വാല്മീകിയും നാമ മഹിമയും

(ധ്യാന ശ്ലോകം)
“കൂജന്തംരാമ രാമേതി മധുരം മധുരാക്ഷരം
ആരൂഹ്യ കവിതാ ശാഖാം വന്ദേ വാല്മീകി കോകിലം!
വാൽമീകേർ മുനി സിംഹസ്യ കവിതാ വന ചാരിണഃ
ശ്രുൻവൻ രാമ കഥാ നാദം കോനയാതി പരാം ഗതിം”!
(വാല്മീകി ഭഗവാനെപ്പറ്റി)

രത്നാകരനെന്നൊരു തസ്കരൻ അമൂല്യമാം
രത്നതുല്യനായ് ആദികവിയായ്, വിഖ്യാതനായ്!
നാരദരരുൾ ചെയ്ത നാമം താൻ മഹിതമാം
നാൾ തോറു മുരുവിട്ടോ രാനാമം,”രാമ രാമ”!

ബ്രാഹ്മണ കുടുംബത്തിൽ പിറന്നൊരാബാലനു
വ്യാധ സംഘത്തിൻ കൂടെ വളരേണ്ടതായ് വന്നു!
സംഗമ സംസർഗ്ഗാദി ദോഷത്താലവനുടെ
സഞ്ചാര പഥം തെറ്റി കൊള്ളക്കാരനായ്ത്തീർന്നു!

വഴിപോക്കരെയെല്ലാം ഹിംസിച്ചും പീഡിപ്പിച്ചും
കഴിച്ചു ദിനരാത്രം കുടുംബം പുലർത്താനായ്!
ധർമ്മത്തിൻ അധർമ്മത്തിൻ ഭേദമേയറിയാതെ
ധർമ്മ പത്നിയേം പിഞ്ചു മക്കളേം പുലർത്തിനാൻ!

ത്രികാലജ്ഞാനിയാം ഋഷി അവനിൽ കണ്ടിരിയ്ക്കാം
പിൻ തലമുറയ്ക്കനു യോജ്യനാം ഗുരുവിനെ!
ത്രിലോക സഞ്ചാരിയാംനാരദർ നിമിത്തമായ്
വിശ്രുതമാകും ശ്രീമദ് വാല്മീകി രാമായണം!

കുടുംബം പുലർത്തുവാൻ അനിയന്ത്രിതമാകും
ക്രൂര കൃത്യങ്ങൾ സർവ്വം ചെയ്തവൻ ദിനം പോക്കി!
ചെയ്‌വതു സർവ്വം പാപ കർമ്മമെന്നറിയാതെ
ചെയ്തു കൊണ്ടിരുന്നെല്ലാ ദുഷ്ക്കർമ്മങ്ങളും നിത്യം!

വഴിപോക്കരായ് വന്ന നാരദാദികളെയും
വഴിയിൽ തടഞ്ഞവൻ തിരഞ്ഞു മേലാകവേ!
ലഭിച്ചില്ലൊന്നും കയ്യിൽ വസ്തുക്കളെന്നാകിലും
ലഭിച്ചു ആത്മീയത്തിൻ ആദ്യാക്ഷരങ്ങളുള്ളിൽ!

“നീ പോറ്റി പ്പുലർത്തുന്നകുടുംബം തയ്യാറോ നിൻ
പാപത്തിൻ പങ്കു പറ്റാൻ? ചോദിച്ചറിയൂ നീ”!
നാരദർ പറഞ്ഞ പോൽ തൽക്ഷണം പോയ് ചോദിച്ചാ-
നന്നേരമല്ലോ സത്യ മറിഞ്ഞു രത്നാകരൻ!

“കെട്ടിയ കളത്രത്തേം മക്കളേം പുലർത്തേണ്ട
കർത്തവ്യംഭർത്താവിന്റെധർമ്മമെന്നറിയില്ലേ?
ധർമ്മ മാർഗ്ഗത്തിലൂടെ പുലർത്തേണ്ടതു ഭർത്തൃ-
ധർമ്മമെന്നറിയേണ്ട തല്ലയോ പ്രിയ കാന്താ”?

കർമ്മത്തിൻ പ്രയോജനം സന്തതം കൈപ്പറ്റിയ
ധർമ്മ പത്നിയും പാടെ നിർദ്ദയം കയ്യൊഴിഞ്ഞു!
ചെയ്ത പാപത്തിൻ പങ്കു പറ്റുവാനാളില്ലാതെ
ചെയ്യുവാനിനി ജപം മാത്രമെന്നറിഞ്ഞവൻ!

താൻ ചെയ്യും കർമ്മത്തിന്റെ ഫലവും തനിയ്‌ക്കെന്ന
തത്വ ശുദ്ധമാം സത്യ മാദ്യമായറിഞ്ഞവൻ!
കർമ്മത്തെപ്പറ്റി കർമ്മഫലത്തെപ്പറ്റി, സത്യ-
ധർമ്മ, തത്വത്തെ പ്പറ്റി ശ്രവിച്ചതില്ല തെല്ലും!

“കാട്ടുജാതിക്കാർ ഞങ്ങൾ ക്കറിയില്ലല്ലോ തെല്ലും
നാട്ടു സംസ്കാരം സദാചാരാദി മര്യാദകൾ!
പ്രഹര, സംഹര, പിൻ ആഹര”, അതു മാത്രം
പ്രകൃതി കല്പിച്ചപോൽ ദിനചര്യയായ്‌ കാണ്മു”

മന്ത്രോപദേശം രത്നാകരന്റെ കാതിൽ ചെമ്മേ
മന്ത്രിച്ചു വിടവാങ്ങി നാരദ മഹാമുനി!
നാരദർ ഉരുവിട്ടു കാട്ടിയ മഹാമന്ത്രം
നാളാകെ “മരാ മരാ” എന്നവനുരുവിട്ടു!

കഴിഞ്ഞു ദിവസങ്ങളങ്ങനെ യറിയാതെ
കൊഴിഞ്ഞുവർഷങ്ങളുംനൂറ്റാണ്ടുകളുമേറെ!
കാലിക പരിണാമം തുടർന്നു കാലാന്തരേ
വാല്മീകം മേലാകവേ മൂടിയതറിഞ്ഞില്ല!

ഒരു സുപ്രഭാതത്തിൽ!

മുറ്റിയ ചിതൽപ്പുറ്റു തട്ടിനീക്കിനാനാരോ
ചുറ്റിലും കണ്ണോടിച്ചാ നുണർന്നാൻ രത്നാകരൻ!
ആരെന്നു ജിജ്ഞാസുവായ്‌ നോക്കവേ, എന്താശ്ചര്യം
നാരദർ നിൽപ്പൂ ചാരെ സുസ്മേര വദനനായ്!

വാല്മീക ജനിതനെ യാശീർവ്വദിച്ചു മുനി
വാല്മീകിയെന്ന പേരുമങ്ങനെ സമാർജ്ജിച്ചു!
തമസാ നദിയുടെ തീരത്തു നിന്നും പ്രാത
കർമ്മങ്ങൾ കഴിഞ്ഞു പിൻ മടങ്ങും വഴി മദ്ധ്യേ,

വേടന്റെ കൂരമ്പേറ്റു പിടയും ക്രൗഞ്ചം കാൺകെ,
വേദനിച്ചാദി കവി തൊടുത്തു ശാപ കാവ്യം!
“മാ നിഷാദ പ്രതിഷ്ഠാ ത്വമ: ശാശ്വതിസ്സമ:
യൽ ക്രൗഞ്ച മിഥുനാ ദേകമവതീ കാമമോഹിതം”!

അർത്ഥം:
എടാ, അലക്ഷ്‌മീകരനായ വേടാ, നീയാകട്ടെ
യാതൊരു കാരണത്താൽ കുളക്കോഴിയിണയിൽനിന്ന്
കാമത്താൽ മോഹിയ്ക്കപ്പെട്ട ഒന്നിനെ കൊന്നുവോ
അതുകൊണ്ട് അധിക കാലം, നീ ജീവിതത്തെ
പ്രാപിയ്ക്കയില്ല.
(വ്യാധ പക്ഷം)

“ക്രൂരനാം കാട്ടാളാ, നീ എന്തിനു കൂരമ്പെയ്തു
ക്രൗഞ്ച മിഥുനത്തിലൊന്നിനെ കൊന്നു കഷ്ടം!
പൊന്നോമൽ കിനാവു കണ്ടിരുന്നോരാൺപക്ഷിയെ
കൊന്ന നീ യൊരിയ്ക്കലും സൗഖ്യമായിരിയ്ക്കില്ല!”

ആദികാവ്യമേ ശാപകാവ്യമായ് ഭവിച്ചപ്പോൾ
ആദികവിതൻ ചിത്തം തപ്തമായ് അസ്വസ്ഥമായ്!
അരുകിൽ നിൽക്കും ശിഷ്യൻ ഭാരദ്വാജ മഹർഷി
അരുളീയുടൻ സമാശ്വാസന വചസ്സുകൾ!

ശോകകാവ്യമാകിലും അന്തർലീന മാണതിൽ
ശോഭിയ്ക്കുമതി സൂക്ഷ്മ ഗുപ്തമാം ശുഭവാക്യം:
അരുമശിഷ്യനുടൻ നൽകിയ സുവ്യാഖ്യാനം
ആദി കവിയുടെ ഹൃദയം കുളിർപ്പിച്ചു!

ശ്രീരാമാ!കാമാന്ധനാം ഉന്മത്തനെ വധിച്ചു
ശ്രീമാതെ രക്ഷിച്ച നീ ദീർഘനാൾ വാണീടട്ടെ!
(രാമ പക്ഷം)

വന്ദ്യനാം വാല്മീകി തൻ എഴുത്താണിയിൽ നിന്നും
ആദ്യന്തം മനോഹര കാവ്യങ്ങളുരുവായി!
മധുരാക്ഷരങ്ങളാൽ കൊരുത്ത ‘രാമായണം’
മധുപോൽ മധുരമാ മുൽക്കൃഷ്ട മഹദ് ഗ്രന്ഥം!

ശ്രീരാമനാമം മഹാ ശക്തി ദായകമന്ത്രം
ശ്രീരാമമഹാനാമ മാഹാത്മ്യമതിൻ ഗുണം!
വ്യാധനെയൊരു രത്ന മാക്കിയ രാമ നാമം
വ്യാധികൾ സർവ്വം പൊക്കി ജിഹ്വാഗ്രെ വസിയ്ക്കട്ടെ!

Print Friendly, PDF & Email

Related News

Leave a Comment