ടോക്കിയോ ഒളിമ്പിക്സ് – 2021: പുരുഷ ഹോക്കിയിൽ ഇന്ത്യ അർജന്റീനയെ പരാജയപ്പെടുത്തി ക്വാർട്ടർ ഫൈനലിലെത്തി

പുരുഷ ഹോക്കിയിൽ തകർപ്പൻ വിജയത്തോടെ ഇന്ത്യൻ ടീം ടോക്കിയോ ഒളിമ്പിക്സിന്റെ ക്വാർട്ടർ ഫൈനലിന് യോഗ്യത നേടി. പൂൾ എയുടെ മൂന്നാം മത്സരത്തിൽ അർജന്റീനയെ 3-1 ന് ഇന്ത്യ പരാജയപ്പെടുത്തി നോക്കൗട്ട് റൗണ്ടിലെത്തി. ഇത് ഇന്ത്യയുടെ മൂന്നാമത്തെ വിജയമാണ്. നേരത്തെ ഇന്ത്യ ന്യൂസിലൻഡിനെ 3-2 നും സ്‌പെയിനിനെ 3-0 നും തോൽപ്പിച്ചിരുന്നു. ഓസ്ട്രേലിയയോട് 1-7 എന്ന തോൽവി മാത്രമാണ് ഇന്ത്യയുടെ മോശം പ്രകടനം.

വരുൺ കുമാർ, വിവേക് സാഗർ പ്രസാദ്, ഹർമൻ‌പ്രീത് സിംഗ് എന്നിവരാണ് ഇന്ത്യയുടെ ടോപ് സ്കോറർമാർ. അർജന്റീനയ്‌ക്കെതിരായ വിജയകരമായ വിജയത്തോടെ ഇന്ത്യ പൂളിൽ രണ്ടാം സ്ഥാനം നിലനിർത്തി. പൂളില്‍ ഇന്ത്യയുടെ അവസാനത്തെ മല്‍സരം ഇനി ജപ്പാനെതിരേയാണ്. അര്‍ജന്റീനയ്‌ക്കെതിരേ തുടക്കം മുതല്‍ ഗംഭീര പ്രകടനമാണ് ഇന്ത്യ കാഴ്ചവച്ചത്. എന്നാല്‍ ആദ്യ രണ്ടു ക്വാര്‍ട്ടറുകളിലും ഇവ ഗോളുകളാക്കി മാറ്റാന്‍ ഇന്ത്യക്കു കഴിഞ്ഞില്ല. ആദ്യ പകുതി ഗോള്‍രഹിതമായാണ് അവസാനിച്ചത്. എന്നാല്‍ മൂന്നാം ക്വാര്‍ട്ടറില്‍ വരുണിലൂടെ ഇന്ത്യ അര്‍ഹിച്ച ലീഡ് സ്വന്തമാക്കി. ഈ ഗോളില്‍ ഇന്ത്യ വിജയത്തിലേക്കു നീങ്ങവെയാണ് അര്‍ജന്റീന നാലാം ക്വാര്‍ട്ടറില്‍ സമനില പിടിച്ചുവാങ്ങിയത്. കളി അവസാനിക്കാന്‍ 13 മിനിറ്റ് മാത്രം ശേഷിക്കെയായിരുന്നു ഇത്.

മല്‍സരം 1-1ന്റെ സമനിലയിലേക്കു നീങ്ങവെയായിരുന്നു അവസാന മിനിറ്റുകളില്‍ തുടരെ രണ്ടു ഗോളുകളുമായി ഇന്ത്യ ആവേശകരായ ജയം സ്വന്തമാക്കിയത്. രണ്ടു മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ ഒളിംപിക്‌സിലെ അരങ്ങേറ്റക്കാരന്‍ കൂടിയായ വിവേകാണ് ഇന്ത്യയെ 2-1നു മുന്നിലെത്തിച്ചത്. അതുകൊണ്ടും ഇന്ത്യക്കു തൃപ്തിയായില്ല. രണ്ടില്‍ താഴെ മിനിറ്റുകള്‍ ബാക്കിനില്‍ക്കെ ലഭിച്ച പെനല്‍റ്റി കോര്‍ണര്‍ ഗോളാക്കി മാറ്റിയ ഹര്‍മന്‍പ്രീത് ഇന്ത്യന്‍ ഗോള്‍പട്ടികയും ജയവും പൂര്‍ത്തിയാക്കി. ഒപ്പം ക്വാര്‍ട്ടര്‍ ഫൈനല്‍ ബെര്‍ത്തും ടീമിനു നേടിത്തന്നു.

അതേസമയം, വനിതാ സിംഗിൾസ് ബാഡ്മിന്റണിൽ ഇന്ത്യയുടെ സൂപ്പർ താരം പിവി സിന്ധു ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. പ്രീ ക്വാർട്ടറിൽ സിന്ധു ഡെൻമാർക്കിന്റെ മിയ ബിഷ്ഫെൽഡിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി. സ്കോർ 21-19, 21-13. റിയോ ഒളിമ്പിക്സിൽ വെള്ളി മെഡല്‍ നേടിയ സിന്ധു ക്വാർട്ടർ ഫൈനലിൽ ജപ്പാന്റെ അകാനെ യമഗുച്ചിയെ നേരിടും.

Print Friendly, PDF & Email

Related News

Leave a Comment