ഇതിഹാസങ്ങളുടെ ഇതിവൃത്തവും വ്യാഖ്യാന പരിമിതികളും: സുരേന്ദ്രൻ നായർ

ഭൗതിക ജീവിതത്തിന്റെ പറുദീസകൾ സ്വപ്നം കണ്ടു അമേരിക്കയിലെത്തിയ മലയാളികൾ ലോകത്തിലെ ഇതര രാജ്യങ്ങളിലുള്ള പ്രവാസികളെക്കാളും സാമ്പത്തികമായി മുന്നിൽ നിൽക്കുന്നവരാണ്. ജന്മനാട്ടിൽ ഉണ്ടാകുന്ന എല്ലാ ദുരന്തങ്ങളിലും പരാധിനതകളിലും അവർ കൈത്താങ്ങാകുകയും സഹായഹസ്തങ്ങൾ നീട്ടുകയും ചെയ്യുന്നത് മഹത്തായ മാതൃകയുമാണ്. ജാതിമത ഭേദമന്യേ എല്ലാ മലയാളികളും ഒത്തുചേരുന്ന സംഘടനകളും മത രാഷ്ട്രീയ സാമുദായിക കൂട്ടായ്മകളും ഉൾപ്പെടെ ഇക്കാര്യത്തിൽ പരസ്പരം മത്സരിക്കാറുമുണ്ട്.

വലിയൊരു വിഭാഗം പ്രവാസികൾ ഇങ്ങനെ ജീവകാരുണ്യ തത്പരരും സാമൂഹ്യ സൗഹൃദരും ആകുമ്പോൾ താരതമ്യേന എണ്ണത്തിൽ കുറവായ മറ്റൊരു വിഭാഗം തികഞ്ഞ ഗൃഹാതുരത്വത്തോടെ സാഹിത്യ കലാ സാംസ്‌കാരിക രംഗങ്ങളിൽ വ്യാപരിക്കുന്നു. കലാരംഗത്തു കാലുറപ്പിച്ചിട്ടുള്ള പലരും പാരമ്പരാഗതമായതോ ആർജ്ജിച്ചെടുത്തതോ ആയ വാസനകൾ കൊണ്ട് അതാതു മേഖലകളിൽ പ്രശസ്തരാകുകയും ചിലപ്പോഴെങ്കിലും ജന്മനാടിനെപ്പോലും അതിശയിപ്പിക്കാറുമുണ്ട്.

സാംസ്‌കാരിക സാഹിത്യ രംഗത്തേക്ക് സജീവമാകുന്ന പലരും അതിജീവനം ഉറപ്പാക്കിയവരും ജീവിതത്തിന്റെ അർദ്ധ പകുതി പിന്നിട്ടവരുമാണ്. സാമ്പത്തിക ലാഭം തീരെയില്ലാത്ത ഈ മേഖലയിൽ ഇവർ ലക്ഷ്യമിടുന്നത് അൽപ്പം ആത്മസംതൃപ്തിയും അതിലേറെ പൊതുജന ശ്രദ്ധയും അംഗീകാരവുമാണ്. ലോകോത്തര നിലവാരമുള്ള അമേരിക്കൻ സർവകലാശാലകളിലും ഗവേഷണ സ്ഥാപനങ്ങളിലും ശ്രദ്ധേയ സംഭാവനകൾ നൽകിയിട്ടുള്ള പലർക്കും ഇത്തരം ജനപ്രീതി ആഗ്രഹമില്ലാത്തതിനാൽ അകന്നുനിൽക്കുകയും ചെയ്യുന്നു. അതിവേഗം ശ്രദ്ധ പിടിച്ചുപറ്റി പ്രശസ്തരാകാനുള്ള മേല്പറഞ്ഞ വിഭാഗക്കാരുടെ തള്ളിക്കയറ്റത്തിനിടയിലും യശോ ശോഭയോടെ വേറിട്ടു നിൽക്കുന്ന മലയാളി നാമങ്ങൾ ഉണ്ടെന്നുള്ളത് അഭിമാനകരമാണ്. നിരന്തരമായ സാഹിതിസേവ കൊണ്ട് പ്രവാസ സാഹിത്യ ലോകത്തു ലബ്ധ പ്രതിഷ്ഠ നേടിയ ചില എഴുത്തുകാരും അമേരിക്കയിലുണ്ട്.

