ഇന്ത്യൻ-അമേരിക്കൻ റഷാദ് ഹുസൈനെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ അംബാസഡറായി ബൈഡന്‍ നാമനിര്‍ദ്ദേശം ചെയ്തു

വാഷിംഗ്ടണ്‍: ഇന്ത്യൻ-അമേരിക്കൻ അഭിഭാഷകൻ റഷാദ് ഹുസൈനെ അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തിന്റെ അംബാസഡറായി ജോ ബൈഡന്‍ നാമനിർദ്ദേശം ചെയ്തു. ഒരു സുപ്രധാന സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യപ്പെടുന്ന ആദ്യ മുസ്ലീം ആണ് 41കാരനായ റഷാദ് ഹുസൈന്‍. നിലവിൽ ദേശീയ സുരക്ഷാ കൗൺസിലിലെ പാര്‍ട്ണര്‍ഷിപ്പ് ആന്റ് ഗ്ലോബല്‍ എന്‍‌ഗേജ്മെന്റ് ഡയറക്ടറാണ്.

അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിന്റെ അംബാസഡർ അറ്റ് ലാർജ് ആയി നാമനിർദ്ദേശം ചെയ്യപ്പെടുന്ന ആദ്യ മുസ്ലീമാണ് ഹുസൈൻ എന്ന് വൈറ്റ് ഹൗസിന്റെ വെള്ളിയാഴ്ചത്തെ പ്രസ്താവനയിൽ പറഞ്ഞു. അദ്ദേഹം മുമ്പ് നീതിന്യായ വകുപ്പിന്റെ ദേശീയ സുരക്ഷാ വിഭാഗത്തിൽ സീനിയർ കൗൺസലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഒബാമയുടെ ഭരണകാലത്ത്, ഇസ്ലാമിക് കോ -ഓപ്പറേഷൻ ഓർഗനൈസേഷന്റെ (ഒഐസി) യുഎസ് സ്പെഷ്യൽ പ്രതിനിധിയായിരുന്നു. സ്ട്രാറ്റജിക് കൗണ്ടർ – ടെററിസം കമ്മ്യൂണിക്കേഷനുകൾക്കായുള്ള യുഎസ് പ്രത്യേക പ്രതിനിധി, ഡെപ്യൂട്ടി അസോസിയേറ്റ് വൈറ്റ് ഹൗസ് കൗൺസൽ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

പ്രതിനിധി എന്ന നിലയിൽ അദ്ദേഹം ഒഐസി, യുഎൻ, വിദേശ സർക്കാരുകൾ, സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകൾ, വിദ്യാഭ്യാസം, സംരംഭകത്വം, ആരോഗ്യം, അന്താരാഷ്ട്ര സുരക്ഷ, ശാസ്ത്രം, സാങ്കേതികവിദ്യ, മറ്റ് മേഖലകൾ എന്നിവയിൽ പങ്കാളിത്തം വിപുലീകരിക്കാൻ പ്രവർത്തിച്ചിട്ടുണ്ട്. മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിലെ മതവിരുദ്ധതയെ ചെറുക്കുന്നതിനും മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിനും അദ്ദേഹം നേതൃത്വം നൽകി. ഒബാമ ഭരണത്തിൽ ചേരുന്നതിന് മുമ്പ്, ഹുസൈൻ ജുഡീഷ്യല്‍ ലോ ക്ലാര്‍ക്കായി ഹൗസ് ജുഡീഷ്യറി കമ്മിറ്റിയിൽ പ്രവർത്തിച്ചിട്ടുണ്ട്.

യേൽ ലോ സ്കൂളിൽ നിന്ന് ജൂറിസ് ഡോക്ടര്‍ സ്വീകരിച്ച ഹുസൈൻ അവിടെ യേൽ ലോ ജേണലിന്റെ എഡിറ്ററായും പബ്ലിക് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റർ ബിരുദവും (കെന്നഡി സ്കൂൾ ഓഫ് ഗവൺമെന്റ്) ഹാർവാർഡ് സർവകലാശാലയിൽ നിന്ന് അറബിക്, ഇസ്ലാമിക് സ്റ്റഡീസും നേടി. ജോർജ്‌ടൗൺ ലോ സെന്ററിലും ജോർജ്‌ടൗൺ സ്‌കൂൾ ഓഫ് ഫോറിൻ സർവീസിലും അഡ്ജങ്ക്റ്റ് പ്രൊഫസറായും അദ്ദേഹം പഠിപ്പിച്ചിട്ടുണ്ട്. ഉറുദു, അറബിക്, സ്പാനിഷ് എന്നീ ഭാഷകള്‍ സംസാരിക്കും.

പാക്കിസ്താന്‍-അമേരിക്കൻ ഖിസർ ഖാനെ യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷന്‍ ഓണ്‍ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം (യുഎസ്സിഐആർഎഫ്) കമ്മീഷണറായി ബൈഡന്‍ നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment