ലക്ഷദ്വീപിന്റെ സ്വന്തം മണിക്‌ഫാൻ

തൃശൂര്‍ ജില്ലയിലെ പുന്നയൂര്‍ക്കുളം അൻസാര്‍ വനിതാ കോളേജില്‍, സാന്ത്വനം വെല്‍ഫെയര്‍ സൊസൈറ്റി അലി മണിക്‌ഫാനെ 2021മാര്‍ച്ച്‌11ന് ആദര സമര്‍പ്പണത്തിന് കൊണ്ടുവരുന്നു എന്ന്‌ സാന്ത്വനം വൈസ്‌ പ്രസിഡന്റ് അബൂബക്കര്‍ അറിയിച്ചപ്പോള്‍ സന്തോഷം തോന്നി.

കേന്ദ്രഗവണ്‍മെന്റിന്റെ പത്‌മശ്രീ പുരസ്‌കാരം ലഭിച്ച 82കാരനെപ്പറ്റി ഈയിടെയായി ധാരാളം കേള്‍ക്കാറുണ്ട്. ലക്ഷദ്വീപിന്നടുത്തുളള മിനികോയ്‌ ദ്വീപ്‌ സ്വദേശിയും സമുദ്ര ഗവേഷകനും കൃഷി ശാസ്‌ത്രജ്ഞനും കപ്പല്‍ നിര്‍മാതാവും, മറ്റു പല കണ്ടുപിടുത്തങ്ങളുടെ ഉടമയെന്നും മറ്റും.

11ാം തീയതി മൂന്നിന്‌ കോളെജ്‌ അങ്കണത്തിലെത്തിയപ്പോള്‍ സൈനുദ്ദീൻ വന്നേരി പുരസ്‌കാര ജേതാവിനെ എനിക്ക്‌ പരിചയപ്പെടുത്തി. അദ്ദേഹം തിരക്കിലായതുകൊണ്ട് അധികം സംസാരിക്കാൻ കഴിഞ്ഞില്ല. എങ്കിലും അദ്ദേഹത്തെപ്പറ്റി കൂടുതല്‍ അറിയണമെന്ന്‌ ആഗ്രഹിച്ചു. തുടര്‍ന്നു മണിക്‌ഫാന്റെ ശിഷ്യന്മാരായ മുസ്‌തഫയും ശബാബുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ സന്ദര്‍ശിക്കാനുളള സമയം തരപ്പെടുത്തി.

അബ്‌ദുള്‍ പുന്നയൂര്‍ക്കുളം

അനന്തരവൻ സലീമുമായി കോഴിക്കോടിനടുത്തുളള ഒളവണ്ണയില്‍ മണിക്‌ഫാന്റെ വാടക വീട്ടിലെത്തിയപ്പോള്‍, അഞ്ചര അടിയില്‍ കൂടുതല്‍ ഉയരവും ബുള്‍ഗൻ താടിയും മിനികോയ്‌ ദ്വീപിന്റേതെന്ന്‌ തോന്നിക്കുന്ന തലപ്പാവും അറബിക്‌ രീതിയിലുളള നീണ്ട (കന്തൂറ) ജുബായും ധരിച്ചു, ഇരുനിറമുളള കൃശഗാത്രൻ സുസ്‌മേരവദനനായി ഞങ്ങളെ സ്വീകരിച്ചു.

മലയാളവും ഇംഗ്ലീഷും സരളമായി സംസാരിക്കുന്ന മണിക്‌ഫാന്റെ ആമുഖ ഭാഷണത്തില്‍ തന്നെ അദ്ദേഹം ഒരു ലളിതമനസ്‌കനെന്ന്‌ മനസ്സിലായി.

മണിക്‌ഫാൻ ലക്ഷദ്വീപ്‌, മിനികോയ്‌ ദ്വീപുകളെപ്പറ്റി പരിചയപ്പെടുത്തി. ’36 ദ്വീപുകളുടെ സമൂഹമാണ്‌ ലക്ഷദ്വീപ്‌. അതില്‍ പതിനൊന്ന്‌ ദ്വീപുകളിലേ ജനവാസമുളളു. കൊച്ചിയില്‍ നിന്ന്‌ കപ്പലിലും വിമാനത്തിലും (400 km) ദ്വീപിലെത്താം. ലക്ഷദ്വീപിന്റെ തലസ്ഥാനം കവരത്തി. ആകെ 32.50 km വിസ്‌തീര്‍ണ്ണം. മിനികോയ്‌ ദ്വീപ്‌ ലക്ഷദ്വീപിന്റെ ഭാഗമാണെങ്കിലും, അവിടുത്തെ ഭാഷ മഹലാണ്‌. മഹല്‍ മിനികോയുടെ അടുത്ത്‌ കിടക്കുന്ന മാലിദ്വീപിലെ ദിവേലി എന്ന ഭാഷയുടെ ഒരു രൂപാന്തരമാണ്‌. മിനികോയിയുടെ സംസ്‌കാരവും ഭാഷയും മറ്റു ദ്വീപുകളില്‍ നിന്ന്‌ താരതമ്യേന വ്യത്യസ്‌തമാണ്‌. കവരത്തി, ആന്ത്രോത്ത്‌, കടമത്ത്‌, ആക്കത്തി, ചെത്തിലത്ത്‌, കില്‍ത്താൻ , കല്‍പേനി എന്നീ ദ്വീപുകളിലുളളവര്‍ മലയാളം സംസാരിക്കും. അവര്‍ വേഷത്തിലും പ്രകൃതത്തിലും മലയാളികളാണെങ്കിലും, അവരുടെയും കേരളീയരുടെയും ഭാഷാപ്രയോഗത്തിലും ഈണത്തിലും വാക്കുകളുടെ ഉച്ചാരണ രീതിയിലും വ്യത്യാസമുണ്ട്. തിരുവനന്തപുരത്തേയും കാസര്‍കോട്ടേയും സംസാരം പോലെ.’

ലക്ഷദ്വീപിന്റെ ചരിത്രം?
– കണ്ണൂരിലെ അറയ്‌ക്കല്‍ രാജവംശമായിരുന്നു ലക്ഷദ്വീപ്‌ ഭരിച്ചിരുന്നത്‌. അതിനിടെ മലബാര്‍ ഭരിച്ചിരുന്ന ഹൈദരലി 1766ലും, ടിപ്പു1787ലും ദ്വീപുകളുടെ തെക്കൻ ഭാഗങ്ങള്‍ കൈവശപ്പെടുത്തി. ടിപ്പുവിന്റെ കാലശേഷം 1799ല്‍ ദ്വീപ്‌ ബ്രിട്ടീഷുകാരുടെ അധീനതയിലായി. 1799 തൊട്ട്‌ 1956 വരെ ദ്വീപ്‌ മലബാറിന്റെ ഭാഗമായിരുന്നെങ്കിലും, ശേഷം കേന്ദ്രഭരണത്തിന് കീഴിലായി.

വിദ്യാഭ്യാസം?
– പ്രാഥമിക വിദ്യാഭ്യാസം വീട്ടില്‍ വച്ചു നടന്നു. 1948ല്‍ പത്താം വയസ്സില്‍ കണ്ണൂരില്‍ വന്നു അഞ്ചു മുതല്‍ എട്ടു വരെ പഠിച്ചു.

പതിനാല്‌ ഭാഷകള്‍ അറിയുമല്ലോ?
– അറിയുമെങ്കിലും ഇപ്പോള്‍ ഏഴ്‌ ഭാഷകളെ ഉപയോഗിക്കുന്നുളളു.

ഇത്രയും ഭാഷകള്‍ സ്വായത്തമാക്കിയതെങ്ങനെ?
– ദ്വീപിലെ ആമീൻ (ഭരണാധികാരി) ആയ എന്റെ ബാപ്പ കപ്പലില്‍ മിനികോയ്‌ സന്ദര്‍ശിക്കാൻ വരുന്ന ടൂറിസ്‌റ്റുകളെ സ്വീകരിക്കാൻ പറഞ്ഞു. സഞ്ചാരികളോട്‌ സംസാരിക്കാനുളള ആഗ്രഹംകൊണ്ട് അവരുടെ ഭാഷകള്‍ സ്വയം പഠിച്ചു.

പുതിയ ഭാഷകള്‍ പഠിക്കാൻ ബുദ്ധിമുട്ടല്ലേ?
– പഠിക്കണം, അറിയണം, മനസ്സിലാക്കണം എന്നാഗ്രഹമുണ്ടെങ്കില്‍ എന്തും ശ്രമിച്ചാല്‍ പറ്റും. ശ്രമമാണ്‌ വലുത്‌. ഏതൊരുഭാഷ പഠിക്കാനും അടിസ്ഥാന ഭാഷയായ ലാറ്റിനും അറബിയും സംസ്‌കൃതവും പഠിച്ചാല്‍ എളു പ്പമാകും. ജിജ്ഞാസയാണ്‌ മനുഷ്യന്റെ മിക ച്ച വിദ്യാഭ്യാസം.

സ്വന്തമായി ബാറ്ററി കൊണ്ട് പ്രവര്‍ത്തിക്കുന്ന സൈക്കിള്‍ നിര്‍മിച്ചത്‌?


– ഞാനൊരു മെക്കാനിക്കല്‍ മൈന്റുളള ആളാണ്‌. സാധാരണ ബൈക്കില്‍ എൻഞ്ചിൻ ഘടിപ്പിക്കുന്നത്‌ ബൈക്കിന്റെ പിന്നിലാണ്‌. അതില്‍ നിന്ന്‌ വ്യത്യസ്‌തമായി ഞാൻ ബൈക്കിന്റെ മുന്നില്‍ ഡൈനാം കൊണ്ട് പ്രവര്‍ത്തിക്കുന്ന, ഇന്ധനച്ചെലവ്‌ കുറവുളള മോട്ടോര്‍ ഘടിപ്പിച്ചു. ആ സൈക്കിളില്‍ മകനും ഞാനും ഇന്ത്യയിലുടനീളം സഞ്ചരിച്ചു.

ലക്ഷദ്വീപിന്റെ സമ്പത്ത്‌?
– തെങ്ങും മത്സ്യവും. മത്സ്യം കേരളത്തിലേക്കും മറ്റും കയറ്റി അയയ്‌ക്കുന്നു.

ജനസംഖ്യയും സാക്ഷരതയും?
– സാക്ഷരത 90%. 2011ലെ കണക്കനുസരിച്ച്‌ ദ്വീപിലെ ജനസംഖ്യ 65,000.

മതം?
– 94 ശതമാനവും മുസ്ലീങ്ങളാണ്‌.

കലകള്‍?
– നാടൻ കലകള്‍ കൊണ്ട് സമ്പന്നമാണ്‌ ദ്വീപ്‌. ഒപ്പന, അറബന, കോല്‍ക്കളി, ഒലക്കമുട്ട്‌. കൂടാതെ, മാപ്പിളപാട്ട്‌, മൗലൂദ്‌ തുടങ്ങിയവ.

മാധ്യമങ്ങള്‍?
• മാധ്യമങ്ങളില്ല. സര്‍ക്കാരിന്റെ ഒരു പത്രമെയുളളു.

ഭരണം?
– കേന്ദ്രഭരണം. ദ്വീപുകളെ ജില്ലകളായും പഞ്ചായത്തുകളായും തിരിച്ചിരിക്കുന്നു.

