ഡല്‍ഹിയില്‍ മറ്റൊരു ഹാത്രാസ്; 9 വയസ്സുകാരിയെ ക്രൂരമായി കൂട്ട ബലാത്സംഗം ചെയ്തു; മൃതദേഹം ദഹിപ്പിച്ചു; പൂജാരിയടക്കം നാല് പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: യുപിയിലെ ഹാത്രസില്‍ പെണ്‍കുട്ടിയെ ക്രൂരമായി കൂട്ട ബലാത്സംഗം ചെയ്ത് മൃതദേഹം ദഹിപ്പിച്ചു കളഞ്ഞ സംഭവം ഇപ്പോള്‍ ഡൽഹിയിലും ആവര്‍ത്തിക്കുന്നു. ഡല്‍ഹി കന്റൊണ്മെന്റിലെ പുരാന നംഗൽ റായയിലെ ശ്മശാനത്തില്‍ വെച്ചാണ് 9 വയസ്സുള്ള പെൺകുട്ടിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത് മൃതദേഹം ശ്മശാനത്തിൽ തന്നെ ദഹിപ്പിച്ചത്.

കുടുംബാംഗങ്ങളുടെ പരാതിയെത്തുടര്‍ന്ന് ഡൽഹി കന്റൊണ്മെന്റ് പോലീസ് സംഭവസ്ഥലത്തെത്തി. കൊലപാതകം, കൂട്ടബലാത്സംഗം, തെളിവുകൾ മറച്ചുവെക്കൽ, പോക്സോ, എസ്ടിഎസ്‌സി നിയമം, 506 വകുപ്പുകൾ എന്നിവ പ്രകാരം പൂജാരി ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റു ചെയ്യുകയും കേസെടുക്കുകയും ചെയ്തു.

ഞായറാഴ്ച രാത്രി 10.30 ഓടെ ഒൻപത് വയസുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായും മൃതദേഹം ദഹിപ്പിച്ചതായും പോലീസിന് വിവരം ലഭിച്ചതായി ഡപ്യൂട്ടി പോലീസ് കമ്മീഷണർ പിണ്ടിത് പ്രതാപ് സിംഗ് പറഞ്ഞു. ഇരുനൂറിലധികം ആളുകൾ ശ്മശാനത്തിന് പുറത്ത് സംഘർഷം സൃഷ്ടിക്കുന്നുവെന്ന വിവരത്തെത്തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയതും പെണ്‍‌കുട്ടിയുടെ അമ്മയുമായി സംസാരിച്ചതും.

ഞായറാഴ്ച വൈകുന്നേരം 5.30 ഓടെ ശ്മശാനത്തിൽ സ്ഥാപിച്ചിട്ടുള്ള വാട്ടർ കൂളറിൽ നിന്ന് തണുത്ത വെള്ളം എടുക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങിയതായി പെൺകുട്ടിയുടെ അമ്മ പോലീസിനോട് പറഞ്ഞു. അതിനുശേഷം അവൾ തിരികെ വന്നില്ല. 6.30 ഓടെ, ശ്മശാനത്തിലെ പണ്ഡിറ്റ് രാധേശ്യാം അവരെ ശ്മശാനത്തിലേക്ക് വിളിപ്പിച്ചു. പെൺകുട്ടിയുടെ കുടുംബം അവിടെ എത്തിയപ്പോൾ, അവരുടെ കുട്ടി വൈദ്യുതാഘാതമേറ്റ് മരിച്ചുവെന്ന് പറഞ്ഞു. പെൺകുട്ടിയുടെ ചുണ്ടുകൾ നീലയും കൈത്തണ്ടയിൽ പൊള്ളലേറ്റ പാടുകളും ഉണ്ടായിരുന്നുവെന്നും അമ്മ പറഞ്ഞു.

അത് കണ്ടയുടൻ അമ്മ പോലീസിനെ വിളിക്കാൻ ശ്രമിച്ചെങ്കിലും പോസ്റ്റ്‌മോർട്ടം ചെയ്ത് അവയവങ്ങൾ മോഷ്ടിക്കുമെന്ന് പറഞ്ഞ് പുരോഹിതൻ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തി കുട്ടിയെ സംസ്കരിച്ചു. വിവരം പ്രദേശമൊട്ടാകെ അറിഞ്ഞതിനെത്തുടര്‍ന്നാണ് ജനങ്ങള്‍ ശ്മശാനത്തിന് പുറത്ത് ഒത്തുകൂടാൻ തുടങ്ങിയത്.

