അർധരാത്രിയിൽ കുടപിടിക്കുന്ന അർധജ്ഞാനി: സുരേന്ദ്രന്‍ നായര്‍

സമൂഹത്തിൽ സദ് പ്രവർത്തികൾ കൊണ്ട് സുപ്രസിദ്ധി കൈവരിക്കുന്നവരും കുത്സിത മാർഗ്ഗങ്ങളിൽ കൂപ്പുകുത്തി കുപ്രസിദ്ധരായി ഭവിക്കുന്നവരുമുണ്ട്. അത്തരത്തിൽ കുപ്രസിദ്ധിക്കായി രാമായണം എന്ന ഇതിഹാസ കാവ്യത്തെയും അതിന്റെ വായനക്കാരെയും അപഹസിച്ചുകൊണ്ടു നിരന്തരമായി ഒരാൾ ഒരു ഓൺലൈൻ പത്രത്തിലൂടെ ലേഖനങ്ങൾ പടച്ചു വിട്ടുകൊണ്ടിരിക്കുകയാണ്. രാമായണ വായന ബഹിഷ്കരിക്കുവാനും അതിനായി ആ മാധ്യമത്തെ പ്രോത്സാഹിപ്പിക്കാനും അദ്ദേഹം ആഹ്വാനം ചെയ്യുന്നു.

സഹസ്രാബ്ദങ്ങളായി ഇന്ത്യയിലും പല വിദേശ രാജ്യങ്ങളിലും രാമകഥയും ശ്രീരാമ നന്മയും സഹൃദയ മനസ്സുകളിൽ വൻ സ്വധീനം ചെലുത്തി നിലനിൽക്കുമ്പോൾ തിന്മയുടെ പ്രതീകങ്ങളായി പ്രത്യക്ഷപ്പെടുന്ന രാവണനെയും ശൂർപ്പണഖയെയും മഹത്വവൽക്കരിച്ചു വാറോലകൾ എഴുതി ഇയാൾ ഒരുതരം വിരേചന സുഖം അനുഭവിക്കുന്നതായി തോന്നുന്നു. റമദാന്റെ പുണ്യ നാളുകളിൽ പ്രവാചക പ്രകീർത്തനങ്ങൾ പത്ര പംക്തികളിൽ വിളമ്പി അറിവാളരായി അറിയപ്പെടുന്ന ഈ മഹാൻ അന്ധൻ ആനയെ കണ്ടപോലെ ആദികവിയെയും ആദികാവ്യത്തെയും അപനിർമ്മിക്കാൻ തന്റെ അല്പബുദ്ധിയിലൂടെ പാഴ്ശ്രമം നടത്തുന്നതായാണ് വായനക്കാർക്ക് തോന്നുന്നത്.

ലോകം മുഴുവൻ കൈപ്പിടിയിലൊതുക്കാൻ പണവും പടക്കോപ്പുകളും വാരിയെറിയുന്ന മൗലികവാദ സംഘത്തിന്റെ പ്രലോഭനങ്ങളിൽ ഇയാളും ഭ്രമിച്ചുപോയോ എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു. രാമായണം എന്ന ഇതിഹാസത്തെ സാഹിത്യ മീമാംസയുടെ അളവുകോലിലൂടെ വിഗ്രഹിക്കുവാൻ കെല്പില്ലാത്തതിനാൽ അതിലെ അവതാര മഹിമയെയും ആദ്ധ്യാത്മിക ഉത്ബോധനങ്ങളെയും വികലമാക്കാൻ മാത്രം നടത്തുന്ന ഈ അറിവാളരുടെ ശ്രമങ്ങളുടെ താത്പര്യം മനസ്സിലാക്കാൻ പഴുർ പടിപ്പുരവരെ പോകേണ്ടതില്ല.

മലയാളത്തിൽ ആദ്യമായി രാമചരിതം പാടിയ ചീരാമൻ തുടങ്ങി ഭാഷാ പണ്ഡിതരായിരുന്ന കുഞ്ഞിക്കുട്ടൻ തമ്പുരാൻ, എഴുത്തച്ഛൻ എന്നിവർ ഉൾപ്പെടെ അനേകം പ്രതിഭാശാലികൾ രാമായണത്തിന് മൊഴിമാറ്റവും വ്യാഖ്യാനങ്ങളും രചിച്ചിട്ടുണ്ട്. അസംഖ്യം വ്യാഖ്യാനങ്ങൾ നടന്ന രാമകഥ ഒരു ഗ്രന്ഥം എന്നതിനേക്കാൾ നൂറ്റാണ്ടുകളായി ഭാരതവർഷത്തിലെ വിവിധ ജനവിഭാഗങ്ങൾ നെഞ്ചിലേറ്റി പാടി പതിഞ്ഞ വരികളായിരുന്നു. കാലവും ദേശവും ഭാഷകളും മാറിയതനുസരിച്ചു മൂലകൃതിയിൽ വ്യാഖ്യാന വ്യതിരിക്തതകളും പ്രക്ഷിപ്ത കഥകളും കടന്നു വന്നിട്ടുണ്ടാകാമെന്നു യഥാർത്ഥ പണ്ഡിതന്മാർ പറയുന്നു. രാമകഥക്കു 360 ൽ പരം പുനരാഖ്യാനങ്ങൾ ഉണ്ടായിട്ടുള്ളതിൽ ഒന്നുപോലും മറ്റൊന്നിന്റെ പകർപ്പല്ല. വിവർത്തന വൈപുല്യവും വ്യാഖ്യാന വൈകല്യങ്ങളും ഏറെയുണ്ടായിട്ടും രാമകഥ പോലെ ജനപ്രീതിയാർജിച്ച മറ്റൊരു വൈകാരിക പ്രവാഹം ഭാരതത്തിൽ വേറെ ഉണ്ടായിട്ടില്ല. ഇന്ത്യയിലെ ഓരോ ഗ്രാമത്തെയും കീഴടക്കിയ വികാരമാണ് രാമമന്ത്രം, ആ തിരിച്ചറിവാണ് വൈദേശിക ഭരണത്തിനെതിരെ ഇന്ത്യൻ ദേശീയതയുടെ ചോദനയായി രാമ സങ്കല്പത്തെയും രാമരാജ്യത്തെയും ഗാന്ധിയടക്കമുള്ള നേതാക്കൾ ദേശിയ പ്രക്ഷോഭ നാളുകളിൽ പ്രയോജനപ്പെടുത്തിയത്. ഇന്ത്യയുടെ ഐക്യത്തിൽ ആകുലപ്പെടുന്ന ക്ഷുദ്ര ശക്തികൾ ഭാരതത്തിന്റെ ഇതിഹാസങ്ങളെയും ഇതിവൃത്തത്തെയും എക്കാലവും എതിർത്തിട്ടുണ്ട്.

ഒരു സാഹിത്യ കൃതിയെന്ന നിലയിൽ രാമായണവും നിരൂപണ വിമുക്തമല്ല. ഡേവിഡ് ഹെൻട്രി തോറോയും ആൽഡസ് ഹക്സിലിയും ചുണ്ടികാണിച്ചപോലെ ഭാരതത്തിന്റെ നീതികഥാ പാരമ്പര്യവും ആഖ്യാന രീതിയും അതിനായി അറിഞ്ഞിരിക്കണം. രാമകഥയെ ഉപജീവിച്ചു സംസ്‌കൃത സാഹിത്യത്തിലെ അതുല്യ പ്രതിഭയായിരുന്നു കാളിദാസൻ രഘുവംശം എന്ന സ്വതന്ത്ര കാവ്യം രചിക്കാനൊരുങ്ങിയപ്പോൾ രാമചരിതത്തിന്റെ വിഷയ ഗാംഭീര്യവും തന്റെ അല്പ വിഭവ ശേഷിയുമോർത്തു ആശങ്കപ്പെട്ടതായി അദ്ദേഹം തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. കാളിദാസനുണ്ടായ സന്ദേഹമൊന്നും അമേരിക്കയിലെ ആധുനിക കാളിദാസനെ ബാധിച്ചതായി കാണുന്നില്ല. സ്വയം അനുഭവിക്കുന്ന മനോരോഗത്തെ രാമന്റെ നൊസ്സായി ആക്ഷേപിക്കാൻ മാത്രം ഇയാൾ തരം താണിരിക്കുന്നു.

വനചരനായ ഒരു മുനി തന്റെ ഏകാന്ത ധ്യാനത്തിൽ നിന്നും അന്തർദർശനത്തിലൂടെ ചമച്ച രാമകഥ ചിരപ്രതിഷ്ഠ നേടിയതിനു കാരണം അതിലടങ്ങിയിരിക്കുന്ന ഇരുപത്തി നാലായിരം ശ്ലോകങ്ങൾ ഓരോന്നും ഒരു യഥാർത്ഥ മനുഷ്യന്റെ ആവിഷ്കാരത്തിനുള്ള ശീലുകളാണ് എന്നതാണ്. യഥാർത്ഥ നരൻ ആരാണ് എന്ന വാൽമീകിയുടെ ചോദ്യത്തിന് നാരദൻ നൽകുന്ന ഉത്തരമാണ് രാമായണം. വാൽമീകി രാമനെ വിഷ്ണുവിന്റെ അവതാരമാണെന്നു സൂചിപ്പിക്കുന്നുണ്ടെങ്കിലും മനുഷ്യരിൽ ശ്രേഷ്ഠൻ എന്ന അർത്ഥത്തിലാണ് കൂടുതലും അവതരിപ്പിക്കുന്നത്.

വാൽമീകി രാമായണത്തെ അവലംബിച്ചു ഹിന്ദു വിശ്വാസങ്ങളെ അപഹസിക്കാൻ നിരൂപകൻ അതിയായ പ്രതിപാദന ക്ലേശം അനുഭവിക്കുന്നുണ്ട്. അപ്പോഴൊക്കെ അദ്ദേഹം വാല്‌മീകിയെ വിട്ടു എഴുത്തച്ഛനെ കൂട്ടുപിടിക്കുന്നുണ്ട്. ഭക്തിപ്രസ്ഥാനത്തിന്റെ പ്രവാചകനായി എഴുത്തച്ഛൻ വാൽമീകി രാമായണം വിവർത്തനത്തിനു തെരഞ്ഞെടുക്കുമ്പോൾ കേരളീയരിൽ സദാചാര ബോധവും ഭക്തിയും ധർമ്മനിഷ്ഠയും ഉളവാക്കാൻ യഥേഷ്ടം അവതാര മഹിമകളും വിശ്വാസങ്ങളും മിത്തുകളും കൂട്ടിചേർത്തിട്ടുള്ളതായി ഡോ: കെ. എൻ.എഴുത്തച്ഛൻ തന്റെ രാമായണ പഠനത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. വാൽമീകിയുടെ രാമൻ പുരുഷാര്ഥങ്ങൾ അന്വര്ഥമായി പിന്തുടരുന്നവനും രാജധർമ്മങ്ങൾ പ്രജാ തത്പരതയോടെ അനുഷ്ഠിച്ചിരുന്നവനും ആയിരുന്നെന്നു ഇംഗ്ലീഷുകാരനായ സർ വില്യംജോൺസ് പറഞ്ഞതെങ്കിലും രാമനെ വിചാരണ ചെയ്യുന്നതിന് മുൻപ് മനസ്സിലാക്കിയിരിക്കേണ്ടതാണ്. തത്വചിന്ത, രാഷ്ടതന്ത്രം, നയം, മനഃശാസ്ത്രം എന്നിവയുടെ വാഹകങ്ങളായി കഥകളെ എങ്ങനെ ഉപയോഗിക്കാമെന്ന് ഭാരതീയർക്ക് നന്നായി അറിയാമായിരുന്നുവെന്നും അദ്ദേഹം തുടർന്ന് പറയുന്നുണ്ട്. മഹാകവി വാക്യങ്ങളെ അതിന്റെ യഥാ ശ്രുതാർത്ഥത്തിൽ എടുക്കാതെ ആലങ്കാരിക ഭാഷയിൽ വാച്യതിശായിയായ ധ്വനിയാണ് കാവ്യങ്ങളുടെ ജീവൻ എന്ന തിരിച്ചറിവെങ്കിലും ഇവിടെ ഉണ്ടാകേണ്ടതായിരുന്നു. ഇലകൾ പലതാണ് പക്ഷെ വേര് ഒന്നാണ്. ഇലകൾ കണ്ടാൽ മാത്രം പോരാ വേരും കണ്ടെത്തണം.

റമസാനെ നിലവായി കണ്ട ഈ മതേതരവാദി രാമായണത്തെ ദുരന്ത കാവ്യമായും സീത വിനകൾ മാത്രം വരുത്തിവച്ചു കുഴിയിൽ ചാടി ആത്മഹത്യ ചെയ്ത നായികയായും പുരപ്പുറത്തു കയറിനിന്നു ഓലിയിടുന്നത് രാമസീതാ മാഹാത്മ്യം ഈ വിദ്വാന് അറിയാത്തതുകൊണ്ടല്ല, മറിച്ചു അങ്ങനെതന്നെ പറയണമെന്ന ഇപ്പോഴത്തെ വികലമായ മനോനിലകൊണ്ടു മാത്രമാണെന്ന് നമുക്ക് ആശ്വസിക്കാം. അതുകൊണ്ടാകാം അധികമാരും പ്രതികരിക്കാത്തത്.

