ടോക്കിയോ ഒളിമ്പിക്സ് 2021: അമ്പെയ്ത്തിൽ ഇന്ത്യയ്ക്ക് തികഞ്ഞ നിരാശ, അതാനു ദാസ് പുറത്തായി

ടോക്കിയോ: ഒളിമ്പിക്സിൽ ഇന്ത്യയുടെ അമ്പെയ്ത്ത് യാത്രയ്ക്ക് തിരശ്ശീല വീഴുന്നു. അവസാന പ്രതീക്ഷയായ അതാനു ദാസും ശനിയാഴ്ച നടന്ന പ്രീ ക്വാർട്ടറിൽ തോറ്റു. 35 -ാം സീഡായ അതാനു ദാസ് 46 -ാം സീഡ് ജപ്പാന്റെ തക്കാഹുരു ഫുറുക്കാവയോടാണ് പരാജയപ്പെട്ടത്. 6-4 എന്ന നിലയ്ക്കാണ് ജാപ്പനീസ് താരത്തിന്റെ ജയം. നേരത്തെ, ദക്ഷിണ കൊറിയയുടെ ജിങ്ങ്യക്ക് ഓയെ 6-5 എന്ന നിലയ്ക്ക് തകര്‍ത്താണ് അതാനു ദാസ് പ്രീക്വാര്‍ട്ടര്‍ പ്രവേശനം ഉറപ്പാക്കിയത്. വെള്ളിയാഴ്ച്ച ദീപിക കുമാരിയും വനിതകളുടെ അമ്പെയ്ത്തില്‍ നിന്നും പുറത്തായിരുന്നു. ദക്ഷിണ കൊറിയയുടെ ആന്‍ സാനിനോട് 6-0 എന്ന നിലയ്ക്കാണ് ദീപിക ക്വാര്‍ട്ടറില്‍ കീഴടങ്ങിയത്.

ശനിയാഴ്ചത്തെ ബോക്സിംഗിലും ഇന്ത്യ നിരാശപ്പെടും. പുരുഷന്മാരുടെ ഫ്ലൈവെയ്റ്റ് (48-52 കിലോഗ്രാം) റൗണ്ട് 16 ൽ അമിത് പങ്കൽ ദയനീയമായി തോറ്റു. ആദ്യ റൗണ്ടിൽ മുന്നിട്ട് നിന്ന ശേഷമാണ് ഇന്ത്യന്‍ താരത്തിന്റെ അപ്രതീക്ഷിത തോൽവി.
കൊളംബിയയുടെ യുബര്‍ജന്‍ മാര്‍ട്ടിനെസ് 4-1 എന്ന സ്‌കോറിന് ഇന്ത്യന്‍ താരത്തെ കീഴ്‌പ്പെടുത്തി. രാവിലെ ഗോള്‍ഫ്, ഡിസ്‌കസ് ത്രോ ഇനങ്ങൡും ഇന്ത്യ പങ്കെടുക്കുന്നുണ്ട്. ഗോള്‍ഫിലെ വ്യക്തിഗത സ്‌ട്രോക്ക് പ്ലേ ഇനത്തില്‍ അനിര്‍ബന്‍ ലഹിരി 21 ആം സ്ഥാനത്തും ഉദയന്‍ മനെ 56 ആം സ്ഥാനത്തുമാണ് തുടരുന്നത്. മത്സരം പാതിവഴി പിന്നിട്ടുകഴിഞ്ഞു.

വനിതകളുടെ ഡിസ്കസ് ത്രോയിൽ സീമ പൂനിയ പുറത്തായി. കമൽപ്രീത് കൗർ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടി. ഗ്രൂപ്പ് എ-യിൽ, സീമ പൂനിയ മൂന്ന് ശ്രമങ്ങളിൽ 60.57 മീറ്റർ മികച്ച പ്രകടനം നടത്തി. ഗ്രൂപ്പ് എയിൽ അവര്‍ ആറാം സ്ഥാനത്തെത്തി. ഗ്രൂപ്പ് ബിയില്‍ കമല്‍പ്രീത് കൗര്‍ ഗംഭീര പ്രകടനം തുടരുകയാണ്. രണ്ടാമത്തെ ശ്രമത്തില്‍ കമല്‍പ്രീത് 64 മീറ്റര്‍ ദൂരമാണ് കണ്ടെത്തിയത്. ഗ്രൂപ്പ് ബിയിലെ ഏറ്റവും മികച്ച രണ്ടാമത്തെ സ്‌കോറാണിത്. 64 മീറ്റര്‍ ദൂരമാണ് യോഗ്യതാ മാര്‍ക്ക്. ഇതേസമയം, ഈ ദൂരം കുറിച്ചവരുടെ എണ്ണം കുറവാണെങ്കില്‍ പട്ടികയിലെ ആദ്യ 12 പേരാണ് അടുത്ത റൗണ്ടുകളിലേക്ക് യോഗ്യത നേടുക.

ഇന്ത്യൻ ഷൂട്ടർമാർ വെള്ളിയാഴ്ച കളത്തിൽ തിരിച്ചെത്തി. വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻ യോഗ്യതാ മത്സരത്തിൽ തേജസ്വിനി സാവന്ത്, അഞ്ജ്, മൗദുഗിൽ എന്നിവർ മത്സരിക്കും. ബാഡ്മിന്റൺ സെമി ഫൈനലിൽ, ഇന്ത്യയുടെ പിവി സിന്ധു വൈകുന്നേരം ലോക ഒന്നാം നമ്പർ താരമായ തായ് സ്യൂയിംഗിനെയും നേരിടും.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment