വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത വ്യാജ റിക്രൂട്ട്മെന്റ് ഏജന്‍സി ഉടമയെ അറസ്റ്റു ചെയ്തു

കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് പണം തട്ടിയെടുത്ത വ്യാജ റിക്രൂട്ട്മെന്റ് ഏജന്‍സി ഉടമ നെടുമങ്ങാട് സ്വദേശി താജുദ്ദീനെ (49) പോലീസ് അറസ്റ്റു ചെയ്തു.

എറണാകുളത്തെ ദിവാൻസ് റോഡിൽ ബ്രില്ലാന്റോ എച്ച് ആര്‍ മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് താജുദ്ദീന്‍ റിക്രൂട്ട്മെന്റ് ഏജന്‍സി നടത്തിവന്നിരുന്നത്. ഇംഗ്ലണ്ട്, നെതര്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലെ ആശുപത്രികളിലേക്ക് കൊവിഡ് ഡ്യൂട്ടിക്കായി ആളുകളെ ആവശ്യമുണ്ടെന്നും, മൂന്നു ലക്ഷം രൂപ ശമ്പളം ലഭിക്കുമെന്നും ഒഎല്‍എക്‌സ് പോലുള്ള ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ വഴി പരസ്യം ചെയ്താണ് ഇയ്യാള്‍ ഉദ്യോഗാര്‍ത്ഥികളെ വലയില്‍ വീഴ്ത്തിയിരുന്നത്.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് +2 മാത്രമാത്രമായിരുന്നു വിദ്യാഭ്യാസ യോഗ്യത വേണ്ടിയിരുന്നത്. ഇംഗ്ലണ്ടിലേക്ക് 70,000 രൂപയും നെതര്‍ലന്‍ഡിലേക്ക് മൂന്ന് ലക്ഷം രൂപയുമാണ് സര്‍വീസ് ചാര്‍ജ്. ഇംഗ്ലണ്ടിലേക്ക് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ പതിനായിരം രൂപയും പാസ്‌പോര്‍ട്ടും നെതര്‍ലന്‍ഡിലേക്ക് 30,000 രൂപയും പാസ്‌പോര്‍ട്ടും കൊടുക്കണം.

കൊച്ചിയില്‍ കോവിഡിന്റെ പേരില്‍ വിദേശത്തേക്ക് വ്യാജ റിക്രൂട്ട്മെന്റ് നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സെന്‍‌ട്രല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ ലാല്‍ജി, സെന്‍‌ട്രല്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ് വിജയശങ്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയത്. തുടര്‍ന്നായിരുന്നു അറസ്റ്റ്.

ഉദ്യോഗാര്‍ത്ഥികളെ ആകര്‍ഷിക്കാനായി ആഡംബര ഓഫീസും മറ്റു സൗകര്യങ്ങളുമൊക്കെയുണ്ടായിരുന്നു. ഓഫീസിലെ ജീവനക്കാര്‍ക്ക് ആകര്‍ഷ പേരുകളാണ് നല്‍കിയിരുന്നത്. കൂടാതെ നല്ല ശമ്പളവും നല്‍കിയിരുന്നു. അന്വേഷണത്തില്‍ ഇയാള്‍ക്ക് മൂന്നിലേറെ വ്യാജ അഡ്രസ്സ് ഉള്ളതായി പൊലീസ് കണ്ടെത്തി. ഇയ്യാള്‍ താജുദ്ദീന്‍ എന്ന പേര് ദിലീപ് എന്നാക്കി മാറ്റിയതായി പറയുന്നു. പിതാവിന്റെ പേര് മുഹമ്മദ് ഇസ്മയില്‍ എന്നതില്‍ നിന്നും സഞ്ജയ് നായര്‍ എന്നും മാറ്റിയിട്ടുണ്ട്. രണ്ട് വിവാഹം കഴിച്ചിട്ടുണ്ട്. ആദ്യ ഭാര്യ തിരുവനന്തപുരത്തും രണ്ടാം ഭാര്യ ചെന്നൈയിലുമാണ്.

ഇയ്യാള്‍ക്ക് തിരുവനന്തപുരം, ചെന്നൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ അഡ്രസ്സ് ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. കമ്പനി രജിസ്റ്റര്‍ ചെയ്തത് മറ്റൊരാളുടെ പേരിലും, ഓഫീസ് വാടക കരാര്‍ വേറൊരാളുടെ പേരിലുമാണ് ചെയ്തിരിക്കുന്നത്. വിദേശ റിക്രൂട്ട്‌മെന്റ് നടത്തുന്നതിനുള്ള യാതൊരു വിധ ലൈസന്‍സും ഇയ്യാള്‍ക്ക് ഇല്ലെന്ന് വ്യക്തമായിട്ടുണ്ട്.

പൊലീസ് അറസ്റ്റ് ചെയ്ത് സ്ഥാപനത്തിലെത്തിച്ച ശേഷമാണ് പ്രതിയുടെ യഥാര്‍ത്ഥ വിവരങ്ങള്‍ ഓഫീസ് സ്റ്റാഫുകള്‍ അറിയുന്നത്.

ഒരാഴ്ചയായി പ്രതിയുടെ ഓഫീസ് പൊലീസ് നിരീക്ഷണത്തിലായിരുന്നു. കുട്ടികളെ ഉദ്യോഗാര്‍ഥികളായി തരപ്പെടുത്തി പൊലീസ് പ്രതിയുടെ മുഴുവന്‍ വിവരങ്ങളും മനസ്സിലാക്കി. തുടര്‍ന്ന് പൊലീസ് കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് ഓഫീസ് തുറന്നു എന്ന കാരണത്തില്‍ ഓഫീസില്‍ കയറി പ്രതിയുടെ ഫോണ്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു. തുടര്‍ന്ന് ഓഫീസ് സ്റ്റാഫ് മുഖേന കോവിഡ് ലംഘനത്തിന് പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട് എന്ന് അറിയിക്കുകയും ചെയ്തു. സ്‌റ്റേഷനില്‍ വന്ന് ഫൈന്‍ അടക്കണമെന്നും അല്ലെങ്കില്‍ അഡ്രസ്സില്‍ പൊലീസ് പോകുമെന്നും അറിയിച്ചു. തുടര്‍ന്ന് പിഴയടയ്ക്കാന്‍ എത്തിയപ്പോള്‍ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.

Print Friendly, PDF & Email

Leave a Comment