എഴുത്തുകാർ എന്ന പൊതുപ്രയോഗത്തിൽ സാഹിത്യകാരന്മാരോടൊപ്പം പത്രറിപ്പോർട്ടർമാരും പലപ്പോഴും കടന്നുവരാറുണ്ട്. വിശ്വോത്തര സാഹിത്യകാരനായിരുന്ന മാർക്കേസിനെപ്പോലെ അനേകം പേർ പത്ര റിപ്പോർട്ടർമാരിൽനിന്നു സാഹിത്യ മേഖലയിലെത്തി പ്രതിഭ തെളിയിച്ചിട്ടുള്ളത് ഇവിടെ മറക്കുന്നില്ല. ഒരു സാഹിത്യകാരന്റെയും റിപ്പോർട്ടറുടെയും ധർമ്മങ്ങൾ വ്യത്യസ്തമാണ്. കാണുന്ന സംഭവങ്ങളുടെ വസ്തുനിഷ്ഠമായ വിവരണമാണ് റിപ്പോർട്ടറുടേത്. വിശ്വാസങ്ങൾക്കും വസ്തുതകൾക്കും പ്രഥമ പരിഗണന ലഭിക്കേണ്ട അവിടെ അയാളുടെ ഭാവനകൾക്കും നിറംപിടിപ്പിക്കലുകൾക്കും സ്ഥാനമില്ല. എന്നാൽ സർഗാത്മകത സ്വായത്തമായുള്ള ഒരു സാഹിത്യകാരൻ താൻ കാണുന്ന ഓരോ കാഴ്ചയിലും മറ്റാരും കാണാത്ത ഭാവനയുടെ വർണ്ണരാജികളും രസാനുഭൂതിയും അനുഭവിക്കുന്നു. ആ അനുഭവങ്ങൾ അനുയോജ്യമായ പദവിന്യാസങ്ങളിലൂടെ വായനക്കാരിലെത്തിക്കുമ്പോളാണ് സാഹിത്യം ജന്മം കൊള്ളുന്നത്. സാഹിത്യ സൃഷ്ടിയിൽ വസ്തുതകൾക്ക് എഴുത്തുകാരൻ പകർന്നു നൽകുന്ന കാൽപ്പനിക സൗന്ദര്യമാണ് ആകർഷകത്വം. പുലർവേളയിൽ സൗരഭ്യം പടർത്തി വിടർന്നു നിൽക്കുന്ന പുഷ്പത്തെ കണ്ട കുമാരനാശാൻ അതിന്റെ അല്പമായ ആയുസ്സിനെ ഒരു ഖണ്ഡകാവ്യത്തിന്റെ പ്രമേയമാക്കിയതും ആത്മഹത്യ ചെയ്ത കൊച്ചു സീതക്കു പ്രത്യാശ ആകുമായിരുന്ന അനന്തമായ ആകാശത്തിലെ അരുന്ധതിയുടെ തേജസ്സിനെ ഓർമ്മിപ്പിച്ചു കവിതയെഴുതിയ വള്ളത്തോളും അത്തരം ഭാവനകളുടെ മകുടോദാഹരണങ്ങളാണ്.

