തപ്തമാനസം (കവിത): അബൂതി

പ്രാണനിൽ പ്രാണനായ് കണ്ടിട്ടും
പ്രഗതസ്വപ്നങ്ങളെല്ലാമിന്നിതാ,
പരാഗരേണുക്കളെന്നേ നഷ്ടമായ്,
പരിമളം കാറ്റിലലിത്തുപോയ,
പണ്ടേ വാടിയ പൂക്കളായ് മാറി!
പാഴ്മനസ്സിലവ ശലഭങ്ങളണയാതെ,
പൊഴിയാനൊരു നിമിഷത്തിൻറെ
പ്രിയവരം തേടുന്നു നിത്യവും!
അകമേ ജ്വലിക്കുന്ന ചൂളപോൽ
ആരുമറിയാതെ വേവുന്ന മനം.
ആർത്തിരമ്പിയ കാലവർഷത്തിലും
അണയാതെ നിൽക്കുന്ന ദാഹം.
ആരും കേൾക്കാതൊടുങ്ങിയ
ആർദ്രമായൊരായിരം വാക്കുകൾ.
അൻപ് തേടിത്തളർന്ന കിനാക്കൾ
ആരുമറിയാതെ തേങ്ങുകയായി!
വാക്കുകൾ കടമെടുത്ത ജീവിതം,
വരവർണ്ണങ്ങൾ ചമച്ച കവിതയിൽ,
വിരഹത്തിൻറെ നൂലിഴ തുന്നി,
വിമൂകം പാടുന്നു മൗനദുഃഖങ്ങൾ!
വാത്സല്യം മധുപുരട്ടിയ ബാല്യം
വരം തേടുന്ന പാഴ്ക്കിനാവ് പോൽ,
വിസ്മൃതിയിലാണ്ടു പോകുവാൻ
വൃഥാ മോഹിക്കുന്നോർമ്മകൾ!
നിർല്ലജ്ജയാം ദീർഘമാം രാത്രിയിൽ,
നിദ്രാടനത്തിൻറെയിടുക്കുപാതയിൽ,
നിണമുതിർന്ന നഗ്ന പാദങ്ങളൂന്നി,
നിലയ്ക്കാത്ത യാത്രയായ് ചിത്തം!
നാലഞ്ചിളം താരകങ്ങൾ മാത്രം
നനുനനെ മിന്നുമീ നാട്ടുവെട്ടത്തിൽ
നല്ലൊരു പുലരിയെ തേടുകയല്ലോ
നിശയിലുറങ്ങാത്ത തപ്തമാനസം!
വെട്ടിയും തിരുത്തിയുമാരോ രചിച്ച
വരികളിൽ തേങ്ങിത്തളർന്നൊരീ
വിഷാദ വീണയുടെ തന്ത്രികളിൽ
വിരൽതൊട്ടുണർത്തരുതേയിനി
വയ്യ!യീ നോവിൻറെ ശൂലമുനകളിൽ
വീണുകിടക്കുവാനിനിയുമിങ്ങനെ!
വിടപറഞ്ഞു പോകുവാനാകാതെ
വിതുമ്പുമുയിർ കിളിയീ ബന്ധനത്തിൽ!

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News