ടോക്കിയോ ഒളിംപിക്‌സ് 2021: സെയ്‌ലിംഗില്‍ വിഷ്ണു ശരവണന്‍ മൂന്നാം സ്ഥാനത്ത്

ടോക്കിയോ ഒളിം‌പിക്സ് പുരുഷ വിഭാഗം സെയ്‌ലിംഗ് മത്സരത്തില്‍ ഇന്ത്യയുടെ വിഷ്ണു ശരവണൻ മൂന്നാം സ്ഥാനത്തെത്തിയെങ്കിലും മൊത്തത്തിൽ ഇരുപതാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. 35 മത്സരാര്‍ത്ഥികള്‍ മാറ്റുരച്ച ലേസർ ഇനത്തിലെ ഒമ്പതാമത് മത്സരത്തിലാണ് വിഷ്ണു മൂന്നാം സ്ഥാനം നേടിയത്. അദ്ദേഹത്തിന്റെ മെഡല്‍ പ്രതീക്ഷ നേരത്തേ അസ്തമിച്ചിരുന്നു. ഒമ്പതാം റേസില്‍ മൂന്നാമതെത്തിയ വിഷ്ണു പക്ഷെ അടുത്ത റേസില്‍ 15ാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. ഇതോടെ 35 പേരില്‍ 20ാംസ്ഥാനം കൊണ്ട് താരം തൃപ്തിപ്പെടുകയും ചെയ്തു. 156 നെറ്റ് പോയിന്റാണ് വിഷ്ണുവിനു നേടാനായത്.

പുരുഷന്മാരുടെ സ്കീഫ് 49er ൽ, ഇന്ത്യൻ ജോഡികളായ കെ സി ഗണപതിയും വരുൺ ടക്കറും മൂന്ന് മത്സരങ്ങളിൽ യഥാക്രമം 17, 11, 16 സ്ഥാനങ്ങൾ നേടി. 19 പേരുള്ള മത്സരത്തിൽ അവർ 17 ആം സ്ഥാനത്തെത്തി. നെറ്റ് പോയിന്റ് 116 ആണ്.

വനിതകളുടെ ലേസര്‍ റേഡിയല്‍ വിഭാഗത്തില്‍ ഇന്ത്യന്‍ താരം നേത്ര കുമനന്‍ വീണ്ടും നിരാശപ്പെടുത്തി. 44 പേര്‍ മാറ്റുരച്ച റേസില്‍ 251 നെറ്റ് പോയിന്റുമായി 35ാംസ്ഥാനത്താണ് നേത്രയ്ക്കു ഫിനിഷ് ചെയ്യാനായത്. ഒമ്പത്, 10 റേസുകളില്‍ യഥാക്രമം 37, 38 സ്ഥാനങ്ങളിലെത്താനേ അവര്‍ക്കായുള്ളൂ. ഇനി മെഡല്‍ റേസ് മാത്രമാണ് ഈയിനത്തില്‍ ബാക്കിയുള്ളത്.

അതേസമയം, എട്ടാം ദിനമായ ഇന്ത്യക്കു ഇന്നു പൊതുവെ നല്ല ദിവസമായിരുന്നു. ഈ ഗെയിംസിലെ രണ്ടാമത്തെ മെഡല്‍ ഇന്ത്യ ഉറപ്പിച്ച ദിവസം കൂടിയായിരുന്നു ഇത്. വനിതകളുടെ ബോക്‌സിങില്‍ ലവ്‌ലിന ബൊര്‍ഗോഹയ്‌നാണ് മെഡല്‍ ഉറപ്പാക്കിയത്. ചൈനീസ് തായ്‌പേയിയുടെ നിയന്‍ ചിന്‍ ചാനിനെ പരാജയപ്പെടുത്തി അവര്‍ സെമി ഫൈനലിലേക്കു യോഗ്യത നേടി.

ബാഡ്മിന്റണിലും ഇന്ത്യക്കു ആഹ്ലാദിക്കാന്‍ വകയുണ്ട്. റിയോ ഒളിംപിക്‌സിലെ വെള്ളി മെഡല്‍ ജേതാവും ടോക്കിയോയില്‍ ഈയിനത്തില്‍ ശേഷിക്കുന്ന ഏകതാരവുമായ പിവി സിന്ധു സെമി ഫൈനലിലേക്കു ടിക്കറ്റെടുത്തു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ജപ്പാനീസ് താരം അകാനെ യമഗുച്ചിയെയാണ് സിന്ധു 21-13, 22-20നു പരാജയപ്പെടുത്തിയത്. മെഡല്‍ പ്രതീക്ഷയുണ്ടായിരുന്ന മറ്റൊരു ഇനമായ അമ്പെയ്ത്തില്‍ പക്ഷെ നിരാശ നേരിട്ടു. വനിതകളുടെ വ്യക്തിഗത വിഭാഗത്തില്‍ ദീപിക കുമാരി ക്വാര്‍ട്ടറില്‍ തോറ്റു പുറത്തായി. ദക്ഷിണ കൊറിയയുടെ ആന്‍ സാനിനോടായിരുന്നു ദീപികയ്ക്കു അടിതെറ്റിയത്.

ഹോക്കിയില്‍ ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകള്‍ വിജയം കൊയ്തു. രാവിലെ നടന്ന നിര്‍ണായകമായ പൂള്‍ മല്‍സരത്തില്‍ വനിതാ ടീം അയര്‍ലാന്‍ഡിനെ 1-0നു കീഴടക്കുകയായിരുന്നു. ഇതോടെ ഇന്ത്യ നോക്കൗട്ട് റൗണ്ട് പ്രതീക്ഷ കാക്കുകയും ചെയ്തു. പുരുഷ ടീം തങ്ങളുടെ അവസാനത്തെ പൂള്‍ മല്‍സരത്തില്‍ ജപ്പാനെ 5-3ന് മുക്കി. ഇന്ത്യ നേരത്തേ തന്നെ ക്വാര്‍ട്ടറിലെത്തിയിരുന്നു.

അത്ലറ്റിക്സിൽ ട്രാക്കും ഫീൽഡും ഇന്ന് ഉണർന്നു. പക്ഷേ മത്സരിച്ച എല്ലാ ഇന്ത്യൻ അത്ലറ്റുകളും പുറത്തായി. 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ അവിനാഷ് സേബിൾ, 400 മീറ്റർ ഹർഡിൽസിൽ എംപി ജാബിർ, 100 മീറ്റർ ഹീറ്റ്സിൽ വനിതാ താരം ദ്യുതി ചന്ദ്, 4-400 മീറ്റർ മിക്സഡ് റിലേ ടീം എന്നിവര്‍ പുറത്തായി.

 

Print Friendly, PDF & Email

Related News

Leave a Comment