റേസിംഗിനിടെ ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു

കോട്ടയം: ബൈക്ക് റേസിംഗിനിടെ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. ചങ്ങനാശ്ശേരിയിലായിരുന്നു സംഭവം. പോത്തോട് അമൃതശ്രീ വീട്ടില്‍ മുരുകന്‍ ആചാരി(67), ചങ്ങനാശ്ശേരി ടി ബി റോഡില്‍ കാര്‍ത്തിക ജൂവലറി ഉടമ പുഴവാത് കാര്‍ത്തികഭവനില്‍ സേതുനാഥ് നടേശന്‍ (41), പുതുപ്പള്ളി തച്ചുകുന്ന് പാലച്ചുവട്ടില്‍ പി എസ് ശരത് (18) എന്നിവരാണ് മരിച്ചത്. ബൈപ്പാസ് റോഡില്‍ ബുധനാഴ്ച രാത്രി ആറരയോടെയായിരുന്നു അപകടം.

ബിസിനസ് ആവശ്യത്തിനായി മുരുകന്‍ ആചാരിയും സേതുനാഥും ബൈക്കില്‍ കോട്ടയത്തേക്കു പോകുന്ന വഴിയാണ് അപകടമുണ്ടായത്. സേതുനാഥ് ആയിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. ഈ ബൈക്കിലേക്കാണ് റേസിങ് നടത്തുകയായിരുന്ന ശരത്തിന്റെ ബൈക്ക് ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തില്‍ മൂന്നുപേരും റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റു.

രണ്ടുപേര്‍ സംഭവസ്ഥലത്തും മുരുകനാചാരി ചെത്തിപ്പുഴ ആശുപത്രിയിലും മരിച്ചു. റേസിങ്ങിനെത്തിയ മറ്റൊരു ബൈക്ക് അപകടം നടന്നയുടനെ നിര്‍ത്താതെ പോയതായി ദൃക്സാക്ഷികള്‍ പറഞ്ഞു. മൃതദേഹങ്ങള്‍ ചെത്തിപ്പുഴ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Print Friendly, PDF & Email

Leave a Comment