ഔദ്യോഗിക ജീവിതം?
– മിനികോയിയില്‍ അദ്ധ്യാപകനും ക്ലാര്‍ക്കുമായാണ്‌ ജോലിയുടെ തുടക്കം.

ദ്വീപിനെ കടലെടുക്കുന്നുവോ…?
– കടലിനെ തൊട്ടുകിടക്കുന്ന ഭൂമിയായതുകൊണ്ട് അല്പാല്പമായി ദ്വീപിനെ കടല്‍ വിഴുങ്ങുന്നു.

കേരളവുമായുളള ബന്ധം?
– സാധാരണ പായ്‌ക്കപ്പലില്‍ ആവശ്യമുളള സാധനങ്ങള്‍ വാങ്ങാൻ കോഴിക്കോട്ട്‌ വരും.

തമിഴ്‌നാട്ടിലേക്ക്‌ വന്നത്‌?
– കടലിനോട്‌ ബന്ധപ്പെട്ടായിരുന്നു ജീവിതം. കടലില്‍ നീന്താറുണ്ട്‌. ഒരിക്കല്‍ നീന്തുമ്പോള്‍ Central Marine Fisheries Research Institute (CMFRI)ന്റെ ചെറിയ കപ്പല്‍ മിനികോയില്‍ വന്നു. ഞാൻ കപ്പലിന്റെ അടുത്തേക്ക്‌ നീന്തി. അത്‌ മറൈൻ ഗവേഷകനും ശാസ്‌ത്രജ്ഞനും CMFRI ഡയറക്‌റ്ററുമായ ഡോ. ജോണ്‍സന്റെ ശ്രദ്ധയില്‍ പെട്ടു. ആ കണ്ടുമുട്ടൽ ഒരു നീണ്ട സൗഹൃദത്തിന്റെ തുടക്കമായിരുന്നു. പിന്നീട് പലപ്പോഴും ഞങ്ങൾ കണ്ടുമുട്ടി. ജോണ്‍സണുമായുളള സൗഹൃദത്തിലാണ്‌ CMFRI ല്‍ ജോലിക്കായി തമിഴ്‌നാട്ടിലേക്ക്‌ വരുന്നത്‌.

പുതിയ മത്സ്യത്തെ കണ്ടെത്തിയതിനെപ്പറ്റി?– CMFRIല്‍ Field man ആയി രാമേശ്വരത്ത്‌ ജോലി ചെയ്യുമ്പോള്‍, 400 ഓളം മത്സ്യവര്‍ഗ്ഗങ്ങളെ ശേഖരിക്കുകയും അവയ്‌ക്കു ശാസ്‌ത്രീയ നാമം നല്‍കി തരംതിരിക്കുകയും ചെയ്‌തു. 1968 വരെ അറിയപ്പെടാത്ത ഒരു മത്സ്യവര്‍ഗ്ഗത്തെ ഞാൻ കണ്ടെത്തി. അതിന്‌ ഫിഷറീസ്‌ അബുദഫ്‌ദഫ്‌ മണിക്‌ഫാൻ എന്ന എന്റെ പേരിട്ടു.

