ഡെൽറ്റ വേരിയന്റ് ചിക്കൻപോക്സ് പോലെ വ്യാപന ശേഷിയുള്ളത്; വാക്സിന്‍ സ്വീകരിച്ചവര്‍ക്കും ഇല്ലാത്തവര്‍ക്കും ഒരുപോലെ പകരും: സിഡിസി

രാജ്യമെമ്പാടും വ്യാപിക്കുന്ന ഡെൽറ്റ വേരിയന്റ് ചിക്കൻപോക്സ് പോലെ പകർച്ചവ്യാധിയാണെന്നും യഥാർത്ഥ കോവിഡ് -19നേക്കാള്‍ വ്യാപന ശേഷി കൂടുതലുള്ളതാണെന്നും സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ ആൻഡ് പ്രിവൻഷൻ നടത്തിയ പഠനത്തില്‍ പറയുന്നു.

ഇപ്പോൾ കുറഞ്ഞത് 132 രാജ്യങ്ങളില്‍ ഡെല്‍റ്റ വേരിയന്റ് വ്യാപിച്ചിട്ടുണ്ട്. ജലദോഷം, 1918 സ്പാനിഷ് ഇൻഫ്ലുവൻസ, വസൂരി, എബോള, മെർസ്, സാർസ് എന്നിവയേക്കാൾ കൂടുതൽ പകരാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വാക്സിൻ സ്വീകരിച്ചവരിലും സ്വീകരിക്കാത്തവരിലും ഈ വകഭേദം പടർത്താനുള്ള സാധ്യത തുല്യമാണെന്ന ഞെട്ടിക്കുന്ന വിവരവും ഈ റിപ്പോർട്ടിലുണ്ട്. വാഷിംഗ്ടൺ പോസ്റ്റിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

വാക്സിൻ സ്വീകരിച്ച 162 മില്ല്യൺ അമേരിക്കക്കാരിൽ 35,000 പേരിൽ നിന്നും ഡെൽറ്റ വകഭേദം വ്യാപിച്ചിരിക്കാമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. എന്നാൽ വാക്സിൻ സ്വീകരിച്ചിരുന്നതിനാൽ ഇവരിൽ രോഗലക്ഷണങ്ങൾ കഠിനമായ കേസുകൾ അപൂർവമാണെന്നും ഇവർ വാഹകർ മാത്രമായിരിക്കാമെന്നും റിപ്പോർട്ടിൽ നിരീക്ഷണമുണ്ട്.

ആൽഫ വകഭേദവും അതീവ വ്യാപന ശേഷിയുള്ളതാണ്. എന്നാൽ ഡെൽറ്റ വകഭേദത്തിൽ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാണ്. വാക്സിൻ സ്വീകരിച്ചവർ ഒരു പരിധി വരെ സുരക്ഷിതരാണെന്ന് പറയാമെങ്കിലും ഇവർ വൈറസ് വാഹകരാകുന്നത് ഗുരുതരമായ തരംഗ വ്യാപനങ്ങൾ ഉൾപ്പെടെയുള്ള സ്ഥിതിവിശേഷങ്ങളിലേക്ക് പോകുമെന്ന ആശങ്കയാണ് ആരോഗ്യ വിദഗ്ധർ പങ്ക് വെക്കുന്നത്.

ഫെഡറൽ, സംസ്ഥാന നേതാക്കൾ പൊതുജനങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രയോജനങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുകയും ചെയ്യണമെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി..

Print Friendly, PDF & Email

Leave a Comment