നിർമ്മല ഹൃദയങ്ങൾ വാടാതിരിക്കട്ടേ: ജയശങ്കർ പിള്ള

ഓരോ ദിനവും നാം കണ്ടുമുട്ടുകയും, ഇടപഴകുകയും ചെയ്യുന്നത് വ്യത്യസ്തമായ മനസ്സുകളുടെ ഉടമകളുമായാണ്. പലപ്പോഴും നല്ലതും ചീത്തയും ആയ പല അനുഭവങ്ങളും വാക്കുകളും പ്രവർത്തികളുമൊക്കെ അവർ നമ്മളോട് പങ്കുവയ്ക്കുകയും, അവയിൽ ചിലതു നമ്മുടെ മനസ്സിനെ സന്തോഷിപ്പിക്കുകയോ, സങ്കടപ്പെടുത്തുകയോ, ഉറക്കം കെടുത്തുകയോ, ചിലപ്പോൾ വലിയ മാറ്റത്തിന് തന്നെ കാരണവും ആകാറുണ്ട്. എന്നാൽ, ചിലതു നമ്മെ ചിന്തകളിലേക്കും, മാനസിക വിഷമത്തിലേക്കും സമ്മർദ്ദത്തിലേക്കും കൊണ്ട് ചെന്ന് എത്തിക്കുന്നു. ഇന്നലെ ഉണ്ടായ ഒരു അനുഭവം ഇവിടെ പങ്കു വയ്ക്കാം.

ഏകദേശം ഉച്ചയോടടുപ്പിച്ചു ഒരു കറുത്ത വംശജ തന്റെ രണ്ടു മക്കളുമായി കടയിലേക്ക് കടന്നു വരുന്നു. നാല്പത്തിനടുത്തു പ്രായം തോന്നിക്കുന്ന വളരെ ക്ഷീണിതയായ അവരുടെ കൂടെയുള്ള പെൺകുട്ടിക്ക് പതിനഞ്ചോ പതിനാറോ വയസ്സു കാണും. കൂടെയുള്ള ആണ്‍കുട്ടിക്ക് ഏഴോ എട്ടോ വയസ്സു പ്രായവും.

ഇംഗ്ലീഷ് അത്ര നല്ല വശമില്ലാത്ത ഈ സാധാരണ സ്ത്രീ അവരുടെ ഭാഷയിൽ പെൺകുട്ടിയോട് എന്തോ പറഞ്ഞു കൊടുത്തു. ആ കുട്ടി അത് തർജ്ജമ ചെയ്തു എന്നോട് ചോദിക്കുന്നു… കൂടെ ഉള്ള ആണ്‍കുട്ടി ഇന്നലെ കടയിൽ വന്നിരുന്നോ എന്നും, അവൻ എന്തെല്ലാം വാങ്ങി എന്നുമാണ് അവർക്കറിയേണ്ടത്.

സ്വാഭാവികമായും എന്റെ മറുപടി ഇങ്ങനെ ആയിരുന്നു, “കുട്ടികൾ ഉൾപ്പടെ നിരവധി അറിയുന്നതും, അറിയാത്തതും ആയ ആളുകൾ വരാറുണ്ട്.. ഓർമ്മവരുന്നില്ല.”

ഉടനെ സ്ത്രീ ആണ്‍കുട്ടിയോടായി നീ വാങ്ങിയ സാധനങ്ങൾ കാണിച്ചു തരുവാൻ പറയുന്നു. കുട്ടി പലയിടങ്ങളിൽ നിന്നായി മൂന്ന് തരം മിഠായികൾ ചൂണ്ടിക്കാണിക്കുന്നു.

