ഇരകൾ (കവിത): ജയശങ്കര്‍ പിള്ള

എന്റെ പ്രിയതമ എനിയ്ക്കായ് പാടിയ ഓരോ വരിയിലും
ഓരോ നെരിപ്പോടുകൾ എരിയുന്നതു ഞാൻ കണ്ടു

എന്റെ യാത്രാ വീഥികളിൽ എവിടെയോ കളഞ്ഞു പോയൊരാ ,
സ്വപ്‌നങ്ങൾ,വീണു മുളച്ച സ്പടിക വൃക്ഷങ്ങളിൽ
കൂടു കൂട്ടിയ ചെറുകളികളെ പറന്നു കൊത്തിപ്പറിയ്ക്കാൻ
വെമ്പുന്ന വാന രാക്ഷസന്മാരെ കണ്ടു പേടിച്ചരണ്ടൊരാ
ദിന രാത്രങ്ങൾ നിനക്ക് ഓർമ്മയുണ്ടോ ..

അകാല മഹാമാരിയിൽ കടപുഴകിയ വട വൃക്ഷ ചുവട്ടിലെ
ചിതൽ പുറ്റുകളിൽ കുടിയിരിയ്ക്കും വിഷസർപ്പങ്ങളും
ചിറകറ്റു നിലം പൊത്തിയ വാനമ്പാടികളൂം
ഒരുമിച്ചൊരു കുത്തൊഴുക്കിൽ മലയിറങ്ങുന്നതു നോക്കി
ആരോ പാടിയൊരു താരാട്ടു പാട്ടൊരു ഗർജ്ജനമായ്.

ആഴിയിൽ അലകൾ വല കണ്ണികൾ പൊട്ടിച്ചു
തീരത്തെ മണ്ണിനെ ഉപ്പു ചേർത്ത് ഉഴുതു മരിച്ചൊരാ
നാളിൽ അവളുടെ ഭ്രൂണ ഹത്യയിൽ പുളകിതരായ
ന്യായസിംഹാസന തിരുമുൽപ്പാടുകൾ

ഒരിയ്ക്കലും വറ്റാത്ത ഉറവയുള്ളൊരീ മണ്ണിൽ
മുഖമമർത്തി കണ്ണുനീരുപ്പു മണ്ണിൽ അലിയിച്ചു
ശവം തീനികൾക്കൊരു കാവലാൾ ആയി മാറിയതും
മുറിയുന്ന വാക്കിൽ എരിവിന്റ്‌റെ തീ ഏറ്റി നീ പറഞ്ഞതും
നിൻ മുലപ്പാൽ ഇറ്റുവീണ കവിൾതടങ്ങൾ
ഉപ്പുനീർ ചേർത്ത് ഒരു പുഴയായ് മാറിയതും.
പകൽ ചുവപ്പിൽ കറുപ്പിന്റെ മാറാലകൾ സൂര്യനെ മറച്ചതും .
നിലാവിന്റെ മറപറ്റി വിശപ്പിന്റെ ദിശയിൽ ധൂമകേതുക്കൾ പതിച്ചതും .
അകാല നരവീണ എന്റെ ഹൃദയത്തിൽ അതൊരു
വെള്ളിടിയായി മുഴങ്ങിയതും നീ അറിയുന്നോ

Print Friendly, PDF & Email

Related News

Leave a Comment