ന്യൂഡൽഹി: പാർലമെന്ററി വ്യാമോഹവും അധികാരത്തോടുള്ള ആർത്തിയും കേരളത്തിലെ സിപിഎമ്മിൽ വര്‍ദ്ധിച്ചുവരുന്നുവെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി റിപ്പോർട്ട്. മുസ്ലീം, ക്രിസ്ത്യൻ വിഭാഗങ്ങളിൽ നിന്നുള്ള കൂടുതൽ ആളുകളെ പാർട്ടി അംഗങ്ങളാക്കണമെന്നും കേരള സമൂഹം സിപിഎമ്മിനെ തിരസ്ക്കരിക്കുന്നത് ഗൗരവമായി കാണണമെന്നും റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര കമ്മിറ്റി തയ്യാറാക്കിയ തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിലാണ് വിമർശനങ്ങൾ അക്കമിട്ട് നിരത്തിയിരിക്കുന്നത്. മുസ്ലീം സമുദായം കൂടുതലുള്ള മേഖലകളിൽ പാര്‍ട്ടിക്കൊപ്പം വന്നവരെ അംഗങ്ങളാക്കി കൂടെ നിര്‍ത്തണമെന്നും, ക്രിസ്ത്യൻ സമുദായത്തിൽ നിന്നും കൂടുതൽ പേരെ റിക്രൂട്ട് ചെയ്യണമെന്നും നിർദേശിക്കുന്നുണ്ട്. കേരള കോണ്‍ഗ്രസും,എൽ.ജെ.ഡിയും ഇടതുപക്ഷത്തേക്ക് വന്നിട്ടും രണ്ട് ശതമാനത്തിൽ താഴെ വോട്ട് മാത്രമാണ് പാർട്ടിക്ക് നേടാനായത്. 2006ൽ വി.എസിന്റെ കാലത്തെ വോട്ട് വിഹിതം ഇത്തവണ കിട്ടിയില്ല എന്നും റിപ്പോർട്ടിൽ എടുത്ത് പറയുന്നു. ഇടതുപക്ഷത്തിന്റെ കോട്ടയായ കൊല്ലത്തെ വോട്ട് കുറഞ്ഞതിനെ കുറിച്ചും റിപ്പോർട്ടിൽ പറയുന്നുണ്ട്.
26 പേജുള്ള അവലോകന റിപ്പോർട്ടിൽ പാർലമെന്ററി വ്യതിയാനം, സ്ഥാനങ്ങളോടുള്ള അത്യാഗ്രഹം, വ്യാമോഹം എന്നിവ അവസാനിപ്പിക്കണമെന്ന് പറയുന്നുണ്ട്. രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ചുള്ള പ്രതിഷേധം പാർട്ടിയെ ബാധിച്ചു. ചില സ്ഥലങ്ങളിൽ വിഭാഗിയത പ്രകടമായി തെളിഞ്ഞത് പാർലമെൻററി വ്യാമോഹത്തിന്റെ തെളിവാണ്. ഇതിനെതിരെ അടിയന്തിര തിരുത്തലും തെറ്റ് തിരുത്താനുള്ള പ്രചാരണവും വേണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു.
അധികാരത്തിലിരിക്കുന്നവരുടെ ധാർഷ്ട്യവും അഴിമതിയും തടയാൻ പാർട്ടി ജാഗ്രത പാലിക്കേണ്ടതുണ്ട്. തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് വേണ്ടത്ര പ്രാതിനിധ്യം ഉറപ്പാക്കാൻ പാർട്ടിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും കേന്ദ്ര കമ്മിറ്റി വിലയിരുത്തി. സ്ത്രീധനത്തിന്റെ പേരിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും കൊലപാതകങ്ങളും കേരളം വലത്തോട്ട് തിരിയുന്നതിന്റെ സൂചനകളാണ്. ഇത് തടയാൻ പാർട്ടിക്ക് കഴിയണം. പശ്ചിമ ബംഗാളിൽ കോൺഗ്രസുമായി സീറ്റ് ധാരണയിലെത്താൻ തീരുമാനിച്ചു. അതിനെ ഒരു മുന്നണിയാക്കി മാറ്റിയത് വലിയ തെറ്റാണെന്നും കേന്ദ്ര കമ്മിറ്റി കുറ്റപ്പെടുത്തി.