മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കോവിഡ് വ്യാപനം കുതിച്ചുയരുന്നു; ശക്തമായ നിർദ്ദേശങ്ങളുമായി കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ് -19 വർദ്ധിച്ചുകൊണ്ടിരിക്കുന്ന കേരളം ഉൾപ്പെടെ 10 സംസ്ഥാനങ്ങളിലെ സ്ഥിതി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ അവലോകനം ചെയ്യുമെന്നും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ അണുബാധ കുറവാണെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. അതനുസരിച്ച് കേരളം, മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒഡീഷ, അസം, മിസോറാം, മേഘാലയ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങള്‍ക്ക് ശക്തമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കേന്ദ്രം ഇതിനകം ആറ് അംഗങ്ങളുള്‍പ്പെട്ട മൾട്ടി ഡിസിപ്ലിനറി ടീമിനെ കേരളത്തിലേക്ക് അയച്ചിട്ടുണ്ട്. അവര്‍ കോവിഡ് -19 സാഹചര്യം നിരീക്ഷിക്കുകയും ദക്ഷിണേന്ത്യയിലെ അണുബാധയുടെ വ്യാപനം നിയന്ത്രിക്കാനുള്ള നടപടികൾ നിർദ്ദേശിക്കുകയും ചെയ്യും. നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി) ഡയറക്ടർ ഡോ.സുജീത് സിംഗിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം വെള്ളിയാഴ്ച രാത്രി തിരുവനന്തപുരത്തെത്തിയിട്ടുണ്ട്.

“നിരവധി ആശങ്കകളുണ്ട്, പോസിറ്റിവിറ്റി നിരക്ക് വർദ്ധിക്കുന്നത് ഒന്നാണ്. കേസുകൾ എല്ലായിടത്തും കുറയുന്നു, കേരളത്തിൽ മാത്രം വ്യാപനം വര്‍ദ്ധിക്കുന്നു,” ടീമിന്റെ ഭാഗമായ ഡയറക്ടർ സിംഗ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരുമായി ഇത് ചർച്ച ചെയ്യുകയും കാര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാമെന്നും ആലോചിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

വാക്സിനേഷൻ വേഗത്തിലാക്കാനും പരിശോധനകൾ വർധിപ്പിക്കാനുമാണ് നിർദേശം. 10 ശതമാനത്തിലധികം ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റുള്ള ജില്ലകളിൽ കർശന നിയന്ത്രണം വേണമെന്നും നിർദേശമുണ്ട്. ഇവിടങ്ങളിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കണം.

കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ക്ലസ്റ്ററുകളിൽ ശക്തമായ നിയന്ത്രണം ഏർപ്പെടുത്തണം. കേസുകളുടെ അടിസ്ഥാനത്തിൽ കണ്ടെയ്ൻമെന്റ് സോണുകളാക്കി തിരിക്കണമെന്നും കേന്ദ്രം നിർദേശിക്കുന്നു. കേരളത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് മുകളിൽ തുടരുകയാണ്.

Print Friendly, PDF & Email

Related News

Leave a Comment