ഭൂമിയിടപാട് കേസ്; മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയടക്കം ഭൂമി വില്പനയ്ക്ക് കൂട്ടുനിന്ന എല്ലാവരും വിചാരണ നേരിടണമെന്ന് ഹൈക്കോടതി

കൊച്ചി: സീറോ മലബാര്‍ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി സമര്‍പ്പിച്ച ആറ് ഹര്‍ജികളും ഹൈക്കോടതി തള്ളി. ആലഞ്ചേരിയടക്കം ഈ ഇടപാടിന് കൂട്ടുനിന്ന എല്ലാവരും വിചാരണ നേരിടണമെന്നും ഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു.

ജോര്‍ജ്ജ് ആലഞ്ചേരി വിചാരണ നേരിടണമെന്ന ജില്ലാ സെഷന്‍സ് കോടതിയുടെ ഉത്തരവിനെതിരെയാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. പെരുമ്പാവൂര്‍ സ്വദേശി ജോഷി വര്‍ഗീസായിരുന്നു കേസിലെ ഹര്‍ജിക്കാരന്‍. സെഷന്‍സ് കോടതിയുടെ ഉത്തരവ് ശരിവെച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ആലഞ്ചേരിക്ക് പുറമെ അതിരൂപതയുടെ മുന്‍ ഫിനാന്‍സ് ഓഫീസര്‍ ഫാ. ജോഷി പുതുവ, ഭൂമി വില്‍പനയിലെ ഇടനിലക്കാരനായിരുന്ന സാജു വര്‍ഗീസ് തുടങ്ങിയവരെല്ലാം വിചാരണ നേരിടണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.

കേസ് തൃക്കാക്കര മജിസ്‌ട്രേറ്റ് കോടതിയിലായിരുന്നു ആദ്യ വിചാരണ. ആലഞ്ചേരി ഉള്‍പ്പെടെയുള്ളവര്‍ വിചാരണയ്ക്ക് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സമന്‍സ് അയച്ചെങ്കിലും, അതിനെതിരെ ആലഞ്ചേരി എറണാകുളം സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കി. എന്നാല്‍, കോടതി അത് അനുവദിച്ചില്ല.

ഭൂമിയിടപാടില്‍ ക്രമക്കേടുകളുണ്ടെന്ന് നേരത്തെ കീഴ്‌കോടതികൾ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരായാണ് അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്. ആകെ എട്ടു കേസുകളുണ്ടെങ്കിലും തൃക്കാക്കര കോടതി സമന്‍സ് നല്‍കിയിട്ടുള്ളത് ആറു കേസുകളിലാണ്. ഇവ റദ്ദാക്കണമെന്നും വിചാരണ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ആലഞ്ചേരി ഹൈക്കോടതിയെ സമീപിച്ചത്. സഭാ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് നേരത്തെ ഇന്‍കംടാക്‌സിന്റെ റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. ഗുരുതര സാമ്പത്തിക ക്രമക്കേട് നടന്നു എന്നതുള്‍പ്പെടെയുള്ള പരാമര്‍ശങ്ങള്‍ ഈ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.

എറണാകുളം – അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയിലുള്ള കാക്കനാട്ട് 60 സെന്റ് ഭൂമി വിറ്റതിലൂടെ സഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നും സഭയുടെ വിവിധ കമ്മിറ്റികളുമായി ആലോചിക്കാതെയാണ് ഭൂമി ഇടപാട് നടത്തിയതെന്നുമാണ് കേസ്.

Print Friendly, PDF & Email

Leave a Comment