നവീന കൃഷിരീതി?
– തമിഴ്നാട്ടിലെ വേതാളയില്‍ ഫിഷറീസില്‍ മ്യൂസിയം അസിസ്‌റ്റന്റായി 20 വര്‍ഷം ജോലി ചെയ്‌ത ശേഷം, സ്വയം വിരമിച്ചു കൃഷിയിലേക്ക്‌ തിരിഞ്ഞു. കടലോരത്ത്‌ നിന്ന്‌ മാറി, ഒട്ടും വെളളമില്ലാത്ത വളളിയൂരില്‍ പത്തേക്കര്‍ തരിശ്‌ സ്ഥലംവാങ്ങി. അവിടെ മണ്ണിനു അനുയോജ്യമായ മരങ്ങള്‍ നട്ടുപിടിപ്പിച്ചു. വലിയ കുളങ്ങള്‍ കുഴിച്ച്‌ മഴവെളളം ശേഖരിച്ചു; ആ വെളളത്തിന്റെ നനവ്‌ അഞ്ചു മാസത്തോളം ഭൂമിയില്‍ നിലനിര്‍ത്താനും നിലം ഹരിതാഭമാക്കുവാനും സഹായിച്ചു. ആ പച്ചപ്പ്‌ തേടി ജീവികളും ദേശാടന കിളികളും ചേക്കേറി. മണ്ണൊലിപ്പ്‌ തടയാൻ മണല്‍ച്ചാക്കുകള്‍ കൊണ്ട് മതിലുണ്ടാക്കുകയും ചെടികള്‍ വച്ചു പിടിപ്പിക്കുകയും ചെയ്‌തു.

Marine Biology Fellow ആയ മണിക്‌ഫാൻ മറൈൻ ബയോളജിയെപ്പറ്റി ഡല്‍ഹിയില്‍ രണ്ട് തവണ ക്ലാസ്സ്‌ എടുത്തിട്ടുണ്ട്. ഗോവയില്‍ സമുദ്രവിജ്ഞാനത്തെപ്പറ്റി പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്.

ഭാവനയിലുളള ഹിജ്‌റ കലണ്ടറിന്റെ പ്രചോദനവും അതിന്റെ ആവശ്യകതയും?
– ലക്ഷദ്വീപിലെ ഭരണാധികാരിയായ മൂര്‍ക്കോത്ത്‌ രാവുണ്ണി 1965 ഫിബ്രുവരി 2ാം തീയതി ചൊവ്വാഴ്‌ച കോഴിക്കോട്‌ പെരുന്നാള്‍ ആഘോഷിച്ചതിനു ശേഷം, ചരക്കു കപ്പലുമായി ലക്ഷദ്വീപിലേക്ക്‌ പുറപ്പെട്ടു. ബുധനാഴ്ച ദ്വീപിലെത്തിയപ്പോള്‍ അവിടെ അന്ന്‌ പെരുന്നാളാണ്‌. എന്നാല്‍ എന്റെ നാടായ മിനികോയിലേക്ക്‌ കപ്പല്‍ വിടാൻ പറഞ്ഞു.

വ്യാഴാഴ്‌ച മിനികോയിലെത്തിയപ്പോള്‍ അവിടെയും അന്ന്‌ പെരുന്നാളാണ്‌; ചരക്കിറക്കാൻ ആളില്ല. ചരക്ക്‌ പെട്ടെന്നിറക്കിയിട്ട്‌ വേണം കപ്പല്‍ ബോംബെയിലെത്താൻ. അന്ന്‌ രണ്ട് കപ്പലേയുളളു. ഇന്നത്തെപ്പോലെ അധികം കപ്പലില്ല. തുടര്‍ന്ന്‌ സംഘര്‍ഷമുണ്ടായി. അതില്‍ ഒരു ലക്ഷദ്വീപ്‌ ഭരണാധികാരി മരണപ്പെട്ടു. അതൊരു ദുരനുഭവമായി എനിക്കനുഭവപ്പെട്ടു. ആ സംഭവം എന്നെ വല്ലാതെ വേദനിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്‌തു.

പല ദിവസങ്ങളിലായി പെരുന്നാളും റംസാനും ആഘോഷിക്കുന്നത്‌ ശരിയല്ല. എല്ലാ രാജ്യക്കാര്‍ക്കും പെരുന്നാള്‍ ഒരു ദിവസവും ഒരു തീയതിയിലും വേണം. Lunar year, 12 ചന്ദ്രമാസങ്ങള്‍ ഒന്നാകുമ്പോള്‍ കലണ്ടറും ഒന്നാകണം.