മഹാകവി കുമാരനാശാനെകുടി തന്റെ ശ്രീരാമ ഭത്സനം ഉറപ്പിക്കാൻ കൂട്ടുപിടിക്കാൻ ശ്രമിക്കുന്ന എഴുത്തുകാരൻ രാമായണത്തെപ്പറ്റി ദീർഘകാലം ഗവേഷണം നടത്തിയ പ്രൊ: ജെക്കോബിയും മാക് ഡൊണാൾഡും ഉൾപ്പെടെയുള്ളവർ രാമായണത്തിലെ ഉത്തര കാണ്ഡം പ്രക്ഷിപ്തമാണെന്നു അര്ഥശങ്കക്ക് ഇടയില്ലാതെ പറഞ്ഞിട്ടുള്ളത് ആരോടെങ്കിലും ചോദിച്ചെങ്കിലും മനസ്സിലാക്കേണ്ടിയിരുന്നു. ഉത്തര കാണ്ഡത്തെ അടിസ്ഥാനമാക്കി ആശാൻ രചിച്ച ചിന്താവിഷ്ടയായ സീത എന്ന ഖണ്ഡകാവ്യത്തെപ്പറ്റി പ്രശസ്ത നിരൂപകൻ സുകുമാർ അഴിക്കോട്ആശാന്റെ സീതാകാവ്യം എന്ന പുസ്തകത്തിൽ പറയുന്നതുകൂടി ഇവിടെ പ്രസക്തമാണ്. സീതാദേവി അന്തർദ്ധാനം ചെയ്യുന്നതിന്റെ തലേന്നാൾ രാത്രി വാൽമീകിയുടെ ആശ്രമത്തിൽ ഒരു ഏകാന്ത സ്ഥലത്തിരുന്നു തന്റെ പൂർവ്വാനുഭവങ്ങളെയും ആസന്നമായ ഭാവിയെയും പറ്റി ചെയ്യുന്ന ചിന്തകളാണ് കൃതിയുടെ പ്രധാന വിഷയമെന്ന ചിന്താവിഷ്ടയായ സീതയുടെ മുഖവുര വളരെ വിനീതമാണ്. പ്രഖ്യാതമായ ഒരു വിഷയമെടുത്തു കവനം ചെയ്യുമ്പോൾ കവികൾ ഇതേപോലെ വിനീതരാകുന്നത് സാധാരണമല്ല.ഈ വിനയം വാല്മികിയോടുള്ള ബഹുമാനത്തിന്റെയും തന്റെ പ്രതിഭയുടെ സ്വാതന്ത്രതയുടെയും വിളംബരമാണ്. ആദികവിയുടെ വയലിൽ കൃഷി ചെയ്യാതെ വിട്ട സ്ഥലത്തു വിത്തിറക്കിയതിന്റെ സമൃദ്ധമായ വിളവാണ് ചിന്താവിഷ്ടയായ സീത, അല്ലാതെ ഇയാൾ പറയുന്നതുപോലെ ഫെമിനിസ്റ്റ് കെട്ടുകാഴ്ച പണ്ടമല്ല ആശാന്റെ സീത. സീതയുടെ മാഹാത്മ്യത്തിലൂടെ രാമന്റെ മഹത്വം മുഴുമിപ്പിക്കുകയാണ് വാൽമീകി ചെയ്തത്. അതിനാൽ രാമന്റെ അപൂർണ്ണതക്കും പൂർണ്ണതക്കും സീത ഹേതുവാണ്‌ എന്നാണ് അഴിക്കോട് പറഞ്ഞത്. സീതാചരിതം മൂലം രാമന്റെ ദൈവികമായ മാഹാത്മ്യം അല്പമൊന്നിടിഞ്ഞാലും മാനുഷികത്വം കൂടുകയേ ചെയ്തിട്ടുള്ളു. മാനവികതയാണ് മതങ്ങളുടെ മർമ്മം.

ആനുകാലിക ലോകത്തെ ആസുരിക ഭാവം കഴുകിക്കളയാൻ രാമായണ പാരായണം പോലുള്ള സദ്ചിന്തകളെ പ്രോത്സാഹിപ്പിക്കുക. അർദ്ധ ജ്ഞാനികൾ രാമനെ വെറുതെ വിടുക.

Print Friendly, PDF & Email

Related News

One Thought to “അർധരാത്രിയിൽ കുടപിടിക്കുന്ന അർധജ്ഞാനി: സുരേന്ദ്രന്‍ നായര്‍”

  1. നമസ്കാരം,
    ഗംഭീരമായ മറുപടി.അല്പഞൻ ആയിട്ടുള്ള കമ്മി ജിഹാദി കൂട്ടങ്ങൾക്ക് രാമൻ്റെ മഹത്വമോ സീതയുടെ മഹത്വമോ അറിയുമോ. ഹിന്ദു വിശ്വാസങ്ങളെ അധിക്ഷേപിക്കുകയും കളിയാക്കുകയും ചെയ്യുക എന്നത് കാശുണ്ടാക്കാൻ ഉള്ള വഴിയായി കാണുന്ന കൂട്ടർ ആണിവർ…

Leave a Comment