ന്യൂയോര്‍ക്ക്: ഒന്നിലധികം സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ ക്വോമോ ചൊവ്വാഴ്ച രാജിവെച്ചതായി പ്രഖ്യാപിച്ചു. സ്റ്റേറ്റ് അറ്റോർണി ജനറലിന്റെ റിപ്പോർട്ടിനെത്തുടർന്നും, പ്രസിഡന്റ് ജോ ബൈഡന് ഉൾപ്പെടെയുള്ള പ്രമുഖ ഡെമോക്രാറ്റുകളിൽ നിന്നുള്ള സമ്മര്‍ദ്ദവുമാണ് അദ്ദേഹത്തിന്റെ രാജിയില്‍ കലാശിച്ചത്.
“സാഹചര്യങ്ങൾ കണക്കിലെടുത്ത് എനിക്ക് ഇപ്പോൾ ചെയ്യാന്‍ കഴിയുന്ന ഏറ്റവും നല്ല മാർഗ്ഗം സര്‍ക്കാരിന്റെ നിലനില്പ് കാത്തുസൂക്ഷിക്കുക എന്നതാണ്. ജനങ്ങളെ സേവിയ്ക്കുക എന്ന ദൗത്യമാണ് എന്റേത്. അതുകൊണ്ട് ഞാന്‍ ശരിയായ കാര്യം ചെയ്യുന്നു,” അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
അദ്ദേഹത്തിന്റെ ശേഷിക്കുന്ന കാലയളവില്‍ ഡമോക്രാറ്റായ ലെഫ്. ഗവർണർ കാതി ഹോചുൾ ഗവര്‍ണ്ണറുടെ ചുമതല വഹിക്കും. അതോടെ ന്യൂയോര്‍ക്ക് സംസ്ഥാനത്തെ ആദ്യത്തെ വനിതാ ഗവർണ്ണര്‍ എന്ന പദവിയും അവര്‍ക്ക് സ്വന്തമാകും.
താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന പ്രസ്താവനയില്‍ ഉറച്ചുനിന്നുകൊണ്ട് 14 ദിവസത്തിനുള്ളിൽ ഓഫീസ് വിടുമെന്ന് ക്വോമോ പ്രഖ്യാപിച്ചു.
തന്റെ മൂന്ന് പെൺമക്കളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു, “ഞാൻ ഒരിക്കലും തെറ്റ് ചെയ്തിട്ടില്ലെന്ന് അവർ എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞാൻ ഒരിക്കലും ഒരു സ്ത്രീയെ അനാദരിച്ചിട്ടില്ല, അനാദരിക്കുകയുമില്ല, ആരോടും വ്യത്യസ്ഥമായി പെരുമാറിയിട്ടില്ല. അതാണ് സത്യം.”
ന്യൂയോര്‍ക്കിലെ മൂന്നില്‍ രണ്ട് സെനറ്റര്‍മാര്‍ ഉള്‍പ്പെടെ നിരവധി പേര് രാജിവക്കണമെന്ന് ക്വോമോയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം തയാറായിരുന്നില്ല. ഡെമോക്രാറ്റിക് പാര്‍ട്ടി അംഗമായി ഇദ്ദേഹത്തിനെതിരെ പാര്‍ട്ടി അംഗങ്ങള്‍ തന്നെ രംഗത്ത് എത്തിയിരുന്നു.
പതിനൊന്ന് സ്ത്രീകളാണ് ഗവര്‍ണര്‍ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. എന്നാല്‍ ഇതിനെയെല്ലാം ക്വോമോ നിഷേധിക്കുകയായിരുന്നു ഇതുവരെ. പിന്നീട് സ്വന്തം പാര്‍ട്ടിയില്‍ നിന്നുപോലും എതിര്‍പ്പുയര്‍ന്ന് സംഭവം ഇംപീച്ച്മെന്റ് നടപടികളിലേക്ക് കടന്നപ്പോഴാണ് രാജിക്ക് തയാറായത്. ഇതിന് പുറമേ ചില ഇന്റലിജന്‍സ് അന്വേഷണങ്ങളില്‍ ഇദ്ദേഹത്തിനെതിരെ ആരോപണത്തില്‍ കഴമ്പുള്ളതായി ഉണ്ടെന്ന രീതിയില്‍ വാര്‍ത്തകളും വന്നിരുന്നു.