എന്റെ മനസ്സിൽ ആദ്യം പോയ ചിന്ത ഈ കുട്ടിക്ക് ഇത് കഴിച്ചു വല്ല അസ്വാസ്ഥ്യം ഉണ്ടായതിന്റെ പ്രശ്നം ആയിരിക്കും എന്നാണ്. അതുമല്ലെങ്കില്‍ മറ്റെന്തെങ്കിലും പ്രൊഡക്റ്റ് പ്രശ്നങ്ങൾ ആയിരിക്കും (ചില കുട്ടികൾക്ക് പീനട്ട് അലര്‍ജി ഉണ്ടാകാറുണ്ട്). എന്നാൽ ഉടനെ തന്നെ അവർ ആ കുട്ടിയുടെ മാസ്ക് മാറ്റി അവനെ എന്റെ മുന്നിലേക്ക് മാറ്റി നിര്‍ത്തി എന്തൊക്കെയോ പറഞ്ഞു. അതിൽ എനിക്ക് ആകെ മനസ്സിലായ ചുരുക്കം വാക്കുകളിൽ ഒന്ന് “സ്റ്റീൽ* എന്നാണ് “മോഷണം” തെല്ലൊന്നു പേടിച്ച എന്റെ മനസ്സു ആദ്യം പോയത് ഞാൻ ഷോപ്പിൽ ഇല്ലാത്ത സമയത്തു ഈ കുട്ടി എന്തെങ്കിലും കടയിൽ നിന്നും മോഷിടിച്ചു പിടിക്കപ്പെടുകയും, തുടർന്ന് ചോദ്യം ചെയ്യൽ ഉണ്ടായോ എന്നതും ആയിരുന്നു. കൂടെ ഉള്ള പെൺകുട്ടി സ്ത്രീ പറഞ്ഞത് തർജ്ജമ ചെയ്തു തന്നു,

ഞാന്‍ അക്ഷരാർത്ഥത്തിൽ അതിശയിച്ചു പോയി…!!

“ഇവൻ എന്റെ മകൻ ആണ്, ഇന്നലെ എന്റെ പേഴ്സിൽ നിന്നും പത്തു ഡോളർ മോഷ്ടിച്ച് കൊണ്ടാണ് അവൻ കടയിൽ വന്നു ഇഷ്ടമുള്ള സാധനങ്ങൾ വാങ്ങിയത്. ഇനി ഇവൻ കടയിൽ വന്നാൽ കയറ്റുകയോ, ഒരു സാധനവും നൽകുകയോ ചെയ്യരുത്. ഞാനും എന്റെ കുടുംബവും ദൈവ വിശ്വാസികൾ ആണ്.”

സ്വന്തം അമ്മ കുട്ടികളുടെ നല്ലതിന് എന്ന് കരുതി ചെയ്യുന്ന ഈ പ്രവർത്തിയിയോട് കടുത്ത അമർഷവും, മാനസിക സംഘർഷവും ആണ് ഇത് എഴുതുമ്പോഴും എന്റെ മനസ്സിൽ ഉള്ളത്. കുട്ടികളെ തികച്ചും അന്യനായ ഒരാളുടെ മുന്നിലും, സ്ഥാപനത്തിലും വച്ച് പരസ്യമായി നിന്ദിക്കുന്ന ഈ പ്രവർത്തി എങ്ങിനെ ന്യായികരിക്കാനാകും? അതും ഇരയായ കുട്ടിയെ മുന്നിൽ നിര്‍ത്തി അവർ ഇത് എന്നോട് പറയുമ്പോൾ ഒരുപക്ഷെ അവർ ദൈവഹിതത്തിനു മുൻപിൽ വാഴ്ത്തപ്പെട്ടവൾ ആയേക്കാം എന്ന തോന്നൽ അവർക്കു ഉണ്ടായേക്കാം. പക്ഷേ വളരെ ചെറിയ മനസ്സുള്ള കുട്ടിയുടെ മനസ്സിനേറ്റ മുറിവ്, അവൻ ഇനി എന്നെ പുറത്തു വെച്ച് പോലും കാണുമ്പോൾ അവനിൽ ഉണ്ടാകാവുന്ന അപകർഷതാബോധം, സ്വന്തം അമ്മയോടുള്ള പക, അവനു നേരിട്ട അഭിമാനക്ഷതം… അത് ചെറുതായി കാണുവാൻ കഴിയുമോ? ഏതു ദൈവത്തിന്റെ സന്നിധിയിലാണ് ഈ തെറ്റുകൾ ആ രക്ഷിതാവിനു പൊറുത്തു നൽകുക?

