ബ്രിട്ടീഷ് സന്ദർശനത്തിന്റെ 125 -ാം വാർഷികത്തോടനുബന്ധിച്ച് സ്വാമി വിവേകാനന്ദന്റെ പ്രതിമ ലണ്ടനിൽ സ്ഥാപിച്ചു

ഹാരോ: സ്വാമി വിവേകാനന്ദന്‍ ബ്രിട്ടന്‍ സന്ദര്‍ശിച്ചതിന്റെ 125 -ാം വാർഷികത്തോടനുബന്ധിച്ച് ലണ്ടനിലെ ഹാരോ ആർട്സ് സെന്ററിന് മുന്നില്‍ വിവേകാനന്ദന്റെ പ്രതിമ സ്ഥാപിച്ചു. ഹാരോ മേയർ കൗൺസിലർ ഗസ്സൻഫർ അലിയും ബ്രെന്റ് മേയർ കൗൺസിലർ ലിയാ കൊളാസിക്കോയും ചേർന്നാണ് പ്രതിമ അനാച്ഛാദനം ചെയ്തത്.

സ്വാമിജിയുടെ ശിൽപം പോർട്ട്ലാൻഡ് ഗ്രാനൈറ്റ് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. രാമകൃഷ്ണ വേദാന്ത കേന്ദ്രം യുകെ മഠാധിപതി സ്വാമി സർവസ്ഥാനന്ദ ചടങ്ങിൽ പങ്കെടുത്തു അനുഗ്രഹ പ്രഭാഷണം നടത്തി. സ്വാമി രാമകൃഷ്ണാനന്ദ രചിച്ച വിവേകാനന്ദ പഞ്ചകം ചൊല്ലിയാണ് ചടങ്ങിൻ്റെ ഉത്ഘാടനം നടത്തിയത്. ശിൽപ്പം നിർമ്മിച്ച ടോം നിക്കോൾസ് ഉൾപ്പെടെ അനേകം പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. സ്വാമി വിവേകാനന്ദൻ്റെ ബ്രിട്ടീഷ് സന്ദർശനത്തിൻ്റെ 125ാം വർഷ സ്മാരകമായാണ് ഈ ശിൽപ്പം സ്ഥാപിച്ചത്. 1895ലാണ് സ്വാമിജി ആദ്യമായി ബ്രിട്ടൻ സന്ദർശിച്ചത്.

ഹാരോയിലെ മുൻ മേയറായ മൃണാൾ ചൗധരിയുടെ സ്വപ്നമായിരുന്നു ശിൽപമെന്നും അത് അനാവരണം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്നും ഹാരോ മേയർ കൗൺസിലർ ഗസൻഫാർ അലി പറഞ്ഞു.

വിവേകാനന്ദ സന്ദേശം എക്കാലവും നിലനിൽക്കുന്നതാണെന്നും ഈ ചടങ്ങിൽ പങ്കെടുക്കാനായതിനാൽ താൻ അനുഗ്രഹീതയായെന്നും ബ്രൻ്റ് മേയർ കൗൺസിലർ ലിയ കൊളാസ്സികൊ പറഞ്ഞു. ലണ്ടൻ നഗരത്തിലെ ഏറ്റവും വലിയ പട്ടണമായ ഹാരോയിലാണ് ലോകപ്രശസ്ത ബോർഡിംഗ് സ്കൂൾ ആയ ഹാരോ സ്കൂൾ നിലനിൽക്കുന്നത്. വിൻസ്റ്റൺ ചർച്ചിൽ ഉൾപ്പെടെ ബ്രിട്ടനിലെ ഏഴ് മുൻ പ്രധാനമന്ത്രിമാർ പഠിച്ചിറങ്ങിയത് ഹാരോ സ്കൂളിൽ നിന്നാണ്. പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവും, ജോർദാൻ രാജാവ് ഹുസൈൻ, ഇപ്പോഴത്തെ ഖത്തർ അമീർ ഷേക് തമിം ബിൻ ഹമദ് അൽതാനി എന്നിവരെല്ലാം വിദ്യാഭ്യാസം നേടിയത് ഹാരോ സ്കൂളിൽ നിന്നായിരുന്നു.

രാജകുമാരൻമാർക്കും വലിയ ധനികർക്കും മാത്രം പ്രാപ്യമായിരുന്ന ഹാരോ പട്ടണത്തിലെ വീഥികളിൽ സനാതനമായ വിവേകാനന്ദ സന്ദേശവുമായി രാജകുമാരന്മാരുടെ രാജാവായ വിവേകാനന്ദ സ്വാമിജിയുടെ ഈ ശിൽപ്പം നിലനിൽക്കും.

രാജകുമാരന്മാരുടെ രാജാവായ വിവേകാനന്ദ സ്വാമിയുടെ പ്രതിമ ഹാരോയിലെ വീഥികളില്‍ എന്നെന്നും നിലനിൽക്കും, ശാശ്വതമായ ജ്ഞാനത്തിന്റെ സന്ദേശത്തോടെ.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment