ടോക്കിയോ ഒളിമ്പിക്സ്: ഇന്ത്യയുടെ മിന്നും താരം പി വി സിന്ധു മുന്നോട്ടു തന്നെ

ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ പിവി സിന്ധു മുന്നേറിക്കൊണ്ടിരിക്കുകയാണ്. തകർപ്പൻ വിജയത്തോടെ സിന്ധു ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. വെറും നാല്പതു മിനിറ്റേ വേണ്ടിവന്നുള്ളൂ സൂപ്പര്‍ താരത്തിന് എതിരാളിയെ തറ പറ്റിക്കാന്‍.

21-15, 21-13 ആയിരുന്നു സിന്ധുവിന്റെ സ്കോര്‍. ആദ്യ സെറ്റിൽ ആറാം സീഡായ സിന്ധു 12-ാം സീഡായ മിയയിൽ നിന്ന് ശക്തമായ വെല്ലുവിളി നേരിട്ടു. പക്ഷെ രണ്ടാം സെറ്റില്‍ ഇന്ത്യന്‍ താരം തന്റെ അനുഭവസമ്പത്ത് മുഴുവന്‍ പുറത്തെടുത്തപ്പോള്‍ എതിരാളി നിഷ്പ്രഭമായി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ആതിഥേയ താരം കൂടിയായ അകാനെ യമഗുച്ചിയാണ് സിന്ധുവിന്റെ എതിരാളി.

പ്രീ ക്വാർട്ടറിലും മിയയ്‌ക്കെതിരെ സിന്ധു ആധിപത്യം നിലനിർത്തി. ഈ മത്സരത്തിന് മുമ്പ് ഡാനിഷ് താരത്തിനെതിരെ സിന്ധുവിന്റെ റെക്കോർഡ് 4-1 ആയിരുന്നു. മിയയുടെ ഏക വിജയം ഈ വര്‍ഷമാദ്യം നടന്ന തായ്‌ലാന്‍ഡ് ഓപ്പണിലായിരുന്നു. ആദ്യ ഗെയിമില്‍ മികച്ച തുടക്കമായിരുന്നു മിയയുടേത്. 0-2ന് താരം മുന്നേറിയെങ്കിലും സിന്ധു ശക്തമായി തിരിച്ചടിക്കുകയായിരുന്നു. 4-2നു ഇന്ത്യന്‍ താരം ലീഡ് നേടി. രണ്ടു പോയിന്റിന്റെ നേരിയ ലീഡുമായിട്ടാണ് സിന്ധു പലപ്പോഴും ഗെയിമില്‍ മുന്നേറിയത്. ഒരു ഘട്ടത്തില്‍ തുടര്‍ച്ചയായി അഞ്ചു പോയിന്റുകള്‍ നേടിയ മിയ 13-11ന് ലീഡ് സ്വന്തമാക്കിയിരുന്നു. പൊരുതിക്കയറിയ സിന്ധു 19-15ന് മുന്നില്‍ കടന്നു. പിന്നീട് രണ്ടു പോയിന്റുകള്‍ കൂടി നേടി ആദ്യ സെറ്റ് കൈക്കലാക്കുകയും ചെയ്തു.

രണ്ടാം മത്സരത്തിൽ മിയയ്‌ക്കെതിരെ സിന്ധു ആധിപത്യം പുലർത്തി. കളിയിൽ മുന്നേറാൻ ഇന്ത്യൻ താരം ഒരിക്കലും അവരെ അനുവദിച്ചില്ല. 4-0ന് കുതിച്ച സിന്ധു പിന്നീട് 8-4നും 11-6നും 13-7നും മുന്നില്‍ കടന്നു. പിന്നീട് ഇതു 14-10ഉം 16-11ഉം 19-11ഉം ആക്കി മെച്ചപ്പെടുത്തി ഇന്ത്യന്‍ സെന്‍സേഷന്‍ 21-15ന് ഗെയിമും മല്‍സരവും വരുതിയിലാക്കുകയും ചെയ്തു. റിയോ ഒളിംപിക്‌സിലെ വെള്ളി മെഡല്‍ ജേതാവ് കൂടിയായ സിന്ധു ഇത്തവണ സ്വര്‍ണം തന്നെയാവും സ്വപ്‌നം കാണുന്നത്.

 

 

Print Friendly, PDF & Email

Related News

Leave a Comment