കുട്ടികളെ തെറ്റുകൾ കണ്ടാൽ ശരികൾ പറഞ്ഞു നൽകി തിരുത്തുവാൻ ശ്രമിക്കാം.. അവരെ ഞാൻ ഈ വിവരം കടയിൽ പറയും എന്ന് പറഞ്ഞു ചെറുതായി പേടിപ്പിക്കാം. പക്ഷെ കുട്ടികളെ പരസ്യമായി അപമാനിക്കുന്ന ശിക്ഷാ നടപടികൾ, മറ്റുള്ളവരുടെ മുന്നിൽ വച്ച് അടിക്കുക, വഴക്കു പറയുക എന്നിവ തികച്ചും തെറ്റ് തന്നെ. കുട്ടികളാണെങ്കിലും, അവർക്കു അവരുടെതായ ചിന്താശേഷിയും, മാനസിക സമ്മർദ്ദങ്ങളും, അഭിമാനവും, വീറും വാശിയുമൊക്കെ ഉണ്ട്. അത് മനസ്സിലാക്കി പെരുമാറുവാൻ കഴിയാത്ത രക്ഷകര്‍ത്താക്കൾക്കാണ് യഥാർത്ഥത്തിൽ ഒരു കൗൺസിലിംഗ് വേണ്ടത്.

കാനഡയിൽ കുട്ടികളുടെ സം‌രക്ഷണത്തിന് രക്ഷകര്‍ത്താക്കൾക്കു വേണ്ടിവരുന്ന അമിത ചെലവ് കണക്കാക്കി ഒരു പ്രത്യേക പ്രായം വരെ സർക്കാർ ആനുകൂല്യം ആ ഇനത്തിൽ നല്ല തുക നൽകുമ്പോൾ ആണ് ഓരോ രക്ഷിതാക്കളും ആ തുക സ്വന്തം ആവശ്യത്തിനോ, കാറിന്റെയോ, വീടിന്റെയോ ഒക്കെ വായ്പ തിരിച്ചടക്കുകയോ, എന്തിനേറെ അതിൽ നിന്നും കള്ളും, സിഗരറ്റും, കഞ്ചാവും വരെ വാങ്ങി ഉപയോഗിക്കുന്നത് എന്നുള്ളതും ഒരു നഗ്നസത്യമാണ്. ഒരുപക്ഷെ കുട്ടികളുടെ ഇഷ്ടങ്ങൾ പൂർണ്ണമായും സാധിച്ചുകൊടുക്കാന്‍ ഒരു രക്ഷകര്‍ത്താക്കൾക്കും കഴിഞ്ഞെന്നു വരില്ല. അത് ചെയ്യുന്നത് ഒരു പരിധിവരെ അവരെ വഷളാക്കുകയും ചെയ്യും. എന്നിരിക്കിലും, കുട്ടികൾക്ക് അത്യാവശ്യം പോക്കറ്റ് മണി നൽകുകയും, രക്ഷിതാക്കളുടെ മേൽനോട്ടത്തിൽ അവരെ ക്രയവിക്രയങ്ങൾ ചെയ്യിക്കുവാനും, പഠിപ്പിക്കേണ്ടതുണ്ട്. അവരെ പൊതു ഇടങ്ങളിൽ ശീലിപ്പിക്കേണ്ടതുണ്ട്.

ശിക്ഷിച്ചു വളർത്തപ്പെട്ട നമ്മൾ, നമ്മുടെ കുട്ടികളെ ശിക്ഷിച്ചും, തെറ്റ് തിരുത്തിയും വളർത്തണം. പ്രത്യേകിച്ചു ഈ കാലഘട്ടത്തിൽ. പക്ഷെ പരസ്യ മാപ്പു പറച്ചിലുകൾക്കും, തെറ്റ് ചൂണ്ടിക്കാണിക്കലുകൾക്കും വിധേയരാക്കി അവരെ ഭാവിയിലെ കൊടും കുറ്റവാളികളിയാകാന്‍ ഇടവരുത്താതിരിക്കട്ടേ. കൂടാതെ സ്വയം കുരിശു മരണത്തിലേക്കും നയിക്കപ്പെടാതിരിക്കട്ടേ…

എല്ലാവര്‍ക്കും നല്ലൊരു ദിനവും, തിരുത്തപ്പെടേണ്ടവർ ഉണ്ടെങ്കിൽ സ്വയം തിരുത്തപ്പെടട്ടെ എന്നും പ്രാർത്ഥിച്ചുകൊണ്ട്
– ജെ പി ആമ്പല്ലൂർ

Print Friendly, PDF & Email

Related News

Leave a Comment