ഒന്നര വയസ്സുള്ള കുട്ടിക്ക് വളര്‍ത്തുനായയുടെ കടിയേറ്റ് ദാരുണാന്ത്യം, പിതാവ് അറസ്റ്റില്‍

ഫ്‌ളാറ്റ്ബുഷ് (ബ്രുക്ക്‌ലിന്‍) : ഒന്നര വയസ്സുള്ള ആണ്‍കുട്ടി വീട്ടിലെ വളര്‍ത്തു നായയുടെ കടിയേറ്റ് കൊല്ലപ്പെട്ട കേസില്‍ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു . ആഗസ്റ്റ് 10 ചൊവ്വാഴ്ചയായിരുന്നു സംഭവം. 11 വയസ്സ്,  9 വയസ്സ്,  19 മാസം എന്നീ പ്രായമുള്ള കുട്ടികളെ വീട്ടില്‍ തനിച്ചാക്കിയാണ് പിതാവ് ജോലിക്ക് പോയതെന്ന് പോലീസ് പറയുന്നു.

പെട്ടെന്നായിരുന്നു വീട്ടിലുണ്ടായിരുന്ന നായ പ്രകോപിതയായത് ഒന്നരവയസ്സുള്ള കുട്ടിയുടെ തലയും കഴുത്തും മുഖവും നായ കടിച്ചു പറിക്കുകയായിരുന്നു. നായയുടെ ആക്രമണം കണ്ടു ഭയപ്പെട്ട മൂത്ത രണ്ടു കുട്ടികളും വീട്ടില്‍ നിന്നും പുറത്തേക്ക് ഓടിപ്പോയി. സമീപത്തെ ആളുകള്‍ വിവരമറിഞ്ഞു പോലീസിലറിയിച്ചു. പോലീസ് എത്തുമ്പോള്‍ രക്തത്തില്‍ കുളിച്ചു കിടക്കുകയായിരുന്നു കുട്ടി. ഉടനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വഴിയില്‍ വച്ച് മരണം സംഭവിക്കുകയായിരുന്നു.

വളര്‍ത്തുനായ ഇതിനു മുന്‍പ് ഈ വീട്ടിലെ 11 വയസ്സുകാരനെ ആക്രമിച്ചിരുന്നുവെങ്കിലും വിവരം മറച്ചു വെക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുട്ടിക്ക് നായയെ ഭയമായിരുന്നുവെന്നും പറയുന്നു.

സംഭവം നടക്കുമ്പോള്‍ പിതാവിന്റെ മാതാപിതാക്കള്‍ സ്ഥലത്തുണ്ടായിരുന്നില്ല. അവരായിരുന്നു കുട്ടികളെ നോക്കിയിരുന്നത്. കുട്ടികളുടെ മാതാപിതാക്കള്‍ വിവാഹബന്ധം വേര്‍പ്പെടുത്തിയിരുന്നതിനാല്‍ കുട്ടികളുടെ ഉത്തരവാദിത്വം പിതാവിനായിരുന്നു.

ഇത്തരത്തില്‍ 4.5 മില്യണ്‍ കേസുകളാണ് അമേരിക്കയില്‍ എല്ലാ വര്‍ഷവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. വളര്‍ത്തു നായകളാണെങ്കിലും എപ്പോള്‍ പ്രകോപിതരാകുമെന്ന് അറിയാത്തതിനാല്‍ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പോലീസ് പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍

Print Friendly, PDF & Email

Leave a Comment