റഷ്യയിലെ യു എസ് എംബസി 200 പ്രാദേശിക ജീവനക്കാരെ പിരിച്ചുവിട്ടു

റഷ്യയിലെ യുഎസ് എംബസി 200 ലധികം പ്രാദേശിക ജീവനക്കാരെ പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചു. അമേരിയ്ക്കക്കെതിരെ റഷ്യയുടെ പ്രതികാര നടപടിയുടെ ഭാഗമായി റഷ്യന്‍ മണ്ണിൽ അമേരിക്കക്കാരല്ലാത്തവരെ നിയമിക്കുന്നതിൽ നിന്ന് വിലക്കേര്‍പ്പെടുത്തിയതാണ് പിരിച്ചുവിടലിന് കാരണമായതെന്ന് യു എസ് അധികൃതര്‍ പറഞ്ഞു.

ആഗസ്റ്റ് മുതൽ തങ്ങളുടെ ഗാർഡ് ഫോഴ്സ് ഒഴികെയുള്ള റഷ്യൻ അല്ലെങ്കിൽ മൂന്നാം രാജ്യ ജീവനക്കാരെ നിലനിർത്തുന്നതിനോ നിയമിക്കുന്നതിനോ കരാർ നൽകുന്നതിനോ വിലക്കേര്‍പ്പെടുത്തി എന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വെള്ളിയാഴ്ച പ്രഖ്യാപിച്ചു.

അതേസമയം, വാഷിംഗ്ടൺ റഷ്യൻ നയതന്ത്രജ്ഞരെ പുറത്താക്കിയതിനും ഇരു രാജ്യങ്ങളിലെയും നിരവധി നയതന്ത്ര കാര്യാലയങ്ങള്‍ പരസ്പരം അടച്ചുപൂട്ടുന്നതിനും മറുപടിയായി റഷ്യയിലുടനീളമുള്ള യുഎസ് നയതന്ത്ര തസ്തികകളിൽ അമേരിക്കൻ ഇതര ജീവനക്കാരെ നിയമിക്കുന്നത് നിരോധിച്ച് ഈ വര്‍ഷം ആദ്യം തന്നെ റഷ്യ പ്രഖ്യാപനം നടത്തിയിരുന്നു.

യുഎസ് 2020 പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടൽ, മുൻ റഷ്യൻ ചാരന് വിഷം കൊടുത്ത് വധിക്കാന്‍ ശ്രമിച്ചത്, പാശ്ചാത്യ അനുകൂല ബ്ലോഗർ അലക്സി നവാൽനിയുടെ അറസ്റ്റ് മുതലായവ ആരോപിക്കപ്പെടുന്ന വാഷിംഗ്ടൺ റഷ്യന്‍ വിരുദ്ധ ഉപരോധം ആരംഭിച്ചതിന് ശേഷമാണ് ഈ പുറത്താക്കലുകളും അടച്ചുപൂട്ടലുകളും നടന്നത്. യുഎസ് ഫെഡറൽ ഏജൻസികൾക്ക് നേരെ സൈബർ ആക്രമണവും അതില്‍ ഉള്‍പ്പെടും. എന്നാല്‍, എല്ലാ ആരോപണങ്ങളും മോസ്കോ തള്ളിക്കളഞ്ഞു.

“ഈ നിർഭാഗ്യകരമായ നടപടികൾ റഷ്യ – യുഎസ് ദൗത്യങ്ങളെ സാരമായി ബാധിക്കും. ഞങ്ങളുടെ ഉദ്യോഗസ്ഥരുടെ സുരക്ഷയും റഷ്യൻ സർക്കാരുമായി നയതന്ത്രത്തിൽ ഏർപ്പെടാനുള്ള ഞങ്ങളുടെ കഴിവും ഉൾപ്പെടെ,” ബ്ലിങ്കൻ പ്രസ്താവനയിൽ പറഞ്ഞു.

മോസ്കോ, വ്‌ളാഡിവോസ്റ്റോക്ക്, യെക്കാറ്റെറിൻബർഗ് എന്നിവിടങ്ങളിലെ ഞങ്ങളുടെ നയതന്ത്ര സ്ഥാപനങ്ങളിലെ 182 പ്രാദേശിക ജീവനക്കാരെയും ഡസൻ കണക്കിന് കരാറുകാരെയും ഒഴിവാക്കാൻ ഈ നടപടി ഞങ്ങളെ പ്രേരിപ്പിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ ദുഖമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മെയ് മാസത്തിൽ നിരോധനം പ്രഖ്യാപിച്ചതിന് ശേഷം, അമേരിക്കൻ എംബസി പതിവ് കോൺസുലർ സേവനങ്ങൾ നിർത്തിവെച്ചിരുന്നു. മരണം പോലുള്ള അടിയന്തിര സാഹചര്യങ്ങളിലെ വിസകൾ മാത്രമേ പ്രൊസസ് ചെയ്യുന്നുള്ളൂ.

ഈ നടപടി റഷ്യൻ ബിസിനസുകാരെയും, എക്സ്ചേഞ്ച് വിദ്യാർത്ഥികളെയും, മാട്രിമോണിയൽ പങ്കാളികളെയുമാണ് ഏറെ ബാധിച്ചത്. അവര്‍ക്ക് റഷ്യയിൽ നിന്ന് യുഎസ് വിസ നേടാൻ കഴിയുകയില്ല.

രണ്ട് പരമ്പരാഗത എതിരാളികൾക്കിടയിൽ നിലനിൽക്കുന്ന ശത്രുതയ്ക്കിടയിലും, യുദ്ധത്തിൽ തകർന്ന അഫ്ഗാനിസ്ഥാനിൽ നിന്ന് വിനാശകരമായ പിൻവാങ്ങലിനെ തുടർന്ന് മേഖലയിൽ സൈനിക താവളങ്ങളും മറ്റ് സൗകര്യങ്ങളും സ്ഥാപിക്കാനുള്ള ശ്രമങ്ങളിൽ, മധ്യേഷ്യൻ സർക്കാരുകളുമായി അടുത്തിടെ യു എസ് നടത്തിയ ചർച്ചകളെ റഷ്യയുടെ പ്രതിരോധ മന്ത്രി ഈയ്യിടെ വിമർശിച്ചതിന് തൊട്ടുപിന്നാലെയാണ് മേല്പറഞ്ഞ നടപടികള്‍ ഇരു രാജ്യങ്ങളില്‍ നിന്നും ഉണ്ടായത്.

Print Friendly, PDF & Email

Leave a Comment