എന്‍എസ്എസ് ഓഫ് ബ്രിട്ടീഷ് കൊളംബിയ വാര്‍ഷികാഘോഷവും സുവനീര്‍ പ്രകാശനവും

വാൻകൂവർ, ബ്രിട്ടീഷ് കൊളംബിയ: എന്‍എസ്എസ് ഓഫ് ബ്രിട്ടീഷ് കൊളംബിയയുടെ ഒന്നാം വാര്‍ഷികവും സുവനീര്‍ പ്രകാശനവും ആഘോഷിച്ചു.

നിരവധി കലാകാരന്‍മാരും കലാകാരികളും മറ്റു പ്രമുഖരുമടങ്ങുന്ന സദസ് വാര്‍ഷികാഘോഷത്തെ ഫേസ് ബുക്ക് ലൈവിൽ നിറപ്പകിട്ടാക്കി തീര്‍ത്തു. വാര്‍ഷിക സുവനീര്‍ “മയൂഖ’ത്തിന്‍റെ പ്രകാശനം ഇന്ത്യന്‍ കോണ്‍സല്‍ ജനറലായ മനീഷാണ് നിര്‍വഹിച്ചത്. പ്രസിഡന്‍റ് തമ്പാ മോനൂർ മോഹന്‍ അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ദൃശ്യാവതരണം അനുപമ നായരാണ് നിര്‍വഹിച്ചത്. ജോയിന്‍റ് ജനറൽ സെക്രട്ടറി ഒ.വി . പ്രശാന്ത് നന്ദി പറഞ്ഞു.

മയൂഖത്തിന്‍റെ ഉള്ളടക്കം സര്‍ഗാത്മകതയും ചിന്തയും സമന്വയിപ്പിച്ച ലേഖനങ്ങളും ചെറു കഥകളും കവിതകളുംകൊണ്ട് സമ്പന്നമാണ് . ഡോ. സാം പ്രസാദ് , ഡോ. സുലോചന എന്നിവരുടെ ലേഖനങ്ങളും മയൂഖത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് .

കോവിഡ് കാലത്ത് ആരംഭിച്ച് ഇപ്പോഴും കോവിഡ് കാലത്തിലൂടെ കടന്നുപോകുന്ന എന്‍ എസ് എസിന്റെ പ്രവര്‍ത്തനവും വിജയവും പ്രശംസാവഹമാണ്. നിരവധി പരിപാടികള്‍ ഇതിനകം വിജയകരമായി നടപ്പാക്കുകയും ചെയ്തത് വലിയ നേട്ടമായി. ഇതില്‍ എടുത്തുപറയേണ്ടത് കഴിഞ്ഞ വർഷത്തെ ഓണാഘോഷത്തോടനുബന്ധിച്ച് ഷെല്‍ട്ടര്‍ ഹോമിലെ നൂറില്‍പരം അന്തേവാസികള്‍ക്ക് വിഭവസമൃദ്ധമായ ആഹാരം നല്‍കാന്‍ കഴിഞ്ഞു എന്നതാണ്. തുടര്‍ന്ന് നവരാത്രി ഉത്സവം സമുചിതമായി കൊണ്ടാടിയതാണ്. ഒമ്പത് ദിവസവും വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. ധാരാളം കലാകാരന്‍മാരും കലാകാരികളും പ്രമുഖരും പങ്കെടുത്ത് പരിപാടി ധന്യമായി.

മകരവിളക്കിനോടനുബന്ധിച്ച് അയ്യപ്പ ഭജനയും സംഘടിപ്പിച്ചത് ഭക്തി സാന്ദ്രവും വേറിട്ട അനുഭവവും പകര്‍ന്നു. പിന്നീട് ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് നാല് വെബിനാറുകളും സംഘടിപ്പിച്ചു. ഇതില്‍ കാനഡയിലേയും ഇന്ത്യയിലേയും ലോകത്തെ മറ്റു പ്രമുഖരായ ആരോഗ്യ വിദഗ്ധരും പങ്കെടുത്തത് ഏവര്‍ക്കും വിജ്ഞാനപ്രദവും അനുഗ്രഹവുമായി. ഒരുവര്‍ഷംകൊണ്ട് എന്‍എസ് എസ് ഓഫ് ബ്രിട്ടീഷ് കൊളംബിയ നടപ്പിലാക്കിയ പദ്ധതികളും നേട്ടവും മലയാളി സമൂഹത്തിന് ഏറെ അഭിമാനം പകരുന്നതാണ്.

Print Friendly, PDF & Email

Leave a Comment