സീറോ മലബാര്‍ സഭയ്ക്ക് പിന്നാലെ മലങ്കര കത്തോലിക്കാ സഭയും; കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് 2000 രൂപ പ്രതിമാസ ധനസഹായം

പത്തനംതിട്ട: നാലോ അതില്‍ കൂടുതലോ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് ധനസഹായവും മറ്റു ആനുകൂല്യങ്ങളും പ്രഖ്യാപിച്ച സീറോ മലബാര്‍ സഭയുടെ വിളംബരത്തിന്റെ ചുവടുപിടിച്ച് മലങ്കര കത്തോലിക്കാ സഭയും രംഗത്ത്. നാലു കുട്ടികളുള്ള കുടുംബങ്ങൾക്ക് പ്രതിമാസം 2000 രൂപ ധനസഹായം നല്‍കുന്നതിനു പുറമെ പ്രസവ ചികിത്സാ സഹായവും, ജോലിക്ക് മുൻഗണന എന്നിവയുമാണ് മലങ്കര കത്തോലിക്കാ സഭയുടെ പത്തനം‌തിട്ട രൂപത വാഗ്ദാനം പ്രഖ്യാപിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം സീറോ മലബാർ സഭയുടെ പാലാ രൂപത ഇത്തരത്തില്‍ ഒരു വിളംബരം പുറപ്പെടുവിച്ചിരുന്നു. നാലോ അതില്‍ കൂടുതലോ കുട്ടികള്‍ ഉള്ള കുടുംബങ്ങള്‍ക്ക് 2000 രൂപ പ്രതിമാസ അലവന്‍സും മറ്റു സഹായങ്ങളുമാണ് അവര്‍ വാഗ്ദാനം ചെയ്തിരുന്നത്. ഇതിനു പിന്നാലെയാണ് മലങ്കര കത്തോലിക്ക സഭയുടെ പത്തനംതിട്ട രൂപതാദ്ധ്യക്ഷന്റെ പേരില്‍ സർക്കുലർ പുറത്തിറങ്ങിയിരിക്കുന്നത്.

കൃസ്ത്യന്‍ സമുദായത്തില്‍ കുട്ടികളുടെ എണ്ണം വലിയ തോതില്‍ കുറയുകയാണെന്നും തന്മൂലം ജനസംഖ്യയും കുറയുകയാണെന്നാണ് രൂപതാദ്ധ്യക്ഷന്മാര്‍ പറയുന്നത്. ഇത് ഒഴിവാക്കാൻ കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾക്ക് സഹായങ്ങൾ നൽകുമെന്നാണ് സർക്കുലർ പറയുന്നത്.

രണ്ടായിരത്തിനു ശേഷം വിവാഹിതരായ, നാലോ അതിൽ അധികമോ കുട്ടികളുള്ള കുടുംബങ്ങൾക്ക് പ്രതിമാസം 2000 രൂപ വീതം നൽകാൻ രൂപത തയ്യാറാണ്. ഇത്തരം കുടുംബങ്ങളിൽനിന്നുള്ള കുട്ടികൾക്ക് സ്കൂൾ പ്രവേശനത്തിൽ ഉൾപ്പെടെ മുൻഗണന നൽകും. കൂടാതെ ഇത്തരം കുടുംബങ്ങളിൽ നിന്നുള്ളവർക്ക് സഭാ സ്ഥാപനങ്ങളിലും ജോലിക്കും മുൻഗണന നൽകുമെന്നും സർക്കുലർ പറയുന്നു.

Print Friendly, PDF & Email

Leave a Comment