മുസ്ലിം രാജ്യങ്ങള്‍ ഈ ലൂണാര്‍ കലണ്ടര്‍ അംഗീകരിക്കാൻ മടിക്കയില്ലേ?
– ചന്ദ്രമാസത്തെപ്പറ്റി ലോകം പഠിച്ചിട്ടില്ല. സോളാര്‍ മാസ കലണ്ടര്‍ എപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ലൂണാര്‍ മാസകലണ്ടര്‍ മുസ്ലിം രാജ്യങ്ങള്‍ക്കു മാത്രമല്ല എല്ലാ മനുഷ്യരാശിക്കും കൂടിയാണ്‌. ഏകീകരിച്ച ലൂണാര്‍ കലണ്ടറിന്റെ ഉപയോഗങ്ങള്‍ മനസ്സിലാക്കുമ്പോള്‍ ജനം അത്‌ സ്വീകരിക്കും. അതിന്റെ സ്വീകാര്യതയ്‌ക്കുവേണ്ടി ഞാൻ സൗദി അറേബ്യയില്‍ പോയി സൗദി ഗവണ്‍മെന്റിനു 5,000 വര്‍ഷത്തേക്കുളള ഹിജ്‌റ കലണ്ടര്‍ സമര്‍പ്പിച്ചു. ചന്ദ്രമാസ കലണ്ടറിനെപ്പറ്റിയുളള ഒരു സര്‍ഗ്ഗസംവാദത്തിനു എന്നെ അമേരിക്കയിലെ ISNA എന്ന സംഘടന ക്ഷണിച്ചിട്ടുമുണ്ട്.

ആണിയില്ലാതെ കപ്പല്‍ നിര്‍മിച്ചത്‌?
– Tim severin എന്ന ഐറിഷ്‌ നാവികൻ അറേബ്യൻ നൈറ്റ്‌ കഥയിലെ സാഹസിക സഞ്ചാരിയായ Sinbad ന്റെ പിൻഗാമിയാകണമെന്ന്‌ ആഗ്രഹിച്ചു. ടിമിന്‌ സിൻബാദ്‌ യാത്ര ചെയ്‌ത പായ്‌ക്കപ്പല്‍ പോലെ ആണിയില്ലാതെ,കയറും മരവും ഉപയോഗിച്ചുളള ക പ്പല്‍ നിര്‍മിക്കണം. ടിം ഡോ. ജോണ്‍സണ്‍ വഴി എന്നെ ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെ ഭാവനാ രീതിയിലുളള പായ്‌കപ്പല്‍ ഞാനും സംഘവും കൂടി ഒമാനിലെ സുര്‍ തുറമുഖത്ത്‌ വച്ച്‌ ഉണ്ടാക്കികൊടുത്തു. ആ കപ്പലില്‍ ടിമ്മും 22 പേരുമടങ്ങിയ സംഘവുമായി ആറു മാസം യാത്ര ചെയ്‌തു ചൈനയിലെത്തി. ശേഷം അത്‌ നേവി കപ്പലില്‍ തിരിച്ചുകൊണ്ടു വന്നു ഒമാനിലെ നാഷണല്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട്.

സ്വന്തമായ ആവശ്യങ്ങള്‍ക്ക്‌ മണിക്‌ഫാൻ അവശ്യസാധനങ്ങള്‍ സ്വയം നിര്‍മിച്ചു. വാതിലും ജനലുമില്ലാതെ വീടു പണിതു. വായുസഞ്ചാരം സുഗമമാക്കാൻ ചുമരില്‍ ജനലിനു പകരം ദ്വാരങ്ങളുണ്ടാക്കി. കാറ്റാടി യന്ത്രത്തില്‍ നിന്ന്‌ വൈദ്യുതി ഉത്പാദിപ്പിച്ചു. സൗരോര്‍ജ്ജം കൊണ്ട് പ്രവര്‍ത്തിക്കുന്ന അടുപ്പും ഫ്രിഡ്‌ജും ജലശുദ്ധീകരണ യന്ത്രവും സ്വയം നിര്‍മിച്ചു.

ശിഷ്ടകാലം എവിടെ, എങ്ങനെ വിനിയോഗിക്കാനാണ്‌ തീരുമാനം?
– കോഴിക്കോട്‌. ശിഷ്ടജീവിതം ആഗോള ഹിജ്‌റ കലണ്ടറിന്റെ പ്രചരണത്തിനായി എന്റെ ശിഷ്യന്മാരായ മുഹമ്മത്‌ മുസ്‌തഫയും ശബാബുമായും മറ്റും പ്രവര്‍ത്തിക്കുന്നു.

ഭൂമിയിലെ ഉപ്പ്‌ എന്നും The man in the million എന്നും താങ്കളെ വിശേഷിപ്പിക്കാറുണ്ടല്ലോ?
– ചിരിച്ചും കൊണ്ട്: ഓ അങ്ങനെയൊന്നുമില്ല. പ്രകൃതിയോടിണങ്ങി, ലളിതമായി ജീവിക്കുന്നു.

കുടുംബം?
– നാല്‌ മക്കളുണ്ട് . മൂന്ന്‌ പെണ്ണും ഒരാണും. മകൻ കപ്പലില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്നു. രണ്ട് പെണ്‍മക്കള്‍ ടീച്ചര്‍മാരാണ്. ആദ്യ ഭാര്യ മരിച്ചു. പുനര്‍വിവാഹം കേരളത്തില്‍ നിന്നാണ്‌.

ചന്ദ്രമാസ കലണ്ടറിനെ ആഗോളതലത്തില്‍ ഏകീകരിച്ച ധീഷണാശാലി, കരയിലും കടലിലും കരവിരുത്‌ കാട്ടിയ, സ്ഥിരോത്സാഹിയോടും ഭാര്യയോടും ഞങ്ങള്‍ വിട പറഞ്ഞു .

തിരികെ വരുമ്പോള്‍, കോഴിക്കോടും ലക്ഷദ്വീപിലും മിനികോയിലും വ്യത്യസ്‌ത ദിനങ്ങളില്‍ പെരുന്നാള്‍ കൊണ്ടാടുന്നത്‌ മണിക്‌ഫാനെ ചിന്തിപ്പിച്ചതിന്റെ ഫലമായി ഏകീകൃത ലൂണാര്‍ കലണ്ടര്‍ രൂപീകൃതമാവാൻ സഹായിച്ചു. എന്നാല്‍ മണിക്‌ഫാന്റെ ചന്ദ്രമാസ കലണ്ടറനുസരിച്ചോ, അല്ലെങ്കില്‍ അതിനു ഉപോദ്‌ബലകമായി ഇന്ന്‌, അതിനൂതന വാനനിരീക്ഷണാലയങ്ങള്‍ ഉളളപ്പോള്‍ കേരളത്തിലും സൗദിയിലും ഗള്‍ഫ്‌ രാജ്യങ്ങളിലും മറ്റും റംസാനും പെരുന്നാളും ആചരിക്കുന്നത്‌ വ്യത്യസ്‌ത ദിവസങ്ങളിലല്ലേ എന്ന സന്ദേഹം സഹയാത്രികനായ സലീമിനോട്‌ ആരാഞ്ഞു.

സലീം പറഞ്ഞു: “നോമ്പും പെരുന്നാളും ലോകത്ത്‌ ഒറ്റ ദിവസമാക്കണമെങ്കില്‍ മണിക്‌ഫാന്റെ ഭാവനയിലുളള ഏകീകരിച്ച ചന്ദ്രമാസ കലണ്ടറിനെപ്പറ്റിയുളള കണ്ടെത്തലുകള്‍ ജനങ്ങളെ ആഗോളതലത്തില്‍ ബോധിപ്പിക്കണം…”

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News