസ് 6-5 എന്ന നിലയ്ക്ക് വിജയക്കൊടി പാറിച്ചത്. അഞ്ച് സെറ്റുകള്‍ക്ക് ശേഷം നടന്ന ഷൂട്ട് ഓഫ് പോയിന്റിലൂടെയാണ് അതാനു ദാസിന്റെ ജയം. ഷൂട്ട് ഓഫില്‍ അതാനു ദാസ് 10 സ്‌കോര്‍ കുറിച്ചപ്പോള്‍ ജിങ്ങ്യക്ക് ഓയ്ക്ക് 9 പോയിന്റ് നേടാനേ കഴിഞ്ഞുള്ളൂ.

ആദ്യം തായ്‌പേയുടെ യു ചെങ് ഡെങ്ങിനെ പരാജയപ്പെടുത്തിയാണ് അതാനു ദാസ് ആദ്യ എലിമിനേഷന്‍ റൗണ്ട് (1/32) പിന്നിട്ടത്. 6-4 എന്ന നിലയ്ക്കാണ് താരത്തിന്റെ ജയം. ആദ്യ സെറ്റു മുതല്‍ക്കെ മത്സരത്തില്‍ മുന്നിട്ടു നില്‍ക്കാന്‍ അതാനുവിന് സാധിച്ചിരുന്നു. മത്സരം അഞ്ച് സെറ്റുകള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 27, 27, 28, 27, 28 എന്ന സ്‌കോറാണ് അതാനു ദാസ് കുറിച്ചത്. യു ചെങ് ഡെങ്ങിന്റെ പ്രകടനം 26, 28, 26, 28, 26 എന്ന നിലയിലും പരസ്യവസാനിച്ചു.

ഇന്ത്യൻ അത്‌ലറ്റുകൾ വ്യാഴാഴ്ച ഒളിമ്പിക്‌സിൽ മികച്ച തുടക്കം കുറിച്ചു. വനിതാ ബാഡ്മിന്റണിൽ വ്യക്തിഗത ഇനത്തിൽ പി.വി സിന്ധു ക്വാർട്ടർ ഫൈനലിന് യോഗ്യത നേടി. പ്രീ-ക്വാര്‍ട്ടറില്‍ ഡെന്‍മാര്‍ക്കിന്റെ മിയ ബിഷ്‌ഫെല്‍റ്റിനെതിരെ മിന്നും ജയമാണ് ഇന്ത്യന്‍ താരം കണ്ടെത്തിയത്. 40 മിനിറ്റുകൊണ്ടുതന്നെ ജയം കൈപ്പിടിയിലാക്കാന്‍ സിന്ധുവിന് കഴിഞ്ഞു. സ്‌കോര്‍: 21-15, 21-13. ആദ്യ സെറ്റില്‍ പിന്നില്‍പ്പോയതിന് ശേഷമാണ് സിന്ധുവിന്റെ ഗംഭീര തിരിച്ചുവരവ്. ടോക്കിയോ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയാണ് പിവി സിന്ധു. ടോക്കിയോ ഒളിമ്പിക്‌സ് ബാഡ്മിന്റണില്‍ സിന്ധു മാത്രമാണ് ഇനിയുടെ സാന്നിധ്യവും. ക്വാര്‍ട്ടര്‍ ഫൈനലില്‍ ജപ്പാന്റെ അകാനെ യമഗുച്ചിയുമായി സിന്ധു അങ്കം കുറിക്കും.

ഇന്നത്തെ പുരുഷ ഹോക്കിയിലും മികച്ച വിജയമാണ് നേടിയത്. ഗ്രൂപ്പ് എ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയെ ഇന്ത്യ പരാജയപ്പെടുത്തി. ഒന്നിന് മൂന്ന് ഗോളുകൾക്ക് ഇന്ത്യ വിജയിച്ചു. ജയത്തോടെ ടീം ഇന്ത്യ നോക്കൗട്ട് റൗണ്ടിലും കടന്നു. ടോക്കിയോ ഒളിമ്പിക്‌സ് പുരുഷ ഹോക്കിയില്‍ ഇന്ത്യയുടെ മൂന്നാമത്തെ ജയമാണ് ഇന്നത്തേത്. ശക്തരായ അര്‍ജന്റീനയ്ക്ക് എതിരെ വരുണ്‍ കുമാര്‍, വിവേക് സാഗര്‍ പ്രസാദ്, ഹര്‍മന്‍പ്രീത് സിങ് എന്നിവരാണ് ഇന്ത്യയ്ക്കായി ഗോള്‍ കുറിച്ചത്. ഇതോടെ പൂള്‍ എയില്‍ ഇന്ത്യ രണ്ടാമതെത്തി. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയ്ക്ക് ഇനി ഒരു മത്സരം കൂടി ബാക്കിയുണ്ട്. ജപ്പാനാണ് അടുത്ത എതിരാളി.

 

Print Friendly, PDF & Email

Related News

Leave a Comment