പാക്കിസ്താനില്‍ ഹിന്ദു ക്ഷേത്രം തകര്‍ത്തതില്‍ ഇന്ത്യ പ്രതിഷേധം അറിയിച്ചു

പാക്കിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ ജനക്കൂട്ടം ക്ഷേത്രം ആക്രമിക്കുകയും പ്രതിമകൾ നശിപ്പിക്കുകയും ചെയ്തു. പോലീസ് നിശ്ശബ്ദ കാഴ്ചക്കാരായി നോക്കിനിന്നതായി റിപ്പോര്‍ട്ട്. സംഭവത്തിൽ കേന്ദ്രം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വ്യാഴാഴ്ച പാക് നയതന്ത്രകാര്യാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തിയാണ് ഇന്ത്യയുടെ പ്രതിഷേധം അറിയിച്ചത്.

ആഗസ്റ്റ് 4 ന് രാത്രിയിൽ, ഒരു കൂട്ടം മതമൗലികവാദികൾ പഞ്ചാബ് പ്രവിശ്യയിലെ ഒരു ഹിന്ദു ക്ഷേത്രം ആക്രമിച്ചതായി പറയപ്പെടുന്നു. ക്ഷേത്രത്തിലെ പ്രതിഷ്ഠകളുടെ വിഗ്രഹങ്ങളും നശിപ്പിച്ചു. വിവരങ്ങള്‍ സോഷ്യൽ മീഡിയയിലൂടെ അറിഞ്ഞ ഇന്ത്യയിലെ ജനങ്ങള്‍ ഇമ്രാൻ ഖാൻ സർക്കാരിനെ നിശിതമായി വിമര്‍ശിച്ചു.

പാക്കിസ്താനിലെ ന്യൂനപക്ഷ സമുദായങ്ങളുടെ മതസ്വാതന്ത്ര്യത്തിനെതിരായ ആക്രമണങ്ങൾ തുടരുന്നതിൽ പാക്കിസ്താന്‍ നയതന്ത്രജ്ഞനെ ഇന്ത്യ തങ്ങളുടെ കടുത്ത ആശങ്കകൾ അറിയിച്ചിട്ടുണ്ടെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. വ്യാഴാഴ്ച ഉച്ചയോടെ പാക്കിസ്താന്‍ ഹൈക്കമ്മീഷന്റെ ചുമതലക്കാരനെ വിളിച്ചുവരുത്തിയതായും പാക്കിസ്താനില്‍ നടന്ന അപലപനീയമായ സംഭവം, ന്യൂനപക്ഷ സമുദായങ്ങളുടെ മതസ്വാതന്ത്ര്യം, അവരുടെ മതസ്ഥലങ്ങളിൽ തുടർച്ചയായ ആക്രമണങ്ങൾ എന്നിവയിൽ അതീവ ഉത്കണ്ഠ പ്രകടിപ്പിച്ചതായും ബാഗ്ചി മാധ്യമ സമ്മേളനത്തിൽ പറഞ്ഞു.

ക്ഷേത്രം ആക്രമിക്കുന്ന സമയത്ത് പോലീസിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഒടുവിൽ പാക് റേഞ്ചേഴ്സിനെ വിളിച്ച് സ്ഥിതിഗതികൾ നിയന്ത്രിക്കേണ്ടിവന്നു. ബുധനാഴ്ച മുസ്ലീം ജനക്കൂട്ടം ക്ഷേത്രം ആക്രമിച്ചതായി പോലീസ് പറഞ്ഞു. ലാഹോറിൽ നിന്ന് 590 കിലോമീറ്റർ അകലെയുള്ള റഹിം യാർ ഖാൻ ജില്ലയിലെ ഭോംഗ് പട്ടണ പ്രദേശത്താണ് സംഭവം.

ഒരു മദ്രസയോടുള്ള അപമാനത്തിന് പ്രതികാരം ചെയ്യാനാണ് ആൾക്കൂട്ടം ക്ഷേത്രം ആക്രമിച്ചതെന്ന് പോലീസ് പറയുന്നു. എന്നാല്‍ സംഭവത്തിന് ശേഷം, ബുധനാഴ്ച, ഭരണകക്ഷിയായ പാക്കിസ്താന്‍ തെഹ്രീക്-ഇ-ഇൻസാഫ് പാർട്ടി എംപി ഡോ. രമേശ് കുമാർ വങ്ക്‌വാനി തന്റെ ട്വിറ്റർ അക്കൗണ്ടിൽ ആക്രമണത്തിന്റെ വീഡിയോ ട്വീറ്റ് ചെയ്യുകയും ഉടൻ തന്നെ സ്ഥലത്തെത്താൻ പോലീസിനോട് ആവശ്യപ്പെടുകയും ചെയ്തു. ട്വീറ്റുകളുടെ ഒരു പരമ്പരയിൽ, ഭോംഗ് ടൗണിലെ ഹിന്ദു ക്ഷേത്രം ആക്രമിക്കപ്പെട്ടതായി അദ്ദേഹം പറഞ്ഞു. ഇന്നലെ മുതൽ ഇവിടെ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ലോക്കൽ പോലീസിന്റെ അനാസ്ഥ ലജ്ജാകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ജില്ലാ പോലീസ് ഓഫീസർ (ഡിപിഒ) റഹീം യാർ ഖാൻ അസദ് സർഫ്രാസ് പറയുന്നതനുസരിച്ച്, നിയമ നിർവ്വഹണ ഏജൻസികൾ സ്ഥിതി നിയന്ത്രിക്കുകയും ആൾക്കൂട്ടത്തെ പിരിച്ചുവിടുകയും ചെയ്തു.

100 ഹിന്ദു കുടുംബങ്ങൾ ഈ പ്രദേശത്ത് താമസിക്കുന്നുണ്ടെന്നും എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ ഉണ്ടായാല്‍ തടയാൻ പോലീസിനെ നിയോഗിച്ചിട്ടുണ്ടെന്നും ഡിപിഒ പറഞ്ഞു. എന്നാല്‍, ഈ കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

“ക്രമസമാധാനം പുനഃസ്ഥാപിക്കുക, ന്യൂനപക്ഷ സമുദായത്തിന് സംരക്ഷണം നൽകുക എന്നിവയാണ് ഞങ്ങളുടെ പ്രഥമ പരിഗണന,” സർഫ്രാസ് പറഞ്ഞു.

അതേസമയം, പാക്കിസ്ഥാൻ സുപ്രീം കോടതി ഭോംഗ് ഗ്രാമത്തിലെ ഹിന്ദു ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ചു. ചീഫ് ജസ്റ്റിസ് ഗുൽസാർ അഹമ്മദ് സംഭവത്തിൽ അതീവ ഉത്കണ്ഠ പ്രകടിപ്പിച്ചതായി കോടതിയുടെ പ്രസ്താവനയിൽ പറഞ്ഞു. തന്നെയുമല്ല, പഞ്ചാബ് ചീഫ് സെക്രട്ടറി, ഇന്‍സ്പെടര്‍ ജനറല്‍ ഓഫ് പോലീസ് (പഞ്ചാബ്) എന്നിവര്‍ അവരുടെ റിപ്പോർട്ടിനൊപ്പം വെള്ളിയാഴ്ച കോടതിയില്‍ ഹാജരാകാൻ നിർദ്ദേശം നല്‍കിയിട്ടുണ്ടെന്ന് സുപ്രീം കോടതിയുടെ പ്രസ് റിലീസില്‍ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment