ഗ്രാമപ്രദേശത്തെ പലചര്‍ക്കു കടയുടെ മുമ്പില്‍ ഏഴു പേര്‍ നിന്നതിന് 2000 രൂപ പിഴ വസൂലാക്കി പോലീസ്; ബിവറേജസിന്റെ മുമ്പില്‍ നൂറു കണക്കിനു പേര്‍ നിന്നാലും നടപടിയില്ല !!

പാലക്കാട്: തച്ചനാട്ടുകര പഞ്ചായത്തിലെ ഉള്‍ഗ്രാമത്തില്‍ പലചരക്കു കട നടത്തുന്ന തച്ചനാട്ടുകര നറുക്കോട് സ്വദേശി അബ്ബാസില്‍ നിന്ന് 2000 രൂപ പിഴ ഈടാക്കി പോലീസ്. കടയുടെ മുന്നിൽ ആളുകൾ നിന്നതിൻ്റെ പേരിലാണ് കടയുടമയ്ക്ക് രണ്ടായിരം രൂപ പിഴ ഈടാക്കിയതെന്ന് പോലീസ് പറയുന്നു.

എന്നാല്‍, ഉള്‍ഗ്രാമമായതിനാല്‍ വളരെ കുറച്ചു പേര്‍ മാത്രമാണ് സാധനങ്ങൾ വാങ്ങാനെത്തുന്നതെന്ന് അബ്ബാസ് പറയുന്നു. രണ്ടായിരം രൂപയുടെ വരുമാനം ലഭിയ്ക്കക്കണമെങ്കിൽ മൂന്നു ദിവസമെങ്കിലും കട തുറന്ന് പ്രവർത്തിക്കണം. അങ്ങനെ കച്ചവടം തന്നെ പ്രതിസന്ധിയിലായ ഈ കാലത്താണ് ഇത്രയും തുക പിഴയായി ഈടാക്കിയതെന്നും അബ്ബാസ് പറഞ്ഞു.

കച്ചവടം ഇല്ലാത്തതിനാൽ വലിയ പ്രതിസന്ധിയിലാണെന്നും പിഴ ഒഴിവാക്കണമെന്നാവശ്യപ്പെട്ടിട്ടും പൊലീസ് അതിന് തയ്യാറായില്ലെന്ന് കടയുടമ പറയുന്നു. പൊലീസ് നടപടിയ്ക്കെതിരെ തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡണ്ട് കെപി‌എം സലിം രംഗത്തെത്തി. കോവിഡ് കാലത്ത് ആളുകൾ അതിജീവനത്തിനായി വലിയ പ്രതിസന്ധി നേരിടുമ്പോൾ പൊലീസ് രണ്ടായിരം രൂപ പിഴയീടാക്കിയത് ക്രൂരതയാണെന്നും പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.

അതേസമയം, ബീവറേജസ് ഔട്ട്‌ലെറ്റുകളുടെ മുന്നില്‍ ജനസാഗരം തന്നെ നിന്നാലും പോലീസ് കണ്ടഭാവം നടിക്കില്ലെന്നും ആരോപണമുണ്ട്. എന്നാൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ് നടപടിയെന്ന് നാട്ടുകൽ സിഐ പറഞ്ഞു.

Print Friendly, PDF & Email

Related News

Leave a Comment