രണ്ടു തവണ ഹോക്കി സ്റ്റിക്ക് ഉപേക്ഷിക്കാൻ തീരുമാനിച്ച സവിത ഇന്ന് ഇന്ത്യയുടെ ‘വന്‍ മതില്‍’

ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യൻ വനിതകൾ സെമിയിലെത്തിയപ്പോൾ ചരിത്രം സൃഷ്ടിച്ച ഒരു കളിക്കാരിയുണ്ട്. അത് മറ്റാരുമല്ല ഇന്ത്യൻ ഗോൾ വല കാത്ത സവിത പൂനിയയാണത്. എതിരാളികളുടെ ഓരോ നീക്കവും നിഷ്പ്രഭമാക്കിയ സവിതയുടെ പോരാട്ട വീര്യത്തിന് കാരണം ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിച്ച അനുഭവ സമ്പത്താണ്.

2003 ൽ ഹരിയാനയിലെ സിർസയിലെ സർക്കാർ ഹോക്കി നഴ്സറിയിൽ ചേർന്നതു മുതൽ സവിത പോരാടുകയാണ്. ജോദ്കയിലെ തന്റെ ഗ്രാമത്തിൽ നിന്ന് പരിശീലകൻ സുന്ദർ സിംഗ് ഖരാബിന്റെ കളരിയിലെത്താന്‍ അവർക്ക് ദിവസേന മണിക്കൂറുകളോളം പൊതുഗതാഗതത്തെ ആശ്രയിക്കേണ്ടിവന്നിട്ടുണ്ട്. രണ്ട് കിറ്റുകള്‍ ഉണ്ടായിരുന്നതുകൊണ്ട് കണ്ടക്ടർമാർ ബസ്സില്‍ കയറ്റാത്തതിനെയും കയറ്റിയാൽ തന്നെ തന്റെ കിറ്റിൽ ചവിട്ടുന്നതിനെക്കുറിച്ചും കുഞ്ഞ് സവിത തന്റെ പിതാവിനോട് പരിഭവം പറയുമായിരുന്നു. ഇന്ന് ഒരു ടീമിന്റെയും 130 കോടി ജനങ്ങളുടെയും ഭാരം പേറുന്ന കിറ്റുമായാണ് അവർ ഗോൾവല കാക്കുന്നത്. ഓസ്ട്രേലിയക്കെതിരായ ക്വർട്ടർ ഫൈനൽ പോരാട്ടത്തിൽ ഏറെ നിർണായകമായത് 30കാരി സവിതയുടെ പ്രകടനമാണ്.

മുത്തച്ഛന്റെ ആഗ്രഹത്തിന് വഴങ്ങിയാണ് സവിത ഹോക്കി സ്റ്റിക്കെടുക്കുന്നത്. ഹോക്കി കളിക്കാൻ താൽപര്യമില്ലാതിരുന്ന ആദ്യ കാലത്ത് സവിതയെ സംബന്ധിച്ചടുത്തോളം ഗോൾ കീപ്പിങ് കിറ്റും ചുമന്നുകൊണ്ടുള്ള ഈ യാത്ര അത്രത്തോളം മടുപ്പിച്ചിരുന്നു. അന്നേ കളി അവസാനിപ്പിക്കാൻ തീരുമാനിച്ചതാണ്. എന്നാൽ മുത്തച്ഛന്റെ വാശിയാണ് കളിയിൽ പിടിച്ചു നിർത്തിയത്.

പിന്നെ പതുക്കെ ഹോക്കി ഇഷ്ടപ്പെട്ടു തുടങ്ങി. ഇന്ത്യൻ കുപ്പായത്തിൽ വല കാക്കാനുള്ള വലിയ ഉത്തരവാദിത്വം വരെ അവളെ തേടിയെത്തി. രാജ്യത്തിനായി നിരവധി വിജയങ്ങൾ നേട്ടങ്ങൾ. എന്നാൽ അന്നൊന്നും ഇത്രമേൽ പ്രാധാന്യം സവിതയ്ക്ക് ലഭിച്ചിട്ടുണ്ടാകില്ല. ഇന്ന് അവർ രാജ്യത്തിന്റെ അഭിമാനമാണ്. ആദ്യമായി ഇന്ത്യൻ വനിതകൾ ഒളിംപിക്സ് ഹോക്കി സെമിയിൽ. പുരുഷ ടീമിലെ മലയാളി ഗോൾകീപ്പർ പി.ആർ ശ്രീജേഷിനെപോലെ ഇന്ത്യയുടെ വൻമതിൽ തന്നെയാണ് സവിതയും.

എന്നാൽ ഒളിമ്പിക്സിന് ടിക്കറ്റ് ലഭിക്കുന്നതിന് തൊട്ടുമുമ്പ് സവിത വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയായിരുന്നു. ഒളിമ്പിക്സ് യോഗ്യതാ മത്സരങ്ങളിൽ യുഎസിനെതിരായ അവസാന മത്സരം ഇന്ത്യയ്ക്ക് നിർണായകമായിരുന്നു. രണ്ടാം പാദത്തിന്റെ തുടക്കത്തിൽ ആദ്യ പാദത്തിലെ മികച്ച പ്രകടനം ആവർത്തിക്കാൻ കഴിയാതെ വന്നപ്പോൾ സവിതയുടെ ഹൃദയം തകർന്നു. അതോടെ വിരമിക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഇന്ത്യൻ നായികയുടെ ഗോളാണ് ഇന്ത്യയെയും സവിതയെയും മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

റിപ്പോര്‍ട്ട്: പ്രദീപ്

Print Friendly, PDF & Email

Leave a Comment