മൂന്നു പേരുടെ മരണത്തിനിടയാക്കിയ ബൈക്ക് അപകടം; മത്സരയോട്ടം നടത്തിയ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു

കോട്ടയം: ചങ്ങനാശ്ശേരിയില്‍ ബൈക്കുകളുടെ മത്സരയോട്ടത്തില്‍ ഒരു ബൈക്ക് മറ്റൊരു ബൈക്കിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ റോഡില്‍ പൊലിഞ്ഞു വീണത് മൂന്ന് ജീവനുകളാണ്. ജൂലൈ 28ന് വൈകീട്ട് ആറു മണിയോടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. ബൈക്ക് മത്സരയോട്ടം നടത്തി മരണപ്പെട്ട ശരത്തിന്റെ ബൈക്കിന്റെ വേഗത 145 കിലോമീറ്ററായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ശരത്തിന്റെ ഹെല്‍മറ്റില്‍ ഘടിപ്പിച്ച ഗോപ്രൊ ക്യാമറയില്‍ പതിഞ്ഞ വീഡിയോ ദൃശ്യങ്ങളില്‍ നിന്നാണ് പോലീസിന് ഈ വിവരം ലഭിച്ചത്. ക്യാമറയില്‍ രണ്ട് ഫയലുകളാണുള്ളതെന്നും ഇടയ്ക്കിടെ ക്യാമറ സ്പീഡോ മീറ്ററിലേക്ക് ഫോക്കസ് ചെയ്യുന്നുണ്ടെന്നും ഡിവൈ എസ് പി ആര്‍. ശ്രീകുമാര്‍ പറഞ്ഞു. ഇതില്‍ 144-145 കിലോമീറ്ററാണ് വേഗം കണിക്കുന്നതെന്നും രണ്ടാമത്തെ ഫയലില്‍ അപകടത്തിന്റെ തുടക്കത്തിലെ ദൃശ്യമാണന്നും അദ്ദേഹം വ്യക്തമാക്കി.

അപകട സമയത്ത് ശരത് ധരിച്ചിരുന്ന ഹെൽമെറ്റിൽ ഘടിപ്പിച്ചിരുന്ന ക്യാമറയിൽ നിന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് ദൃശ്യങ്ങൾ കണ്ടെടുത്തു. പ്രദേശവാസികൾ പറയുന്നതനുസരിച്ച്, ബൈക്ക് റോഡിൽ പലതവണ അങ്ങോട്ടുമിങ്ങോട്ടും അമിതവേഗതയില്‍ പായുകയായിരുന്നു. ഇവിടെ ഇത്തരം അഭ്യാസങ്ങള്‍ പതിവാണെന്നും നാട്ടുകാര്‍ പറഞ്ഞു. അപകടത്തില്‍ മരിച്ച പി എസ് ശരത്തിന് ഒപ്പമുണ്ടായിരുന്ന മൂന്ന് യുവാക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

മൂന്ന് ബൈക്കുകളിലാണ് യുവാക്കൾ ബൈപാസിൽ എത്തിയതെന്ന് പോലീസ് കണ്ടെത്തി. മറ്റ് രണ്ട് ബൈക്കുകൾ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സൗത്ത് സോണ്‍ ട്രാഫിക് എസ് പി ബി കൃഷ്ണകുമാര്‍ അപകടം നടന്ന സ്ഥലം സന്ദര്‍ശിച്ചു. പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. പ്രദേശത്ത് അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി പ്രത്യേക പദ്ധതികള്‍ ആസൂത്രണം ചെയ്യാനും പരിശോധനകള്‍ കര്‍ശനമാക്കാനും എസ് പി നിര്‍ദേശം നല്‍കി.

പോത്തോട് അമൃതശ്രീ വീട്ടില്‍ മുരുകന്‍ ആചാരി(67), ചങ്ങനാശ്ശേരി ടി ബി റോഡില്‍ കാര്‍ത്തിക ജൂവലറി ഉടമ പുഴവാത് കാര്‍ത്തിക ഭവനില്‍ സേതുനാഥ് നടേശന്‍ (41), പുതുപ്പള്ളി തച്ചുകുന്ന് പാലച്ചുവട്ടില്‍ പി എസ് ശരത് (18) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. മുരുകന്‍ ആചാരി പുഴവാതിലെ വീട്ടിലെത്തി സേതുനാഥിനെയും കൂട്ടി കോട്ടയത്തേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്. ഇവര്‍ കച്ചവടാവശ്യത്തിനായാണ് പോയത്. സേതുനാഥ് ഓടിച്ചിരുന്ന ബൈക്കിലേക്ക്, റേസിങ് നടത്തുകയായിരുന്ന ശരത്തിന്റെ ബൈക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മൂന്നുപേരും റോഡിലേക്ക് തെറിച്ചുവീണു. രണ്ടുപേര്‍ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. റേസിങ്ങിനെത്തിയ മറ്റൊരു ബൈക്ക് അപകടം നടന്നയുടനെ നിര്‍ത്താതെ പോയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇത്തരം അഭ്യാസ പ്രകടനങ്ങള്‍ ഇവിടെ പതിവ് കാഴ്ചയാണെന്നും നാട്ടുകാര്‍ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment