പെരിയ ഇരട്ടക്കൊലപാതകം: അന്വേഷണം നാല് മാസത്തിനകം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സിബി‌ഐയ്ക്ക് ഹൈക്കോടതി നിര്‍ദ്ദേശം

കൊച്ചി: പെരിയ ഇരട്ടക്കൊലപാതകത്തിന്റെ അന്വേഷണം നാല് മാസത്തിനകം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സിബി‌ഐയ്ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. കേസിലെ പതിനൊന്നാം പ്രതി പ്രദീപ് നൽകിയ ജാമ്യാപേക്ഷയെ തള്ളിക്കണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി ഈ നിര്‍ദ്ദേശം നല്‍കിയത്. രണ്ടു വർഷത്തിലധികമായി പ്രതികൾ ജയിലിൽ കഴിയുകയാണെന്നും കോടതി നിരീക്ഷിച്ചു.

2019 ഫെബ്രുവരി 17 ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും കൃപേഷും ക്രൂരമായി കൊല ചെയ്യപ്പെട്ടു. ഏറെ കോളിളക്കം സൃഷ്ടിച്ച ഈ കേസിന്റെ തുടരന്വേഷണം 2019 സെപ്റ്റംബറിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് സിബിഐക്ക് വിട്ടു. സിബിഐ അന്വേഷണത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച സംസ്ഥാന സര്‍ക്കാര്‍ ആ ആവശ്യത്തോട് തുടക്കം മുതൽ നിസ്സംഗത പാലിക്കുകയായിരുന്നു.

സംസ്ഥാന പോലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് കൃപേഷിൻറെയും ശരത് ലാലിൻറെയും ബന്ധുക്കൾ നിലപാടെടുത്തിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു നീക്കവും നടന്നില്ല. എല്ലാം ശരിയായ രീതിയിലാണ് നടക്കുന്നതെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. അവസാനമാണ് കുടുംബ ഹൈക്കോടതിയെ സമീപിക്കുന്നതും ഹൈക്കോടതിയിൽ നിന്ന് സി.ബി.ഐ അന്വേഷണത്തിന് അനുകൂലമായ ഉത്തരവ് വന്നതും. അപ്പോഴും സർക്കാർ വഴങ്ങിയില്ല. നിയമ പോരാട്ടം ഡിവിഷൻ ബെഞ്ചിന് മുന്നിലും എത്തി. എല്ലായിടത്തും തിരിച്ചടി നേരിട്ടപ്പോഴും കേസ് രേഖകൾ വിട്ടു കൊടുക്കാതെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. എന്നാൽ അവിടെയും തിരിച്ചടി നേരിട്ടു. ഒടുവിൽ കേസ് സിബിഐ അന്വേഷിക്കുന്നത് തടയണമെന്ന സംസ്ഥാന സർക്കാരിൻറെ ആവശ്യം സുപ്രിം കോടതി തള്ളുകയായിരുന്നു. കേസിൻറെ രേഖകൾ എത്രയും വേഗത്തിൽ പൊലീസ് സിബിഐക്ക് കൈമാറണമെന്ന് കോടതി ഉത്തരവിടുകയും ചെയ്തു.

ഈ കേസിൽ മാത്രം ഒരു കോടി രൂപയാണ് സംസ്ഥാന സർക്കാർ പൊതു ഖജനാവിൽ നിന്ന് അഭിഭാഷകർക്കായി ചെലവഴിച്ചത്. വിവിധ ഘട്ടങ്ങളിൽ ഹാജരായ അഭിഭാഷകർക്ക് മാത്രം 88 ലക്ഷം രൂപ നൽകിയിട്ടുണ്ട്. ഇതിൽ മുതിർന്ന അഭിഭാഷകൻ മനീന്ദർ സിംഗിന് 60 ലക്ഷത്തോളം രൂപ പ്രതിഫലം നൽകി. നാല് ദിവസത്തേക്ക്, അഭിഭാഷകർ വിമാന ടിക്കറ്റ്, താമസം, ഭക്ഷണം എന്നിവയ്ക്കായി 2,92,337 രൂപ ചെലവഴിച്ചു.

Print Friendly, PDF & Email

Leave a Comment