ടോക്കിയോ ഒളിമ്പിക്സ് 2021: വനിതകളുടെ 200 മീറ്ററില്‍ ഇന്ത്യയ്ക്ക് നിരാശ; ദ്യുതി ചന്ദിന് മുന്നേറാനായില്ല

ടോക്കിയോ: ടോക്കിയോ: അത്‌ലറ്റിക്‌സിൽ ഇന്ത്യയ്ക്ക് തിങ്കളാഴ്ച നിരാശാജനകമായ തുടക്കം. വനിതകളുടെ 200 മീറ്ററിൽ ഇന്ത്യയുടെ ദ്യുതി ചന്ദ് അവസാന സ്ഥാനത്തെത്തി. ആദ്യ റൗണ്ട് ഹീറ്റിൽ താരം 23.85 സെക്കൻഡ് പൂർത്തിയാക്കി. ഇന്ന്, ദ്യുതി ചന്ദ് ഏഴാം സീസണിലെ മികച്ച സമയം കണ്ടെത്തി. പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനക്കാർ അടുത്ത റൗണ്ടുകളിലേക്ക് യോഗ്യത നേടും.

നമീബിയയുടെ ക്രിസ്റ്റീൻ എംബോമ വനിതകളുടെ 200 മീറ്ററിൽ 22.11 സെക്കൻഡിൽ ഒന്നാമതെത്തി. 22.20 സെക്കന്‍ഡുകള്‍ കുറിച്ച് അമേരിക്കയുടെ ഗബ്രിയേല തോമസ് രണ്ടാമതും 22.72 സെക്കന്‍ഡുകളുമായി നൈഗറിന്റെ അമിനാതു സെയ്‌നി മൂന്നാമതുമായി അടുത്ത റൗണ്ടുകളിലേക്ക് മുന്നേറി. നേരത്തെ, 100 മീറ്ററിലും ദ്യുതി ചന്ദ് അവസാനക്കാരിയായിരുന്നു.

എന്തായാലും, തിങ്കളാഴ്ച അത്‌ലറ്റിക്സിൽ ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷയുണ്ട്. വനിതകളുടെ ഡിസ്കസ് ത്രോ ഫൈനലിൽ മത്സരിക്കുന്ന കമൽപ്രീത് കൗർ ഇന്ത്യക്ക് വേണ്ടി മൂന്നാം മെഡൽ നേടുമെന്ന ആത്മവിശ്വാസത്തിലാണ് കായിക പ്രേമികള്‍. യോഗ്യതാ മത്സരത്തില്‍ ഗംഭീര പ്രകടനം കുറിച്ചുകൊണ്ടാണ് താരം ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടിയത്. ശനിയാഴ്ച്ച നടന്ന ഗ്രൂപ്പ് ബി മത്സരത്തില്‍ കമല്‍പ്രീത് 64 മീറ്റര്‍ ദൂരം താണ്ടുകയായിരുന്നു. ഒളിമ്പിക്‌സ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഡിസ്‌കസ് ത്രോയില്‍ 64 മീറ്റര്‍ മാര്‍ക്ക് പിന്നിടുന്നത്.

യോഗ്യതാ മത്സരത്തിലെ ആദ്യ ശ്രമത്തില്‍ 62 മീറ്ററും രണ്ടാം ശ്രമത്തില്‍ 63.97 മീറ്ററും കുറിച്ചതിന് ശേഷമാണ് കമല്‍പ്രീത്തിന്റെ 64 മീറ്റര്‍ പ്രകടനം. വനിതകളുടെ ഡിസ്‌കസ് ത്രോയില്‍ ഇക്കുറി രണ്ടു പേര്‍ മാത്രമേ നേരിട്ട് ഫൈനല്‍ യോഗ്യത നേടിയിട്ടുള്ളൂ. ഒരാള്‍ കമല്‍പ്രീതും മറ്റൊരാള്‍ അമേരിക്കയുടെ വലേറിയ ഓള്‍മാനുമാണ്. യോഗ്യതാ മത്സരത്തില്‍ 66.42 മീറ്റര്‍ ദൂരം കുറിക്കാന്‍ ഓള്‍മാന് സാധിച്ചു.

നിലവില്‍ രണ്ടു മെഡലുകള്‍ ടോക്കിയോ ഒളിമ്പിക്‌സില്‍ ഇന്ത്യ നേടിയിട്ടുണ്ട്. വനിതകളുടെ ഭാരോദ്വഹനത്തില്‍ മീരാബായ് ചാനുവും വനിതകളുടെ ബാഡ്മിന്റണില്‍ പിവി സിന്ധുവുമാണ് ഇന്ത്യയുടെ യശസുയര്‍ത്തിയത്. 49 കിലോഗ്രാം ഭാരോദ്വഹനത്തില്‍ 202 കിഗ്രാം ഉയര്‍ത്തിയായിരുന്നു ചാനുവിന്റെ വെള്ളി നേട്ടം. സ്‌നാച്ച് ഇനത്തില്‍ 87 കിലോയും ക്ലീന്‍ ആന്റ് ജര്‍ക്ക് ഇനത്തില്‍ 115 കിലോയും താരം ഉയര്‍ത്തി. ഒളിംപിക്സ് ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ രണ്ടാമത്തെ മാത്രം മെഡലും ആദ്യത്തെ വെള്ളിയുമാണിത്. 2000ലെ സിഡ്നി ഗെയിംസില്‍ കര്‍ണം മല്ലേശ്വരി വെങ്കലം നേടിയതായിരുന്നു നേരത്തേ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ ഏക മെഡല്‍. ഇതാണ് ചാനു ഇത്തവണ തിരുത്തിയത്.

ഞായറാഴ്ച നടന്ന ബാഡ്മിന്റൺ സിംഗിൾസ് വെങ്കല മെഡൽ മത്സരത്തിൽ പിവി സിന്ധു ഇന്ത്യയുടെ രണ്ടാമത്തെ ഒളിമ്പിക് മെഡൽ നേടി. ചൈനയുടെ ഹി ബ്ങ്ജിയോവോയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് സിന്ധു തോല്‍പ്പിക്കുകയായിരുന്നു. സ്‌കോര്‍: 21-13, 21-15. ഒളിമ്പിക്‌സില്‍ സിന്ധുവിന്റെ രണ്ടാമത്തെ മെഡല്‍ നേട്ടമാണിത്. തുടര്‍ച്ചയായി രണ്ടു ഒളിമ്പിക്‌സുകളില്‍ മെഡല്‍ കുറിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരവും ഇപ്പോള്‍ സിന്ധു മാത്രം. റിയോ ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍ താരം കുറിച്ചിരുന്നു. നേരത്തെ, പുരുഷ വിഭാഗത്തില്‍ ഗുസ്തി താരം സുശീല്‍ കുമാര്‍ രണ്ടു മെഡല്‍ നേട്ടം കണ്ടെത്തിയിട്ടുണ്ട്. 2008, 2012 ഒളിമ്പിക്‌സുകളിലാണ് സുശീല്‍ കുമാര്‍ തുടരെ മെഡല്‍ നേട്ടവുമായി ലോകശ്രദ്ധ നേടിയത്.

റിപ്പോര്‍ട്ട്: പ്രദീപ് മേനോന്‍

Print Friendly, PDF & Email

Related News

Leave a Comment