ന്യൂയോര്‍ക്ക് ഗവര്‍ണറുടെ രാജി ആവശ്യപ്പെട്ട് പ്രസിഡന്റ് ജോ ബൈഡന്‍

ന്യൂയോര്‍ക്ക് : നിരവധി ലൈംഗീകാരോപണങ്ങള്‍ക്ക് വിധേയനായ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രു കുമൊ രാജിവയ്ക്കണമെന്നു പ്രസിഡന്റ് ജോ ബൈഡന്‍. ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ ലൈംഗീകാരോപണങ്ങളില്‍ പലതും ശരിവച്ചതിനെ തുടര്‍ന്ന് ഗവര്‍ണറുടെ രാജി ആവശ്യം ശക്തിപ്പെടുന്നതിനിടെയാണു ബൈഡനും രാജി ആവശ്യപ്പെട്ടിരിക്കുന്നത്. ഓഗസ്റ്റ് 3 ചൊവ്വാഴ്ചയായിരുന്നു അറ്റോര്‍ണി ജനറലിന്റെ വെളിപ്പെടുത്തല്‍.

ഗവര്‍ണറുടെ പേരിലുള്ള ആരോപണങ്ങള്‍ അന്വേഷിച്ചു ശരിയാണെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ രാജി ആവശ്യപ്പെടുകയുള്ളൂവെന്ന് മാര്‍ച്ചില്‍ ബൈഡന്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഡമോക്രാറ്റിക് പാര്‍ട്ടിക്കാരനായ ഗവര്‍ണറുടെ രാജി ആവശ്യപ്പെട്ട് ബൈഡനുമേല്‍ കനത്ത സമ്മര്‍ദ്ദവും ഉണ്ടായിരുന്നു.

ഗവര്‍ണര്‍ രാജിവച്ചില്ലെങ്കില്‍ അദ്ദേഹത്തെ ഇംപീച്ചു ചെയ്യുന്നതിനോ, പുറത്താക്കുന്നതിനോ തയാറാകുമോ എന്ന ചോദ്യത്തിന്, സംസ്ഥാന നിയമ നിര്‍മാണ സഭ ഗവര്‍ണറെ ഇംപീച്ച് ചെയ്യാന്‍ തീരുമാനിക്കുമെന്നായിരുന്നു ബൈഡന്റെ പ്രതികരണം.ആരോപണങ്ങള്‍ ശരിവച്ചതോടെ അറ്റോര്‍ണി ജനറലും ഗവര്‍ണര്‍ പുറത്തുപോകണമെന്നാണ് അഭിപ്രായപ്പെട്ടത്.

സാഹചര്യം ഇതൊക്കെയാണെങ്കിലും ലൈംഗിക ആരോപണങ്ങള്‍ നിഷേധിച്ച ഗവര്‍ണര്‍ ആരേയും അനാവശ്യമായി സ്പര്‍ശിക്കുക പോലും ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ചു.

അഞ്ചുമാസം നീണ്ടു നിന്ന അന്വേഷണങ്ങള്‍ക്കു പുറത്തുനിന്നുള്ള രണ്ട് അറ്റോര്‍ണിമാരാണു നേതൃത്വം നല്‍കിയത്. 11 സ്ത്രീകളാണ് ഗവര്‍ണര്‍ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നത്.

Print Friendly, PDF & Email

Leave a Comment