ഉത്തര കൊറിയയിലേക്ക് ഇന്ധനം കൊണ്ടുപോകുന്ന ടാങ്കർ യുഎസ് പിടിച്ചെടുത്തു; സൈന്യത്തോട് തയ്യാറായിരിക്കാൻ കിം ഉത്തരവിട്ടു

ഉത്തര കൊറിയയിലേക്ക് പെട്രോളിയം ഉൽപന്നങ്ങൾ കയറ്റി അയച്ചതിലൂടെ അന്താരാഷ്ട്ര ഉപരോധം ലംഘിച്ചെന്നാരോപിച്ച് സിംഗപ്പൂരിന്റെ ഉടമസ്ഥതയിലുള്ള ടാങ്കർ കപ്പല്‍ അമേരിക്ക പിടിച്ചെടുത്തു.

സിംഗപ്പൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതും പ്രവർത്തിപ്പിക്കുന്നതും, ഉത്തരകൊറിയൻ കപ്പലുകളിലേക്ക് എണ്ണ ഉൽപന്നങ്ങൾ കൈമാറുന്നതിനും, ഉത്തര കൊറിയയിലെ നമ്പോ തുറമുഖത്തേക്ക് നേരിട്ട് കയറ്റുമതി ചെയ്യുന്നതിനും ഉപയോഗിക്കുന്ന 2734 ടൺ കേവ് ഭാരമുള്ള ടാങ്കർ പിടിച്ചെടുത്തതായി യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് (ഡി ഒ ജെ) വെള്ളിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു.

യുഎസ് വാറന്റിന് അനുസൃതമായി 2020 മാർച്ചിൽ കംബോഡിയൻ അധികൃതർ എണ്ണ ടാങ്കർ എം/ടി കറേജസ് പിടിച്ചെടുത്തതായി ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് സ്ഥിരീകരിച്ചു.

നോര്‍ത്ത് കൊറിയ (ഡിപിആർകെ) യുടെ സാമ്പത്തിക ഉപരോധം ഒഴിവാക്കാനുള്ള ഗൂഢാലോചന, കള്ളപ്പണം വെളുപ്പിക്കൽ ഗൂഢാലോചന തുടങ്ങിയ ക്രിമിനൽ കുറ്റങ്ങൾ ഉടമയും ഓപ്പറേറ്ററുമായ സിംഗപ്പൂർ പൗരനായ ക്വെക് കീ സെങ്ങിനെതിരെ നിലനിൽക്കുന്നുവെന്ന് പ്രസ്താവനയില്‍ പറയുന്നു.

കപ്പൽ പിടിച്ചെടുത്ത് ഒരു വർഷത്തിലേറെയായിട്ടും എന്തുകൊണ്ടാണ് ക്വെക്കിനെതിരെ കുറ്റം ചുമത്താത്തതെന്ന ചോദ്യം നിലനില്‍ക്കേ തന്നെ, ന്യൂയോർക്ക് ഫെഡറൽ കോടതി വെള്ളിയാഴ്ച കപ്പൽ സംബന്ധിച്ച ജപ്തി വിധി പുറപ്പെടുവിച്ചു.

2019 ഓഗസ്റ്റിനും ഡിസംബറിനും ഇടയിലുള്ള നാല് മാസക്കാലയളവിൽ എം/ടി കറേജസ് ടാങ്കര്‍ അതിന്റെ ലൊക്കേഷന്റെ വിവരങ്ങൾ കൈമാറുന്നത് നിർത്തി വെച്ചെന്നും, ഈ സമയത്ത് ഉപഗ്രഹ ചിത്രങ്ങൾ ഒരു ഉത്തര കൊറിയൻ കപ്പലിലേക്ക് 1.5 മില്യൺ ഡോളറിലധികം എണ്ണ കൈമാറുന്നതായി കാണിച്ചതായും ഡി ഒ ജെ അവകാശപ്പെട്ടു.

യുഎസ് നിയമങ്ങളും യുഎൻ പ്രമേയങ്ങളും ലംഘിച്ച് അമേരിക്കൻ ബാങ്കുകൾ വഴി യുഎസ് ഡോളർ ഉപയോഗിച്ചാണ് എണ്ണ വാങ്ങുന്നതിനുള്ള പേയ്‌മെന്റുകൾ നടത്തിയതെന്നും പ്രസ്താവന കൂട്ടിച്ചേർത്തു.

വെള്ളിയാഴ്ച ഉത്തര കൊറിയൻ നേതാവ് രാജ്യത്തെ സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതായും, അടുത്ത മാസം ദക്ഷിണ കൊറിയയും അമേരിക്കയും തമ്മിലുള്ള വാർഷിക അഭ്യാസങ്ങൾക്ക് മുമ്പായി ഏതെങ്കിലും വിദേശ പ്രകോപനങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ നടത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.

ഉത്തര കൊറിയയുടെ സൈനിക ശക്തി വർദ്ധിപ്പിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ ചർച്ച ചെയ്യാൻ ജൂലൈ 24 മുതല്‍ 27 വരെ കിം സൈനിക കമാൻഡർമാരുടെയും രാഷ്ട്രീയ ഉദ്യോഗസ്ഥരുടെയും വർക്ക്ഷോപ്പ് നടത്തിയിരുന്നുതായി ഉത്തര കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി (കെസിഎൻഎ) റിപ്പോര്‍ട്ട് ചെയ്തു.

കൂടിക്കാഴ്ചയിൽ, ശത്രുക്കളുടെ ഏതെങ്കിലും സൈനിക പ്രകോപനത്തെ സജീവമായും ആക്രമണാത്മകമായും നേരിടാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കുന്നതിൽ കമാൻഡർമാരും രാഷ്ട്രീയ ഉദ്യോഗസ്ഥരും ശ്രദ്ധിക്കണമെന്ന് കിം ഊന്നിപ്പറഞ്ഞതായി കെസിഎൻഎ റിപ്പോര്‍ട്ട് ചെയ്തു.

യുഎസിനേയും ദക്ഷിണ കൊറിയയേയും വ്യക്തമായി പരാമർശിച്ച് “ശത്രുതാപരമായ ശക്തികൾ” മുൻകൈയെടുത്ത് ആക്രമണം നടത്തിയാല്‍ “പ്രത്യാക്രമണത്തിനുള്ള ” എല്ലാത്തരം “യുദ്ധ അഭ്യാസങ്ങൾ” ശക്തിപ്പെടുത്താനും തങ്ങളുടെ കഴിവുകൾ ശക്തിപ്പെടുത്തുകയാണെന്ന് കിം പറഞ്ഞു.

ഉത്തരകൊറിയൻ നേതാവ് രാജ്യത്തെ സൈനിക ഉദ്യോഗസ്ഥരോട് അവരുടെ യൂണിറ്റുകളുടെ പോരാട്ട കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന് കൂടുതൽ പരിശ്രമിക്കണമെന്ന് ഉത്തരവിട്ടതായി കെസിഎൻഎ പറയുന്നു.

Print Friendly, PDF & Email

Leave a Comment