പണ്ഡിറ്റും കൂട്ടാളികളും പെൺകുട്ടിയെ ബലാത്സംഗം ചെയ്തുവെന്ന് ജനക്കൂട്ടം ആരോപിച്ചു. പെൺകുട്ടിയെ പീഡിപ്പിച്ച ശേഷമാണ് പ്രതികള്‍ കൊലപ്പെടുത്തിയതെന്ന് അവര്‍ പറഞ്ഞു. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാൻ മൃതദേഹം ദഹിപ്പിച്ചു. ബഹളത്തെ കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് ഡൽഹി കന്റോണ്മെന്റ് പോലീസ് സ്റ്റേഷനിലെയും ജില്ലാ പോലീസിലെയും ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. എന്നാൽ പോലീസ് കൊലപാതകം, ബലാത്സംഗം എന്നീ വകുപ്പുകൾ കേസിൽ ചുമത്തിയിട്ടില്ലെന്ന് അറിഞ്ഞപ്പോൾ ജനങ്ങള്‍ പ്രതിഷേധം ആരംഭിച്ചു. തിങ്കളാഴ്ച പകൽ മുഴുവൻ സ്ഥലത്ത് ബഹളം തുടർന്നു. പ്രാദേശിക എംഎൽഎമാരും സ്ഥലത്തെത്തി പോലീസിന്റെ കർശന നടപടി ആവശ്യപ്പെട്ടു.

പെൺകുട്ടിയുടെ അമ്മയുടെ മൊഴി പ്രകാരം പോലീസ് ഫോറൻസിക് സംഘത്തെയും ക്രൈം ടീമിനെയും വിളിച്ച് തെളിവുകൾ ശേഖരിച്ചു. പണ്ഡിറ്റിനെയും സഹായികളായ മൂന്ന് പേരെയും പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ ചോദ്യം ചെയ്തുവരികയാണ്. വാട്ടർ കൂളറിനെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം, ഡൽഹി വനിതാ കമ്മീഷന്‍ സംഘവും സംഭവസ്ഥലത്തെത്തി കുടുംബാംഗങ്ങളെ കാണുകയും അവർക്ക് സഹായം ഉറപ്പുനൽകുകയും ചെയ്തു. പോലീസിൽ നിന്ന് കർശന നടപടിയും ആവശ്യപ്പെട്ടു.

കേസിൽ കൂട്ടബലാത്സംഗം, കൊലപാതകം എന്നീ വകുപ്പുകൾ ചേർക്കണമെന്ന് കമ്മീഷൻ അംഗങ്ങൾ ആവശ്യപ്പെട്ടു. പ്രാഥമിക അന്വേഷണത്തിന് ശേഷം പോലീസ് ഉദ്യോഗസ്ഥർ കേസിൽ മറ്റ് നിരവധി വകുപ്പുകൾ ചേർത്തു. കൊലപാതകമല്ലാത്ത നരഹത്യയുടെ വകുപ്പുകൾ പ്രകാരമാണ് നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്.

ജനങ്ങള്‍ പറയുന്നതനുസരിച്ച്, ശ്മശാനത്തിലെ പണ്ഡിറ്റും കൂട്ടാളികളും മൈതാനത്തിനുള്ളിൽ തന്നെ വെച്ച് ബലാത്സംഗം ചെയ്തു. വെള്ളം എടുക്കാൻ പോയ പെൺകുട്ടിയെ പ്രതി ബലമായി വലിച്ചിഴച്ച്, ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി. കുറ്റകൃത്യം നടത്തിയ ശേഷം കൊല്ലുകയും ചെയ്തു. കൊലപാതകം മറച്ചുവെയ്ക്കാന്‍ ബന്ധുക്കളെ വിളിച്ച് പ്രതികള്‍ വൈദ്യുതാഘാതത്തിന്റെ കഥ സൃഷ്ടിക്കുകയും അവർ വിസമ്മതിച്ചിട്ടും മൃതദേഹം ദഹിപ്പിക്കുകയും ചെയ്തു.

ഡല്‍ഹിയിലെ ഈ ശ്മശാനം ഒന്നര മാസം മുമ്പ് പോലും വിവാദങ്ങൾക്ക് വിധേയമായിരുന്നു. ഈ ശ്മശാനത്തിൽ, ഇന്ത്യൻ സൈന്യത്തിലെ രണ്ട് സൈനികർ രണ്ട് സഹോദരിമാരെ ബലാത്സംഗം ചെയ്ത സംഭവം നടന്നിരുന്നു. രാത്രി വൈകി ഈ വഴി നടന്നു പോയ രണ്ട് സഹോദരിമാരെ പ്രതികൾ പിടികൂടുകയും ശ്മശാനത്തിലെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി ബലാസ്തംഗം ചെയ്യുകയും ചെയ്ത സംഭവം ഏറേ കോളിളക്കം സൃഷ്ടിച്ചിരുന്നു. അതിനുശേഷം ഇവിടത്തെ സുരക്ഷയെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നിരുന്നു.

 

Print Friendly, PDF & Email

Leave a Comment