സൗന്ദര്യ ദർശനമില്ലാത്ത സാഹിത്യകാരന്മാരും സത്യസന്ധതയില്ലാത്ത റിപ്പോർട്ടർമാരും ചേർന്ന് രൂപംകൊണ്ടിരിക്കുന്ന ഒരു ഉപജാപക സംഘമാണ് ഇന്നത്തെ പ്രധാന വെല്ലുവിളി. ഗൂഢമായ ചില അജണ്ടകളുടെ ഭാഗമായി പെട്ടെന്നുള്ള ജനശ്രദ്ധ നേടുവാൻ രാമായണം പോലുള്ള ലോക ക്ലാസ്സിക്കുകളെ കടന്നാക്രമിക്കാനുള്ള ഒരു വ്യഗ്രതയിലാണ് ഇത്തരക്കാർ ഇന്ന് ചെന്നു പെട്ടിരിക്കുന്നത്. വിഷയ ദാരിദ്ര്യവും വിഭവങ്ങളുടെ അപര്യാപ്തിയും നേരിടുന്ന ഇവർ ഇതിലൂടെ കൂടുതൽ അപഹാസ്യരാകുകയാണ്. പുരാണേതിഹാസങ്ങളെ വിഷയമാക്കുമ്പോൾ വരികളുടെ അർത്ഥതലങ്ങൾ അനാവരണം ചെയ്യാൻ സ്വന്തം ഭാഷാ പരിമിതികളും വരമൊഴികളിലുണ്ടായ ലിപിമാറ്റങ്ങളെ സംബന്ധിച്ച അജ്ഞതയും ഇവരെ പ്രതിരോധത്തിലാക്കുന്നു. മഹാഭാരതം എന്ന ഇതിഹാസത്തെ നിരൂപണം ചെയ്യാൻ ശ്രമിച്ച കുട്ടിക്കൃഷ്ണ മാരാർ ഉറപ്പിച്ചു നൽകുന്ന ഒരു ഉപദേശമുണ്ട്. ലോകക്ലാസ്സിക്കുകൾക്കു വ്യാഖ്യാനം ചമയ്ക്കണമെങ്കിൽ ഉള്ളടക്കത്തിലെ ഓരോ ഭാഷാ പ്രയോഗങ്ങളുടെയും പ്രത്യക്ഷമായതും പരോക്ഷമായതുമായ അർത്ഥം മാത്രമറിഞ്ഞാൽ മതിയാകില്ല, പ്രശ്ചന്നമായ അന്തരാർത്ഥം കുടി എഴുത്തുകാരൻ ഹൃദിസ്ഥമാക്കിയിരിക്കണം. ശാസ്ത്ര ഗ്രന്ഥങ്ങളുടെ അർത്ഥം സ്ഥൂലമല്ല സൂക്ഷ്മമാണ്. സൂക്ഷ്മമാകട്ടെ പ്രശ്ചന്നവുമാണ് ( ഒളിഞ്ഞിരിക്കുന്നത്).

മ പ്രസിദ്ധികരണങ്ങളിലെ പൈങ്കിളി സാഹിത്യം പകരുന്ന പദസമ്പത്തിന്റെ അകമ്പടിയോടെ വാല്‌മീകിയെയും വ്യാസനെയും ഹോമറേയും സമീപിക്കാൻ പോയാൽ പാറയിൽ കടിച്ചു പല്ലു കളയുന്ന ദുസ്ഥിതിയായിരിക്കും ഫലം.

ഭാരതീയ മഹാകാവ്യങ്ങളിൽ കാണുന്നത് ശബ്ദത്തിന്റെയും അർത്ഥത്തിന്റെയും മഹാ സംയോജനമാണ്. വ്യാകരണ നിപുണന്മാർ ശബ്ദത്തെ നാദമെന്നും അർത്ഥത്തെ ഭാവമെന്നും വിളിക്കുന്നു. ശബ്ദാർത്ഥങ്ങളുടെ കൂടിച്ചേരലാണ് പ്രതിഷ്ഠിതമായ വേദ സാഹിത്യവും പുരാണേതിഹാസങ്ങളും. അത് തന്നെയാണ് സർവ്വ മതങ്ങളുടെയും സാരാംശവും.

Print Friendly, PDF & Email

Related posts

Leave a Comment